Saturday, 28 November 2015

നിന്റെ ജീവിതം പടുത്തുയർത്താനുള്ള അടിത്തറ മാത്രമായിരുന്നു ഞാൻ...നീ പടുത്തുയർത്തിയ മണി സൗധം എന്നെ ഞരിച്ചമർത്തിക്കൊണ്ടെയിരുന്നു. നിന്റെ സന്തോഷത്തിനു വേണ്ടി ആ വേദനകൾ ഞാൻ സഹിച്ചുകൊണ്ടിരുന്നു. നിന്റെ രക്തത്തിൽ കുട്ടികളെ നിർമ്മിക്കാനുള്ള ഒരുപകരണം മാത്രമായിരുന്നു ഞാൻ. രാവിന്റെ ഏകാന്തതയിൽ ഞെരിഞ്ഞൊടുങ്ങുന്ന തേങ്ങലുകൾക്കൊടുവിൽ ചാലിട്ടൊഴുകുന്ന കണ്ണീർ കാണാതെ പുറംതിരിഞ്ഞു കിടക്കുന്ന നേർരേഖപോലെ.
സ്വാർത്ഥതക്കുവേണ്ടി നീയെന്നെയൊടുവിൽ ചില്ല് കൂട് പണിതു പൂമാല ചാർത്തി അതിനുള്ളിലാക്കി. ഒരു കല്ലുപതിച്ചാൽ അടർന്നു പോകുമെന്നറിഞ്ഞിട്ടും.  അതിനുള്ളിൽ ജീവവായു തിരഞ്ഞു ഞാൻ നിലവിളിച്ചതൊന്നും നീ കേട്ടില്ല....യാചനയുടെ കണ്ണുനീരോ ദാഹാർത്തമായ ചുണ്ടുകളോ നീ കണ്ടില്ല.... ജീവച്ഛവമെങ്കിലും നിനക്കെന്നെ വേണമായിരുന്നു..നീയെന്ന സൗധത്തിന്റെ അടിത്തറയായി ഞെരിഞ്ഞമരാൻ... ആഞ്ഞടിച്ച കൊടുങ്കാറ്റിൽ....ആർത്തിരമ്പിയ മഴയിൽ പൊട്ടിയടർന്ന ചില്ലുകൂട്ടിൽ ഒലിച്ചിറങ്ങിയ ജീവജലം ....തള്ളിക്കയറി വന്ന ജീവവായു.... എവിടെക്കെന്നറിയാതെ ഓടുകയായിരുന്നു..ഓടിത്തളർന്നെത്തിയ  പാഴ് ഭൂമിയിൽ കണ്ട പാതിയും കരിഞ്ഞ മരച്ചില്ലയിൽ താഴെ വീണു കിടക്കുന്ന കരിയിലകളും ഉണങ്ങിയൊടിഞ്ഞ ചില്ലകളും പെറുക്കി കൂട്ടി മനസുകൊണ്ട് ഞാൻ തീർത്ത ഈ മാടം...അതിനു മുകളിൽ നിന്റെ അവസാന പ്രതികാരാഗ്നിയും പതിപ്പിച്ചു ചാമ്പലാക്കും മുൻപ് ...ഈ യാചനയെങ്കിലും ഒന്ന് കേട്ടെങ്കിൽ....ഈ ചില്ലയിൽ ആരോരുമറിയാതെ ഞാനീ ശോകഗാനം പാടി തീർക്കാനായെങ്കിലും എന്റെയീ മനസെങ്കിലും എനിക്കായി തന്നുകൂടെ നിനക്ക്   

Thursday, 26 November 2015

നാവിൽ നോവു തൊട്ടു തന്നതൊക്കെയും 

പദമൊപ്പിച്ചു പാടി ഞാൻ .....


നോവറിയാ മനസിലൊരാർദ്രഗാനമസാധ്യമാം

വിഷാദ ശ്രുതിയിലെങ്കിലും.

 മധുര സ്മ്രുതിയിലലിയുമെൻ നിതാന്ത ചിന്തകളൊക്കെയും 


അനുവാചകന്റെ മനസിലെ അനന്തസീമയെ കൈതൊടാ 


ഇനിയുമെത്രയഗാധമാം....നോവിൻ തുരുത്തിലകപ്പെടാം 


മുൾപ്പടർപ്പിൽ കൊരുത്തിടും ഹൃദയ വേദനയൊക്കെയും 


 കൈ കുമ്പിളിൽ കോരിയെടുത്തു ഞാൻ 


പവിഴങ്ങളായ്, നറുപുഷ്പമായ്


മാല കോർത്തണിയിക്കട്ടെയോ 


 ഹേതുവായ നിൻ മാറിലായ് .  










 കറുപ്പായിരുന്നു നിന്റെ നൊമ്പരം 
കറുപ്പിനഴക് ഏഴെന്നു ചിലർ നിന്നെ പുകഴ്ത്തി 
എന്നിട്ടും വെളുപ്പിനെ എന്നപോലെ കറുപ്പും നീ വെറുത്തു...
വെളുപ്പിനുള്ളിലെ കാർമേഘങ്ങൾ പലപ്പോഴും നിന്നിൽ കൂടുതൻ ഇരുട്ട് നിറച്ചു.
പാൽചിരിക്കു പിന്നിലെ ദ്രംഷ്ടകൾ നിന്നെ ഭയചിത്തനാക്കി.
ഓടിയൊളിക്കാൻ ഇടം കാണാതെ കാലിടറി വീണു പോയതൊക്കെയും 
വെളുപ്പെന്ന ശാപം കിട്ടിയ ഈ മനസിലേക്കായിരുന്നു.
വാരിയെടുത്ത് ഹൃദയത്തിലിരുത്തിയിട്ടും 
ഈ വെളുപ്പിനുള്ളിലെ നന്മ കാണാതെ 
നിന്നിലെ കരി കലി തുള്ളിക്കൊണ്ടേയിരുന്നു!!!!  



 

ഇന്നെന്റെ എഴുത്ത് നിന്നെക്കുറിച്ചാകട്ടെ
സുന്ദരമോ വിരൂപമോ എന്നറിയില്ല...
നീ ആരെന്നു ഞാൻ നോക്കിയില്ല.  ആണോ പെണ്ണോ ആകട്ടെ . അത് നമുക്കിടയിൽ വിടവല്ല 
പണ്ഡിതനോ പാമരനോ...ഇല്ല....പണ്ഡിതൻ തന്നെ 
അതാണല്ലോ എന്റെ മനസിലൊന്നുടക്കിയത്.
ഒരിക്കൽ പോലും ഇൻബോക്സിൽ വന്ന്  എന്നിൽ വിരസത വിളയിച്ചില്ല.
അലോസരപ്പെടുത്തുന്ന ഒരുവാക്കുപോലും ഉണ്ടായില്ല. 
എഴുത്തിലെവിടെയോ ഒരു വിളക്കിച്ചേർക്കൽ അനുഭവപ്പെട്ടിരുന്നു. പട്ടണ ത്തിരക്കിലോ...വിദൂര ഗ്രാമത്തിലോ... കാണാമറയത്തിരുന്ന് തൊട്ടടുത്ത് ....എഴുത്തിന്റെ ആത്മസ്പർശം...അതനുഭവഭേദ്യമായിരുന്നു.....ഹൃദയങ്ങൾ തമ്മിലുള്ള ഈ ഇഴയടുപ്പം എത്രകാലം സൂക്ഷിക്കാൻ കഴിയുമെനിക്ക്? അറിയില്ല....കഴിയുന്നിടത്തോളം നിന്റെ വരികൾ ഞാനെന്റെ നെഞ്ചോടു ചേർത്തുവെക്കും.  കാരണം....ഞാനെഴുതാൻ കൊതിച്ചവയായിരുന്നു അവയൊക്കെയും. എന്തൊക്കെയോ കാരണങ്ങൾകൊണ്ട് എനിക്കെഴുതാൻ കഴിയാതെപോയ എന്റെ മനസ്.... അതിനിയും നിന്നിലൂടെ പുനർജനിക്കുന്നതും കാത്ത് ....ആത്മ സംതൃപ്തിയോടെ നിനക്കറിയാത്ത നിന്റെ സുഹൃത്ത്    
   

Sunday, 22 November 2015

               അമ്മ, ഭാര്യ, നാല് മക്കൾ...
               പിന്നെയുമുണ്ട് അംഗ സംഖ്യ..പട്ടി, പൂച്ചകൾ, പശു, ആട്  തുടങ്ങിയവ...
                ഇനിയുമുണ്ട്....
                സുഖാന്വേഷണത്തോടെ എന്നും നാട്ടുമാവിൽ ചുറ്റി പിണഞ്ഞു കയറിയ നാടൻ വെറ്റില നുള്ളാൻ വരുന്ന കുഞ്ഞേച്ചിക്ക് .....'മോര് കടഞ്ഞെങ്കിൽ കുറച്ചിങ്ങു താ അവിടെ ചോറ് വിളമ്പി' എന്ന് പറഞ്ഞു തിടുക്കം കൂട്ടുന്ന വല്ല്യേച്ചിക്ക് ....തന്നെ പോലെ തന്നെ ചേറിൽ പണിത് സന്ധ്യക്ക്‌ കുളിയും കഴിഞ്ഞു റേഡിയോയിൽ വാർത്ത കേൾക്കാനായി ഉമ്മറത്തെത്തുന്ന ഏട്ടന്....
എല്ലാവർക്കും തൃപ്തി യോടെ അന്നം വിളമ്പാൻ ചോര നീരാക്കുന്നുണ്ടായിരുന്നു യാതൊരു പരാതിയുമില്ലാതെ അച്ഛൻ.
               സ്വത്ത് വീതം വെച്ചപ്പോൾ തറവാട് ഇളയവനായ അച്ഛനു കിട്ടി..സ്ഥലങ്ങളെല്ലാം തുല്യമായി വീതിച്ചു. വീതം വാങ്ങി പോയവരും ഭക്ഷണ സമയത്ത് പലപ്പോഴും തറവാട്ടിൽ തന്നെയായിരുന്നു.
              മുത്തശ്ശിക്ക് സന്തോഷത്തിന്റെ നാളുകൾ തന്നെയായിരുന്നു. മക്കളെല്ലാം അടുത്ത്. ഓണവും വിഷുവും, തിരുവാതിരയുമെല്ലാം തറവാട്ടിൽ എല്ലാവരുമൊത്തുകൂടുമ്പോൾ ഒന്നിനും ഒരു കുറവും വരുത്തിയില്ല അച്ഛൻ. മിച്ചമൊന്നുമുണ്ടായില്ലെങ്കിലും.
                 പഠിത്തം ഉണ്ടായിട്ടും ജോലികിട്ടാതെ അച്ഛനെ സഹായിക്കേണ്ടിവന്ന ഏട്ടൻ. പഠിക്കുന്ന അനിയൻ. വിവാഹ പ്രായമെത്തിയ ചേച്ചി..പിന്നെ കോളേജിൽ പോകുന്ന താനും.
                 ചേച്ചിയുടെ വിവാഹത്തോടെയാണ് അസ്വസ്ഥതകൾ പുറത്തു വന്നത്. ആരും സഹായിച്ചില്ലെന്നു മാത്രമല്ല....മുത്തശിയുടെ കാശി മാലയും ഏലസ്സും ഏട്ടന്റെ മകളുടെ വിവാഹത്തിനു പുതുക്കി പണിതു...പിന്നെയുള്ള മൂന്നു വളകൾ ഓരോ നിവൃത്തികേടു പറഞ്ഞു രണ്ടു പെങ്ങൻമാരും കൈക്കലാക്കി. ഇപ്പൊ കഴുത്തിൽ ഒരു നൂൽ തൂക്കം പൊന്നുണ്ട്.
                മുത്തശ്ശിക്കും പിന്നീടത്‌ സങ്കടമായിരുന്നു.  വീടും പറമ്പും ഈടുവെച്ചു  ചേച്ചിയുടെ വിവാഹവും ഏട്ടനൊരു ബിസിനസ്സിനുള്ള വകയുമായി. ഇനിയൊന്നും കിട്ടാനില്ലെന്നു കണ്ടതോടെ കൂടപ്പിറപ്പുകൾ പതുക്കെ പിൻവാങ്ങി തുടങ്ങി.
                മുത്തശ്ശിയുടെ മരണം...പലിശ കേറി വരുന്ന കടത്തിന്റെ ചിന്തകൾ...വിശ്രമമില്ലാത്ത അധ്വാനം.. അച്ഛനെ ഒരു നിത്യ രോഗിയാക്കുമെന്നു ഭയന്നാണ് അമ്മ വാശി പിടിച്ചത്.
                 'വീടും പറമ്പും വച്ചു ബാക്കി വിറ്റ് കടം തീർക്കാം.  സീമയുടെ വിവാഹവും.  പിന്നെ അജയൻ....അവനൊരാണല്ലെ...മതി ഈ അലച്ചിൽ'.
                   ഒരു പരാതിയുമില്ലാതെ എന്നും താങ്ങും തണലുമായിരുന്നവൾ...പാതി രാവിലെപ്പോഴോ പണിയൊതുക്കി തന്റെ പുതപ്പിനോരം ചേർന്ന് കിടന്ന്  ഏഴര പുലർച്ചെ എഴുന്നേറ്റ് വീണ്ടും പഴയ തിരക്കിലേക്ക്. അവൾക്കു വരുന്ന അസുഖങ്ങൾ പോലും  അവളോ താനോ ശ്രദ്ധിക്കാറില്ല.  അതിനു നേരമില്ല എന്നതാണ് സത്യം.
                  അജയന്റെ പഠനത്തിനുള്ള പൈസ മിച്ചം വന്നിരുന്നു...ദൈവാനുഗ്രഹമെന്നോണം അകലെയെങ്കിലും നല്ലൊരു ജോലിയുമായി. ബിസിനസ് തിരക്കിൽ മൂത്ത മകനും ടൗണിലേക്ക് താമസം മാറ്റി. ചേച്ചി ആദ്യമേ അധികം വീട്ടിൽ വരാറില്ല. ലീവ് ദിവസങ്ങളിൽ വല്ലപ്പോഴും വന്നു പോകുന്ന താനാണ് അവർക്ക് ആകെയൊരാശ്വാസം. ഇരുട്ടും മുൻപ് വീടെത്തണമെന്നാണ് ഭർത്താവിന്റെ താക്കീത് .
                      അമ്മയുടെ രോഗം ആദ്യമൊന്നും ആരേയും അറിയിച്ചില്ല. ചികിത്സിച്ചു ഭേദമാക്കാൻ പറ്റാത്ത വിധമായപ്പോഴാണ് എല്ലാവരുമറിയുന്നത്‌. അറിഞ്ഞിട്ടെന്തു കാര്യം? നോക്കാൻ ആർക്കാണ് നേരം?
                   താൻ വരുമ്പോഴൊക്കെ ഉള്ളിൽ കരഞ്ഞുകൊണ്ട്‌..... ഓരോ കഥകൾ പറഞ്ഞു പൊട്ടിച്ചിരിച്ചു  അമ്മക്ക് പൊടിയരികഞ്ഞിയും മുത്താറി കുറുക്കും കോരി കൊടുക്കുന്ന അച്ഛനെയാണ് കാണാറ്.  വെളുപ്പിനെഴുന്നേറ്റു അമ്മയുടെ തുണിയലക്കിയും, പാത്രം കഴുകിയും, ഭക്ഷണം വച്ചും ഒരു പരാതിയുമില്ലാതെ... തന്നെ കണ്ടാൽ മാത്രം ഒന്ന് പുറത്തിറങ്ങും. മുടി വെട്ടാനും മറ്റുമായി. പിന്നെ ഏതു നേരവും അമ്മയുടെ പരിചരണത്തിലാണ്.
                    അച്ഛനെന്നും ഒരു പ്രാർത്ഥനയെ ഉണ്ടായിരുന്നുള്ളൂ....രോഗിയെങ്കിലും താൻ മരിക്കും വരെ ഇങ്ങനെ അവളെ കട്ടിലിൽ കണ്ടോണ്ടിരിക്കണമെന്ന്.  പക്ഷെ..... അത് ദൈവം കേട്ടില്ല.
ഇന്നച്ഛൻ ഊഴം കാത്ത് ഓരോ മക്കളുടെ വീട്ടിലാണ്. ദിവസം തികയും മുൻപേ ചോദ്യം വരും. നാളെ അച്ഛൻ അവിടെ ആണല്ലോ എന്ന്....
                  വിഷമം പുറത്തു കാട്ടാതെ പുഞ്ചിരിക്കും. 'ഉം...നാളെ പോകണം'
ഈ അലച്ചിൽ വയ്യ...ശ്വാസം മുട്ടും ഉറക്കമില്ലായ്മയും അവർക്കൊക്കെ ആലോസരമാണ്.  ഇനി പോകേണ്ടത് അവളുടെ അടുത്തേക്കായിരുന്നു ....പക്ഷേ ....
                    നാളെ കൊണ്ടുപോകാനുള്ള ബാഗിൽ പതിവുപോലെ അവളുടെ ഫോട്ടോ മാത്രം എടുത്തുവെച്ചു.


 
 
  

Saturday, 21 November 2015

അമ്മതൻ വാത്സല്യമേറ്റു വാങ്ങാൻ
അമ്മത്തണലിൽ കിടന്നുറങ്ങാൻ
അമ്മിഞ്ഞപ്പാലിൻ മധു നുകരാൻ
ആ മടിത്തട്ടിലിരുന്നു കൊഞ്ചാൻ.
ഇന്നും കൊതിച്ചു പോകുന്നു ഞാനീ
കുഞ്ഞിന്റെയമ്മയെന്നോർത്തിടാതെ
അകലെയങ്ങാകാശ മാറിലിരുന്നു നീ
നക്ഷത്ര കണ്ണു ചിമ്മിക്കളിക്കെ
ഇക്കുഞ്ഞിനൊപ്പം ഞാനുമമ്മേ ...
നിന്റെ മാറിന്റെ ചൂടു തേടുന്നു സദാ...


  

Friday, 20 November 2015

ഇടനെഞ്ചു തേങ്ങിപ്പിടയുന്ന നേരം
മിഴിമുന്നിൽ കാണുവാൻ മോഹം
നിറമിഴി രണ്ടിലും കതിരിടും കനവിന്റെ
പടിമെല്ലെ ചാരുവാൻ മോഹം.
ഇറയത്തായൊഴുകുമാ മഴവെള്ള പാച്ചിലിൽ
കളിവള്ളം തുഴയെറിഞ്ഞൊഴുക്കീ
കുതികൊണ്ട മോദത്തിൻ വാടാമലരുകൾ
അതിരില്ലാക്കടലിലേക്കൊഴുകീ
തളിരിടും നെല്ലിന്റെ കതിർകൊത്തി പായുന്ന
കിളികൾക്ക് കോലം വരയ്ക്കാൻ
പാടവരമ്പിലെ ആമാട കോട്ടയിൽ
കൈവിരൽ കൈകോർത്തിരിക്കെ
തുടികൊട്ടും മനസിന്റെ മാന്ത്രികച്ചില്ലയിൽ
അറിയാതെൻ പ്രണയം തളിർക്കെ
കുളിർകോരി മിഴി കൂമ്പി നിൽക്കുന്ന മാത്രയിൽ
നെറ്റിയിലധരം പതിക്കേ
സ്വരുക്കൂട്ടി വച്ചൊരാ കനവുകളെല്ലാം
ആകാശ ചിറകിൽ പറക്കെ
എങ്ങുനിന്നോ വന്നൊരുൽക്കയായ് വീണിട്ടെൻ
സ്വപ്നത്തിൽ ഗർത്തം ചമയ്ക്കേ
ഇന്നിടനെഞ്ചു തേങ്ങിപ്പിടയുന്ന നേരം
മിഴിമുന്നിൽ കാണുവാൻ മോഹം
നിറമിഴി രണ്ടിലും കതിരിടും കനവിന്റെ
പടിമെല്ലെ ചാരുവാൻ മോഹം
   

Wednesday, 18 November 2015

(ഇന്നലെ  റോഡപകടത്തിൽ ആരും നോക്കാതെ മരണത്തിനു കീഴടങ്ങേണ്ടി വന്ന ഹതഭാഗ്യരായ ദമ്പതിമാർക്ക് അശ്രുപൂജകളോടെ )

മനുഷ്യത്വം  മരവിച്ചു പോയിയെന്നോ?
മനസാക്ഷി ചങ്ങല കൂട്ടിലെന്നോ
എന്തു നാം കാണുന്നു കേൾക്കുന്നു ഹാ!!!സദാ
ദയയെന്ന വികാരം മരിച്ചു പോയോ?
അന്നൊരു പത്മതീർത്ഥക്കുളമെങ്കിലോ
ഇന്നീ നടുറോഡു  കൂത്തരങ്ങ്...
രക്തം ചിതറിക്കിടക്കുമാ ജീവനെ
ഒന്നെടുത്താ നെഞ്ചോടു ചേർത്തിടാതെ
ഒന്നിനുമല്ലാതെ എന്തിനോ ആയിട്ടാ
ജീവൻ പൊലിയാതെ നോക്കിടാതെ
ചുറ്റിലും നിന്നവർ ജാള്യതയില്ലാതെ
കഷ്ടമേ മത്സരം...ഫ്ലാഷ് മിന്നീ...
ലൈവായി എഫ് ബിയിൽ വട്സാപ്പിലങ്ങനെ
വൈറലായ് ജീവൻ പൊലിഞ്ഞു തീർന്നു.
ഒരായിരം വട്ടം പറഞ്ഞിരിക്കാം
കാലിൽ പിടിച്ചു കരഞ്ഞിരിക്കാം
വേരറ്റു പോകും മുന്നെയീ ജീവനെ
നെഞ്ചോടു ചേർക്കുവാൻ കേണിരിക്കാം.
ഒരു തുള്ളി വെള്ളമാ ചുണ്ടിലേക്കിറ്റുവാൻ
ദാഹാർത്തമാ ചുണ്ടു ചൊന്നിരിക്കാം.
വഴിക്കണ്ണുമായ് കാത്തിരിക്കുന്നൊരാ
മക്കൾക്കായ് നെഞ്ചു പിടഞ്ഞിരിക്കാം
എത്ര പറയുവാൻ ബാക്കിയുണ്ട്
എത്ര കാണുവാൻ മോഹമുണ്ട്.
നെഞ്ചിലെ ചൂടും കുറഞ്ഞുപോയീ
കണ്ണിൽ ജലകണം ഇറ്റിറ്റു തീർന്നു പോയ്‌
കണ്ടു നിന്നു നീയല്ലാതെ
ഒന്നു താങ്ങായ് തണലായിരുന്നില്ല.
ഒരു പ്രാണനിങ്ങനെ റോഡിൽ പിടയുമ്പോൾ
നിന്റെ ചേതനയെങ്ങു പോയീ?
നിന്റെ കൂടപ്പിറപ്പിൻ കുരുതി പോലും
നിന്റെ മരവിപ്പു മാറ്റുകില്ലേ?
നാളെ നിനക്കും വരികയില്ലേ
നാളെ നിൻ മക്കളും കണ്ണീരു തോരാ....










Monday, 16 November 2015


Vasudevan Anthikad
ഇഷ്ട വായന
( മന്നനു നഗ്നതയാണെന്നുരച്ചവൾക്ക് കല്ലേറ്.അവളമാവാസി.
മന്നൻ വിവസ്ത്രനല്ലെന്നുരച്ചവൾക്ക് പുഷ്പാർച്ചന. അവൾ
പൌർണമി. എങ്കിലും തങ്ങൾ പരസ്പരമറിയുന്നവരെന്ന്,
തങ്ങൾക്കുമാത്രമറിയുന്ന ചിലതുണ്ടെന്ന് പൌർണമി).
മന്നനു നഗ്നത
കത്തിക്കരിഞ്ഞൊരെൻ ചിന്തതൻ ചില്ലയിൽ
കനൽക്കൂട് കൂട്ടും കറുത്ത വാവേ
നീയെൻ മനസിന്നഗാധതയിൽ
മുത്തും പവിഴവും കണ്ടിരുന്നോ?
നീ നിന്റെ മാറിലണിഞ്ഞിരുന്നോ?
നീയൊരു പ്രതീകമായിരുന്നൂ
ഇന്നിന്റെ വേദനയായിരുന്നു
നിന്നെ വെറുത്തവർ...നിന്നെ മറന്നവർ
നിന്നിലെ പുണ്യവും തൂത്തെറിഞ്ഞു.
നന്മയും തിന്മയും സമ്മിശ്ര ഭാവവും
നമ്മളിൽ തുല്യതയായിരുന്നു
എന്നിട്ടും നിന്നിലെ തിന്മമാത്രം
എന്നിലെ നന്മയും മാത്രം.
നഗ്നത മന്നനുമെന്നോതി നീ
കല്ലെറിഞ്ഞോടിച്ചുമാനവർ നിർദയം
ഭ്രാന്തമാം ചിന്തയിൽ നിന്നും ജനത്തിന്റെ
നേരെ നീ സത്യം തൊടുത്തു വിട്ടു
കർണ്ണം തുളച്ചതിൽ വേരറ്റു വീണവർ
വിഭ്രാന്തി തൻ പട്ടം തെറുത്തു തന്നു
മന്നന്നു വസ്ത്രമുണ്ടെന്നു ചൊല്ലി
മാനവ സേവയാണെന്നു വാഴ്ത്തീ
ഞാനെന്റെ പീ0മുറപ്പിച്ചു നിർത്തീ
എന്നെ പൂവിട്ടു വാഴ്ത്തീ..
എങ്കിലും നിന്നെയറിഞ്ഞു ഞാൻ
എന്നിലെ നന്മയറിഞ്ഞു നീയും
നിന്നിലെ കാർമേഘപാടുകൾ നീയെന്റെ
പവിഴക്കനവാൽ പൊതിഞ്ഞു വെച്ചു
അതു നമ്മൾ മാത്രമറിഞ്ഞു വെച്ചു.
---ദേവു വയനാട്
-----------------------------------------------------

Sunday, 15 November 2015

ഇനിയൊരു ജന്മം കൂടെയുണ്ടെങ്കിൽ നിൻ
കൂടെപ്പിറക്കുവാനിഷ്ടം
നിന്റെ കൈ വിരൽ തുമ്പിൽ പിടിച്ചുകൊ-
ണ്ടാൽത്തറ ചുറ്റുവാനിഷ്ടം
ഒരുപാട് കഥകളും വളപ്പൊട്ടിൻ ചെല്ലവും
 വള്ളി പടർപ്പിലെ ശംഖു പുഷ്പങ്ങളും
ഓണനാളിൽ അന്നു നീ നിറച്ചേകിയ
പൂക്കുടയും പിന്നെയൂഞ്ഞാലിനാട്ടവും
ആദ്യമായ് നീയണിയിച്ച കൊച്ചു പാവാടയും
ദാവണി തുമ്പും...പിന്നെ
അച്ഛനെ പോലെന്റെ കൈപിടിച്ചേൽപ്പിച്ച
ധന്യ മുഹൂർത്തവും കണ്ണിലെ നീരും
അന്നത്തെ നൊമ്പര തേങ്ങലും വിങ്ങലും
 അമ്മാവനെന്നുള്ള നിന്റെ സംതൃപ്തിയും
പിന്നെയും നീയായിതെന്റെ മകൾക്കൊരു
അച്ഛനെപോലെ കൈപിടിച്ചേൽപ്പിച്ചതും
ഈ സായന്തനത്തിന്റെ ച്ചുടുനീറ്റലിങ്ങനെ
ഇന്നെന്നെ പുണരുമ്പോളറിയാതെ തേങ്ങുന്നു
നിറയുന്നു കണ്‍കളും
കെട്ടിപ്പിടിച്ചന്നു ഞാൻ കരഞ്ഞാർത്തപോൽ 
കരയാനടുത്തു നീയില്ലെന്ന സത്യവും 
സങ്കടതോടെ ഞാനോർക്കുമ്പോഴും സദാ
ആശിച്ചു പോകുന്നിനിയൊരു ജന്മം
നിൻ കൂടെ പിറക്കുവാനേറെയിഷ്ടം.    



Tuesday, 10 November 2015

നിശയുടെ ഏതോ യാമങ്ങളിൽ
നിൻ നീല മിഴികളടഞ്ഞുവെന്നോ...
നിദ്രതൻ വാതിൽ പഴുതിലൂടെ
നിശബ്ദത നിന്നെ തഴുകിയെന്നോ...
നിലാവിന്റെ പാൽനിറം തോൽക്കുമെന്റെ
നറുമണം നിന്നിലലിഞ്ഞില്ലേ
ഒരു കൊച്ചു ചില്ലയിൽ മേട കെട്ടി
രാവിന്റെ രാജ്ഞിയായി വാണരുളാൻ
ശുഭരാത്രി ..... നേരുന്നു ഞാൻ.

കത്തിക്കരിഞ്ഞൊരെൻ ചിന്തതൻ ചില്ലയിൽ
കനൽക്കൂട് കൂട്ടും കറുത്ത വാവേ
നീയെൻ മനസിന്നഗാധതയിൽ
മുത്തും പവിഴവും കണ്ടിരുന്നോ?
നീ നിന്റെ മാറിലണിഞ്ഞിരുന്നോ?

നീയൊരു പ്രതീകമായിരുന്നൂ
ഇന്നിന്റെ വേദനയായിരുന്നു
നിന്നെ വെറുത്തവർ...നിന്നെ മറന്നവർ
നിന്നിലെ പുണ്യവും തൂത്തെറിഞ്ഞു.
നന്മയും തിന്മയും സമ്മിശ്ര ഭാവവും
നമ്മളിൽ തുല്യതയായിരുന്നു
എന്നിട്ടും നിന്നിലെ തിന്മമാത്രം
എന്നിലെ നന്മയും മാത്രം.

നഗ്നത മന്നനുമെന്നോതി നീ
കല്ലെറിഞ്ഞോടിച്ചുമാനവർ നിർദയം
ഭ്രാന്തമാം ചിന്തയിൽ നിന്നും ജനത്തിന്റെ
നേരെ നീ സത്യം തൊടുത്തു വിട്ടു
കർണ്ണം തുളച്ചതിൽ വേരറ്റു വീണവർ
വിഭ്രാന്തി തൻ പട്ടം തെറുത്തു തന്നു
മന്നന്നു വസ്ത്രമുണ്ടെന്നു ചൊല്ലി
മാനവ സേവയാണെന്നു വാഴ്ത്തീ
ഞാനെന്റെ പീ0മുറപ്പിച്ചു നിർത്തീ
എന്നെ പൂവിട്ടു വാഴ്ത്തീ..

എങ്കിലും നിന്നെയറിഞ്ഞു ഞാൻ
എന്നിലെ നന്മയറിഞ്ഞു നീയും
നിന്നിലെ കാർമേഘപാടുകൾ നീയെന്റെ
പവിഴക്കനവാൽ പൊതിഞ്ഞു വെച്ചു
അതു നമ്മൾ മാത്രമറിഞ്ഞു വെച്ചു.

    


  

Wednesday, 4 November 2015




റോണിയെ ഓർക്കുന്നോ? എന്റെ വളർത്തു നായ....
ഒരു സംഭവം എഴുതാം...
കൊയ്ത്തു കഴിഞ്ഞ സമയം... എല്ലാവർക്കും അത്താഴമൊക്കെ കൊടുത്ത്  രാത്രിയിലാണ് അമ്മ നെല്ല് പുഴുങ്ങുക.  ചിലവിനും, വിഷുവിനും, വർഷകാലത്തേക്കും ഒക്കെയുള്ള നെല്ല് ഇങ്ങനെ  പലപ്പോഴായി പുഴുങ്ങി ഉണക്കി പത്തായത്തിൽ നിറച്ചിടും.  അന്ന് മുറ്റം നിറയെ പകുതി ഉണങ്ങിയ കാപ്പിയുണ്ട് മുറ്റത്ത്.  വെയിൽ പോയാൽ കാപ്പി അടിച്ചുകൂട്ടി പനമ്പും പായയും കൊണ്ട് മൂടിയിടും.  അങ്ങനെ കുറെ കൂനയുണ്ടാവും മുറ്റത്ത്.
നെല്ല് പുഴുങ്ങി ഇതുപോലെ പനമ്പ് വിരിച്ച് അതിൽ കോരിയിടും.
മുറ്റത്തിനരികിൽ കിണറിനോട് ചേർന്നുള്ള തെങ്ങിന്റെ ചോട്ടിൽ കുറച്ചു നാളായി ഒരു  പെരുച്ചാഴി വലിയ ശല്യമായി തുടങ്ങിയിട്ട്... റോണി ഏതാണ്ട് ഒരുമീറ്ററോളം കുഴിച്ചു മടുത്തു....ഇനി കുഴിപോയാൽ മണ്ണ് കിണറ്റിൽ വീഴും എന്ന സ്ഥിതിയിലാണ്.
റോണിയുടെ പന്തിയില്ലാത്ത കരച്ചിൽ കേട്ടാണ് ഉറങ്ങാൻ കിടന്ന ഞാൻ എഴുന്നേറ്റു വന്നത്.  നോക്കിയപ്പോൾ മുറ്റത്ത് അമ്മയേം കാണാനില്ല....
വലിയ ഒരു കാപ്പിക്കൂനയുടെ മറവിൽ എന്തോ ഒരാളനക്കം.  പേടിച്ചാണെങ്കിലും ഞാൻ പതുങ്ങി ചെന്നു... അമ്മ റോണിയെ എന്തോ വെള്ളം കുടിപ്പിക്കുന്നു.  റോണിയാണെങ്കിൽ ഛർദ്ദിച്ച് അവശയായി കിടക്കുന്നു....
ഞാൻ നോക്കുമ്പോൾ അമ്മ കരയുന്നുമുണ്ട്. എനിക്ക് പേടിയായി.... അമ്മ കരഞ്ഞുകൊണ്ട്‌ കാര്യം പറഞ്ഞു.
പെരുച്ചാഴിയെ പിടിക്കാൻ ഉണക്ക മീനിൽ എലിവിഷം പുരട്ടി ഒരു ഓടയിൽ കൊരുത്ത് മാളത്തിൽ വെച്ചതാണ്... കഷ്ടകാലത്തിന് റോണി ഓടകഷ്ണം കടിച്ചെടുത്ത് മീൻ തിന്നു.   ഓടകഷ്ണം താഴെ കിടക്കുന്നുണ്ട്.  അമ്മ പ്രഥമ ശുശ്രൂഷ നൽകിയതാണ്.  ആരും അറിയാതിരിക്കാനാണ് കാപ്പി കൂനക്ക് മറവിൽ ഒളിച്ചു ചെയ്യുന്നത്.  കുറെ ഉപ്പുവെള്ളം കലക്കി വായിൽ ഒഴിച്ചു കുടിപ്പിച്ചു...അങ്ങനെ കുറെ ഛർദ്ദിച്ചു.  ഒരു പാത്രത്തിൽ പച്ചമഞ്ഞൾ നീരെടുത്ത് പാലിൽ കലക്കി വെച്ചിരിക്കുന്നു, കുടിപ്പിക്കാൻ. ഇങ്ങനെ ക്ഷീണിച്ച്  കിടക്കുന്ന റോണിയെ തൊട്ടും തലോടിയും ഞാനും കരയാൻ തുടങ്ങി.
കുറെ ഛർദ്ദിച്ചതല്ലേ... മഞ്ഞൾ വെള്ളവും കുടിച്ചിട്ടുണ്ട്. ഒന്നും വരില്ല സമാധാനിക്ക്. പറശിനി കടവ് മുത്തപ്പന് ഒരു തിരുവപ്പന കഴിപ്പിക്കണം....ഒന്നും പറ്റില്ല...അമ്മ എന്നെ ആശ്വസിപ്പിച്ചു കൊണ്ടിരുന്നു.
പഴയ ഒരു സാരി തുന്നി അതിൽ കുറെ പഴയ തുണിക്കഷ്ണങ്ങളും മറ്റും നിറച്ചു കിടക്കയാക്കി പത്തായ പുരയോടു ചേർന്നാണ് റോണിയുടെ കിടപ്പ്.അവളെ അവിടെ എടുത്തു കൊണ്ടുപോയി  കിടത്തി. രാത്രി ഏറെ വൈകി....
വലിയ കുഴപ്പമൊന്നുമില്ലെന്നു തോന്നിയപ്പോൾ  ഞങ്ങൾ പോയി കിടന്നു.
പിറ്റേന്ന് പതിവിലും നേരത്തെ ഉണർന്ന ഞാൻ കണ്ടത് നല്ല ഉന്മേഷത്തോടെ ഓടിനടക്കുന്ന റോണിയേയാണ്.  പേടിച്ചു അച്ഛനോട്പറയാതിരുന്ന അമ്മ നടന്ന കാര്യം പറഞ്ഞ് മരുന്ന് ഫലിച്ച കാര്യം  പറഞ്ഞ്   ആശ്വസിക്കുന്നു.
ഉച്ചയായപ്പോൾ അച്ഛനുണ്ട്‌ ഒരു കുട്ടയിൽ എന്തോ എടുത്തു വരുന്നു... നോക്കിയപ്പോൾ വില്ലൻ പെരുച്ചാഴി...ചത്തു മലച്ചിരിക്കുന്നു... അതിനെകണ്ടതും റോണി കുരയോ കുര.
സംഭവം... മീൻ എലി തിന്നു.  ഓട കടിച്ചു റോണിയും പോന്നു.  അച്ഛനും എനിക്കും ഏട്ടൻമാർക്കും  ചിരിയടക്കാൻ വയ്യ.....അമ്മ ചിരിക്കണോ കരയണോ എന്നറിയാതെ ചമ്മി നിൽക്കുന്നു.  എന്തായാലും തിരുവപ്പന കഴിപ്പിക്കണം. രണ്ടായാലും ദൈവം കാത്തു... ആത്മഗതത്തോടെ അമ്മ തിരിഞ്ഞു നടന്നു.
(ഈ ഫോട്ടോയിലുള്ളത് എന്റെ ഇപോഴത്തെ വീട്ടു കാവൽക്കാരൻ)