Thursday, 12 May 2016

കാലത്തിന്റെ കാൽപ്പനികത കൈയൊപ്പു ചാർത്തിയതായിരുന്നു ഓരോ ബാല്യവും.. മനസും പ്രവർത്തിയും നിഷ്കളങ്കത ചൂടിയ ആ നല്ല നാളുകൾ.  ക്ഷണിക വികാരങ്ങളും ദ്രുത ചലനവുമായി എത്ര വേഗമാണത് അടർന്നു വീണത്. ദിനരാത്രങ്ങൾ യാഗാശ്വത്തിന്റെ വേഗത കൈവരിച്ചപ്പോൾ ...കൂടെ കൊണ്ടുപോകാൻ മറന്നുപോയ എത്രയോ നല്ല മുഹൂർത്തങ്ങൾ.  കിതപ്പും കുതിപ്പും നടത്തിയ യൗവനത്തിന്റെ മാസ്മരികതയിൽ ...എന്നോ കൈമോശം വന്ന ആ നല്ല നാളുകൾ.  ഇന്നിപ്പോ കിതപ്പടങ്ങി, കുതിപ്പിനും വേഗപ്പൂട്ടു വീണു.  തിരിഞ്ഞൊന്നു കൈയെത്തി പിടിക്കാൻ ആ ബാല്യകാലത്തിന്റെ ഓർമ്മകൾ... ഈ ഓർമ്മത്തണലിൽ ...ഗൃ ഹാതുര സ്മരണകളുണർത്തി ....അതും സുഖമുള്ള  ഒരു വികാരം.


Wednesday, 11 May 2016

വെയിലിൻ ചൂടേറ്റു വാടിയ നാമ്പുകൾ 
വേനൽ മഴയിൽ തളിർത്തു വന്നു...
വേദന നാമ്പിട്ട വിജനമാം വീഥിയിൽ 
മിഴി പൂട്ടിയെന്നെ കാത്തുനിന്നു 
എന്റെ മുറിവിൽ കണ്ണീരുപ്പു ചേർത്തു .

എന്നോ കൈവിട്ടു പോയൊരാ സൗഭാഗ്യ 
നാളുകൾ വീണ്ടും ജനിച്ചു... 
എനിക്കായവയൊക്കെ പുനർജനിച്ചു!!
പ്രജ്ഞയിൽ സ്വപ്നം വീണ്ടും പൂത്തുലഞ്ഞു!!!

നിനക്കിനിയെന്റെ കൈത്താങ്ങു വേണ്ട 
ഇനിയെന്റെ പ്രാർത്ഥനവേണ്ട 
കാലം കലിതീർത്ത കാട്ടാറു പോലെ നീ 
നിർവികാരത്വം പുണർന്ന നേരം 
ചിതലരിച്ചടർന്നൊരെൻ ചിന്തകളൊക്കെയും 
ബന്ധന മുക്തയായ് തീർന്നു ...
സ്വതന്ത്രയായ്.... വാനിന്നപാരത പുൽകീ!!!