Saturday, 31 October 2015

ഏകാന്തതയുടെ തീരങ്ങളിൽ....
ഏകാകിയാമെൻ തടവറയിൽ
ഏഴിലം പാലപൂ പൂത്തതാണോ
ഏതോ ഗന്ധർവൻ വന്നതാണോ?
ഒരു നോട്ടമെന്റെ മുഖമളന്നു....
മറുനോട്ടമറിയാ മനമളന്നു....
മറുപടിയൊരു വാക്കിലൊതുക്കിടാതെ
മധുവൂറുമോർമ്മ പകർന്നു തന്നു.
കാലിലെ കാൽവിലങ്ങും ചിലച്ചു
കൈത്തള  മെല്ലെ ചിരിച്ചു
നേർത്തൊരു തേങ്ങൽ വന്നൊട്ടിയപ്പോൾ
കാർമുകിലതിനെ മറച്ചു...
കളിച്ചും ചിരിച്ചും കഥ പറഞ്ഞും
വിശ്വസിച്ചെല്ലാം പറഞ്ഞും
കാവിലെ ദേവനു നൈവേദ്യമായി
കാഴ്ച്ച ശീവേലി തൊഴുതു നിന്നു.
പരിഭവം പറയാൻ മറന്നു നിൽക്കേ
ഏകാകിയാമെന്റെ സ്വപ്നങ്ങളിൽ നിന്നും
എവിടെക്കോ ചിറകടിച്ചകന്നു പോയീ
നിന്നോർമ്മയെന്നിൽ വിറങ്ങലിച്ചു.  




Thursday, 29 October 2015







 പറയുവാനൊരു പാടുണ്ടായിരുന്നു
 നിന്നെ കാണുമ്പോൾ മനസിന്റെ താളിൽ...
പറയാൻ മറന്നതാണോ? അതോ 
പറയാതിരുന്നതാണോ?
പരിഭവം പറയാതളന്നളന്നു 
കതിരുകൊത്തിക്കിളി പറന്നുപോയീ ...
പതിരു ബാക്കിയായീ....

Sunday, 25 October 2015


പതിനെട്ടാം വയസ്സിൽ അച്ഛൻ കൈപിടിച്ചു നൽകിയതാണ്. കുട്ടി പാവാടയിൽ നിന്നും ജീവിതത്തിന്റെ നേര്യതിലേക്ക് വലതു കാലും വെച്ച്.
ചെറുപ്പത്തിലേ അമ്മയും അച്ഛനും നഷ്ടപ്പെട്ടവനാണ്‌.
ജീവിതത്തിന്റെ കൈപ്പുനീരാണ് വിശപ്പാറ്റിയിരുന്നത്.
മുണ്ട് മുറുക്കിയുടുത്തും പൈപ്പു വെള്ളം കുടിച്ചും തള്ളിനീക്കിയ ഭൂതകാലം
അവന്റെ കണ്ണിൽ നീരും, എന്റെ കണ്ണിൽ അമ്പരപ്പും നിറച്ചു.
പിന്നീട് അവന്റെയാ കണ്ണീർക്കടലിൽ 
ഒന്നിച്ചായിരുന്നു ജീവിത വഞ്ചി തുഴഞ്ഞത്.
ഒരു പ്രതിസന്ധിയിലും തളർന്നില്ല
ജീവിതം ഒരു വെല്ലുവിളിയായിരുന്നു....പലതരത്തിലും.
ആരുടെ മുൻപിലും ചൂളേണ്ടി  വന്നില്ല, ആരോടും പരിഭവം പറഞ്ഞില്ല 
പിന്നിട്ട പത്തൊൻപതു വർഷങ്ങൾ.
അച്ഛൻ നോക്കിയതിൽ കൂടുതൽ കാലം അവനെന്നെ നോക്കി 
തിരിഞ്ഞു നോക്കുമ്പോൾ അഭിമാനം മാത്രം. 
ഒന്നുമില്ലായ്മയിൽ നിന്നും പൊരുതി നേടിയതാണ് ഇന്ന് കാണുന്നതെല്ലാം.
ജീവിതത്തോട് പോരടിച്ചും പഠിച്ചും ഇന്നൊരു സർക്കാർ ജോലിയുണ്ടവന്. എന്റെ കഠിനധ്വാനം എനിക്കും നേടിത്തന്നു ജോലി. അന്ന് കല്ലെറിഞ്ഞവരൊക്കെ ഇന്ന് പരവതാനി വിരിക്കുന്നു...
കടം ഭയന്നൊളിച്ചവരൊക്കെ വാതിൽ തുറന്ന് സ്വാഗതമരുളുന്നു.
സമ്പത്തും പദവിയും മോഹിച്ചിട്ടില്ല... എല്ലാം കിട്ടിയെങ്കിലും. 
ഏറ്റവും വലിയ സമ്പാദ്യം അവനും മക്കളും തന്നെയാണ്.
ഇന്ന് കുട്ടികൾ തന്നെക്കാൾ വലുതായി 
അവർക്കിന്നു ഞാനമ്മയല്ല...
അവർ ഏട്ടന്മാരും ഞാൻ കുഞ്ഞനിയത്തിയും 
അവരെന്നെ ശാസിക്കുന്നു...അവരെന്നെ വീഴ്ചയിൽ താങ്ങുന്നു. 
എല്ലാമറിയാമെനിക്ക്.....
എന്നാലും.....    എന്റെ എഴുത്തിനെ പ്രണയിക്കാൻ 
ഏകാന്തതയെ പുൽകാൻ കാരണമേതുമില്ലാതെ 
പിണങ്ങിയിരിക്കും ഞാൻ.
എഴുത്തിനൊടുവിൽ....പതം പറച്ചിലിനൊടുവിൽ
പിണക്കം തീർക്കാൻ ഓടിയെത്തുന്നതും അവൻ തന്നെ....
പിണങ്ങാനൊരു കാരണം ....എനിക്ക് ഇണങ്ങാനത് കാരണം. 

(ഇത് ഞാനിവിടെ കുറിക്കാൻ ഒരു കാരണമുണ്ട്. എന്റെ ഇൻബോക്സിൽ ഒരു സുഹൃത്ത് ഇങ്ങനെ എഴുതി. "എന്തൊക്കെയോ ആകണമെന്ന് കൊതിച്ച് ഒന്നുമായില്ല അല്ലെ" എന്ന്. ഇൻബോക്സിൽ ആരോടും സംസാരിക്കാത്ത ഞാൻ മറുപടിയൊന്നും കൊടുത്തില്ല. സമാന ചോദ്യകർത്താക്കൾക്ക് എല്ലാവർക്കുമുള്ള മറുപടിയാണിത്) 

Saturday, 24 October 2015


മധുരം നുണഞ്ഞ ഉറുമ്പിനു ചുറ്റിലും
സായൂജ്യമടയുന്നു അനേകമുറുമ്പുകൾ
മണിമാളികയിലെ സപ്രമഞ്ചക്കട്ടിൽ 
ചേറിൽ പുതഞ്ഞ ശരീരം വിഴുങ്ങുന്നു.

"തെരുവു വിളക്കണയുന്ന നേരമേ
അമ്മ വരികയുള്ളൂ....ഏറെ നോവും,
തെല്ലു മധുരവുമായ്
അതുവരേക്കും ഞാനൊതുക്കി നിർത്തീടട്ടെ
എന്റെ നോട്ടവും, എൻ വയറിന്നെരിച്ചിലും"

കീറിപ്പറിഞ്ഞൊരാ വസ്ത്രത്തിനുള്ളിലായ്
മുഷിഞ്ഞു നാറുന്നൊരാ  നോട്ടും ചിരിക്കുന്നു
ഇത്രനാളിങ്ങനെ പൂപ്പൽ പിടിച്ചു ഞാൻ
ഇന്നതിന്നർത്ഥമുണ്ടാകുവാൻ പോകുന്നു.
നിന്നെക്കരുതി കാത്തിരിക്കുന്നൊരാ
ബാലികതൻ പശി എന്നിലൊടുങ്ങുമോ ?

നിന്റെ മാനവും ചീന്തിയെറിഞ്ഞൊരാൾ
ഒന്നുമറിയാതെ മാന്യത തേടുന്നു
ഇന്നുനിൻ കുഞ്ഞിന്റെ മാനം കാക്കുവാൻ
മാറിലെ ചൂടും, ചൂരും കൊടുക്കുന്നു നീ...

കൊത്തിയരിയണം കൈകളും.....
കൊത്തിപ്പറിക്കണം കഴുകൻ കണ്‍കളും...
ഒരുമാത്ര നിന്നിലേക്കൊഴുകുന്നോരാ ദൃഷ്ടി
നിന്റെയീ കുഞ്ഞിലേക്കൊന്നു പാളുകിൽ
കരുതി വെക്കണം നിൻ ചിരിക്കു പിന്നിലായ്
കരളു പിളർക്കാനായ്..... ഒരു ദ്രംഷ്ടമെങ്കിലും.  



 
         

                  ചെറുപ്പം തുടങ്ങി എന്റെ പ്രിയ കൂട്ടുകാരായിരുന്നു നായ്ക്കളും പൂച്ചകളും പശുക്കുട്ടികളുമൊക്കെ.  ഓരോരുത്തരെക്കുറിച്ചും ഒട്ടേറെ എഴുതാനുണ്ട്. ഇന്നെന്റെ റോണിയെ ക്കുറിച്ച് ചിലതെഴുതാം.
                  നാലാം ക്ലാസിൽ പഠിക്കുമ്പോഴാണ് അമ്മയും വലിയമ്മയുമൊക്കെ നെല്ലുകുത്തിക്കാൻ പോകുന്ന മില്ലിൽ നിന്നും കുഞ്ഞായിരുന്ന അവളെ കൊണ്ടു വരുന്നത്.  വീട്ടിൽ ഏതു ജീവി വന്നാലും അതിന്റെ ഉടമസ്ഥാവകാശം ഇളയ കുട്ടിയായ എനിക്കുള്ളതാണ്.  അവളെ ഞാൻ അരുമയായി വളർത്തി. വളർത്തു ദോഷം....അല്ലാതെന്തു പറയാൻ. ഒരാൾക്കും എന്നോട് ശബ്ദമുയർത്തി  സംസാരിക്കാൻ വയ്യ. അതെന്റെ അമ്മയായാൽ പോലും, കുരച്ചു ചാടും. ആരെങ്കിലും എന്റെ നേരെ കളിയായിട്ടെങ്കിലും കൈയ്യൊന്നു വീശിയാൽ മതി കൈയ്യിൽ കടി വീഴും. എനിക്കൊപ്പം അച്ഛന്റെ മുറിയിൽ വരെ അനുവാദമില്ലാതെ കടക്കാൻ അവകാശം അവൾക്കു മാത്രം.

                  ആയിടക്ക്  റോണിക്ക് കാലിൽ ഒരു വ്രണം വന്നു.കാല് തുടവരെ പഴുപ്പ് ബാധിച്ചു. അടുത്തൊന്നും മൃഗാശുപത്രിയും മരുന്നുമൊന്നുമില്ലാത്ത കാലം.  

                    ചികിത്സ എന്റെ വക. മാവിന്റെ തോലു ചെത്തി തിളപ്പിച്ച വെള്ളത്തിൽ രണ്ടു നേരം കാലു കഴുകും.  പിന്നെ അട്ടക്കരി (ചിമ്മിനിയിൽ കാണുന്ന കരി)യും ഉപ്പും ചേർത്ത് തുണിയിൽ വെച്ച് കെട്ടും. എല്ലാവരും അവളെ കൊല്ലാൻ പറഞ്ഞു. പഴുത്തൊലിച്ച് കാണുന്നവർക്ക് അറപ്പായിരുന്നു..രാവും പകലും അവളുടെ കരച്ചിൽ വേറെയും.
              എന്നാലും ഞാനെന്റെ ചികിത്സ തുടർന്നു. ഉപ്പിന്റെയും മറ്റും നീറ്റൽ സഹിച്ച് ദയനീയതയോടെ അവൾ കിടന്നു തരും. ഞങ്ങളുടെ പ്രവർത്തി ഫലം കണ്ടു.മുറിവുണങ്ങി തുടങ്ങി. 
രണ്ടുമൂന്നു മാസം കൊണ്ട് മുറിവ് പറ്റെ ഉണങ്ങിയെങ്കിലും അവൾക്ക് കാലിനു സ്വാധീനം കുറഞ്ഞു. എങ്കിലും അവളെന്റെ രാജകുമാരിയായി ...അല്ല...ഞാൻ രാജ്ഞിയും അവളെന്റെ സർവ സൈന്യാധിപനും. ചങ്ങലയുടെ ബന്ധനമോ കൂടിന്റെ നാല് ചുവരുകളോ അവളെ ബന്ധനസ്ഥ യാക്കിയില്ല.
               ഏട്ടൻമാർക്കൊപ്പം ഒളിച്ചു കളിക്കുമ്പോൾ എനിക്കരികിൽ മുഖം പൂഴ്ത്തി അനങ്ങാതിരുന്നും, സാറ്റടിക്കാനോടുമ്പോൾ  എനിക്ക് മുൻപേ സാറ്റടിച്ചും, വേദനിച്ചു തനിച്ചിരിക്കുമ്പോൾ കൂടെയിരുന്നു നാവുകൊണ്ട് നക്കി സ്നേഹം പ്രകടിപ്പിച്ചും ഒരു നിഴലുപോലെ എപ്പോഴും കൂടെയുണ്ടാകും.
വീടിനടുത്ത സ്കൂളിലേക്ക് റബ്ബർ തോട്ടത്തിലൂടെ എളുപ്പ വഴിയുണ്ട്. വഴിയിലെ മുള്ളും കാടും വെട്ടിമാറ്റുന്ന അച്ഛനൊപ്പം അവളും മുൾപടർപ്പുകൾ കടിച്ചു മാറ്റി സഹായിക്കും. എന്നെ യാത്രയാക്കൽ റബ്ബർ തോട്ടത്തിലവസാനിക്കും . ഒരിക്കൽ പോലും സ്കൂൾ മുറ്റത്തോ, കുട്ടികൾക്കരികിലോ അവൾ വന്നിരുന്നില്ല.
              നാലുമണി വരെ വീട്ടിൽ സമയം ഉന്തി തള്ളുന്ന അവൾ പിന്നീട് റബ്ബർ തോട്ടത്തിനരികിൽ എന്നെയും കാത്തു നിൽപ്പാവും.  കാലു നക്കിയും പുസ്തക സഞ്ചി കടിച്ചും കഴുത്തോളം കയറിയും ഒരു സ്നേഹ പ്രകടനമാണ് വീടെത്തും വരെ.
              പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ്. സ്കൂളിൽ നിന്നും കടുത്തപനിയും തലവേദനയുമായി ഇറങ്ങിയ ഞാൻ പകുതി വഴിയെത്തിയതെ ഓർമ്മയുള്ളൂ.... അടുക്കളയിൽ എന്തോ പണിയിലായിരുന്ന അമ്മ റോണിയുടെ കുര കേട്ടാണ് നോക്കുന്നത്.  എന്റെ പുസ്തക സഞ്ചി ആയാസപ്പെട്ട്‌ വലിച്ചുകൊണ്ട് വന്നിരിക്കുന്നു.കുരച്ചു കൊണ്ട് വഴിയിലേക്കോടുന്നു.  എന്നെ കാണാഞ്ഞ് അമ്മയും മറ്റും ഓടി വന്നപ്പോൾ വഴിയിൽ വീണു കിടക്കുന്ന എന്നെയാണ് കാണുന്നത്. എനിക്ക് അസുഖം മാറി പിറ്റേന്ന് അവളോട് മിണ്ടുംവരെ ആരും കൊടുത്ത ഭക്ഷണം പോലും എടുത്തില്ലവൾ.

ഇനിയുമുണ്ടെനിക്ക് അവളെക്കുറിച്ച് ഒരുപാടെഴുതാൻ... അത് പിന്നീട്  

Thursday, 22 October 2015



ആദ്യാക്ഷരം ചൊന്ന അമ്മയെ ഓർക്കാം 
ആദ്യാക്ഷരം കുറിച്ച ഗുരുവിനെ ഓർക്കാം 
ആത്മ ബലം തന്ന വിദ്യാലയത്തെയും
കൂടെ പഠിച്ച കൂട്ടുകാരേം  ഓർക്കാം.
കൂടെ പഠിച്ചവരൊക്കെ കൂടൊഴിഞ്ഞു
വേർപാടെന്ന വേദനയോടെ...
പിന്നീട് ചേക്കേറിയവരും തുടർക്കഥപോൽ 
ഇനിയും ചേക്കേറാൻ കിളികളെ കാത്ത് 
കൂടൊരുക്കി കാത്തിരിക്കുന്നു ഈ ഓർമ്മക്കൂട് 
എന്റെയീ വിദ്യാലയ കൂട് ...
വിജയദശമി  ആശംസകൾ 

Sunday, 18 October 2015




ഞാനൊരു പൂവായിരുന്നെങ്കിൽ..........
സുഗന്ധം വമിച്ചീ ലോകത്തെ ..........
സുഗന്ധ പൂരിത മാക്കിയേനെ
പൂവാടി തീർത്ത് ലോകം മനോഹരമാക്കിയേനെ.
പൂമ്പാറ്റയായെങ്കിൽ.....നിമിഷ ജീവിതമെങ്കിലും 
മധു നുകർന്ന് മലരുകൾക്ക് പുതുജീവൻ കൊടുത്തേനെ...
പറവയായെങ്കിൽ ഞാനീ ചിറകുവിരിച്ചു 
ലോകമാകെ സ്നേഹഗീതം പാടി നടന്നേനെ...
മരമായ്‌ തണലും മലരായ് മധുവും കൊടുത്തേനെ....
മേഘമെങ്കിൽ ദാഹജലവും.....
പൂന്തിങ്കളെങ്കിൽ കണ്ണിനിമ്പവും നൽകിയേനെ.
                                  *********
പക്ഷെ ഇതെല്ലാം നൽകാൻ കഴിയുന്ന 
മനുഷ്യ ജന്മം ഈശ്വരൻ തന്നപ്പോൾ .......
ലോകത്തിന്റെ നന്മക്കായി ഞാൻ എന്തു കൊടുത്തു?
ഒന്നുമില്ല...



Friday, 16 October 2015



കുറെ പറയാനുണ്ടായിരുന്നു....
പക്ഷേ ...ശബ്ദം വരുന്നില്ല.
കുറെ കാണാനും കേൾക്കാനുമുണ്ടായിരുന്നു....
കണ്ണും കാതും മങ്ങിയും പൊട്ടിയും .
കുറേകൂടി എഴുതണമായിരുന്നു....
കൈ വിരലുകൾക്ക് മരവിപ്പ് 
നടപ്പല്ല ........ഓടാൻ തോന്നുന്നു............
 കാലടികൾ പതിയുന്നില്ല
ഇനിയും കുറെ എന്തെല്ലാമോ ഉണ്ടായിരുന്നു....
പക്ഷെ.....ഒന്നുമില്ല.....
ശരീരത്തിന്റെ  അനക്കം നിലയ്ക്കാൻ തുടങ്ങിയിരിക്കുന്നു...


Thursday, 15 October 2015


വിശ്വസിച്ചതായിരുന്നു തെറ്റ്...
സ്നേഹിച്ചതായിരുന്നു തെറ്റ്...
അന്ധമായ വിശ്വാസം....
അന്ധമായ സ്നേഹം...
ജീവനും ജീവിതവും വെച്ചു നീട്ടി...
വഴിയിലെ കല്ലും മുള്ളും സഹിച്ചു...
ഒരിക്കൽപോലും നേരിട്ടൊന്നു കണ്ടിരുന്നില്ല...
എങ്കിലും....
മനസ് കൊണ്ട് ഒരായുസിന്റെ അടുപ്പം തോന്നിച്ചു...
എന്നിട്ടും!!!!!!!!!!
വിശ്വാസ വഞ്ചനയായിരുന്നു 
തിരിച്ചു കിട്ടിയത്......
കപട സ്നേഹമായിരുന്നു.........
 കിട്ടിക്കൊണ്ടിരുന്നത്.
തകർന്നതും തളർന്നതും 
കിനാവുകൾ മാത്രമായിരുന്നില്ല....
ജീവിതം തന്നെയായിരുന്നു.
ഇപ്പോൾ മറ്റൊരിര വീണു കിട്ടിയിരിക്കണം...
അല്ലെങ്കിൽ അനേകം ഇരകളിൽ 
ഒരിര മാത്രമായിരിക്കണം താൻ.
ഇത് ശിവാനിയുടെ കഥ.......ശിവാനിമാരുടെ കഥ.....
ഫെയ്സ്ബുക്ക് പ്രണയം നിരാശ ബാക്കി വെച്ച ഇത്തരം ശിവാനിമാർ നമുക്കിടയിലേറെ..........




Monday, 12 October 2015

                 ഓഫീസിലെ ജോലിത്തിരക്കിന്റെ മനം മടുപ്പിക്കലിൽ നിന്നും മോചനം. 
                 സമയം വൈകിയതിന്റെ വെപ്രാളത്തിൽ ബാഗുമെടുത്ത് ഓടി....
                കിട്ടിയ ബസ്സിന്റെ ചവിട്ടു പടിയിൽ കയറിക്കൂടി. എങ്കിലും മനസ്സിൽ സന്തോഷം.                                 സ്റ്റോപ്പിൽ ബസ്സിറങ്ങി എന്നും പലഹാരം വാങ്ങാറുള്ള കുമ്മുട്ടി കടയിൽ നിന്നും നാല് നെയ്യപ്പം പൊതിഞ്ഞു വാങ്ങി.
                 രാവിലെ ഭർത്താവ് ആദ്യമിറങ്ങും...ഓരോന്നും ഒരുക്കി കൊടുത്ത് തനിക്കൊരുങ്ങാൻ നേരം കാണില്ല...മിക്കപ്പോഴും രാവിലെ ഒന്നും കഴിക്കാൻ നേരം കിട്ടില്ല....സ്ത്രീകൾക്ക് വേണ്ടാന്നു വെക്കാൻ കഴിയുന്നതിൽ ഒരു കാര്യം അതാണ്‌....
                മൂത്തമോൻ കണ്ണൻ എഞ്ചിനീയറിംഗ് പഠനത്തിനായി എറണാകുളത്ത് പോയതിൽ പിന്നെ അവനെ പിരിഞ്ഞിരിക്കുന്ന സങ്കടം ഇല്ലാതാക്കുന്നത് ഇളയ മകന്റെ സാമീപ്യമാണ്. സ്കൂൾ അകലത്തല്ലാത്തതിനാൽ താനും ഇറങ്ങി കഴിഞ്ഞേ അവനു പോകേണ്ടതുള്ളൂ..കാച്ചി വെച്ച പാൽ അവൻ സ്വയമെടുത്ത് കുടിക്കും... എടുത്തു വച്ച ഭക്ഷണവും കഴിച്ചു ബ്രൂണോക്കും കൊടുത്ത് പിന്നീട് അവനാണ് വീട് പൂട്ടി ഇറങ്ങുക..അതിനിടയിൽ പലതവണ തന്റെ ശകാരവും കേൾക്കേണ്ടി വരും.
എങ്കിലും പോകുമ്പോൾ പടിവാതിലിൽ ഒരു നിൽപ്പാണ്... അഞ്ചു രൂപയെങ്കിലും വേണം. അതൊരു പതിവാണ്. ഇന്നും കൊടുത്തിട്ടാണ് ഇറങ്ങിയത്.

                  എന്നും താനെത്തുന്നതിൽ മുൻപേ എത്തും. ചായ പാൽ കൂട്ടി വെച്ചിട്ടുണ്ടാകും.  പിന്നെ അച്ഛനും വന്നു കഴിഞ്ഞാൽ വിശേഷങ്ങളും പറഞ്ഞു വിസ്തരിച്ചൊരു ചായ കുടിയാണ്.  അതാണ്‌ ആ ദിവസത്തെ ഏറ്റവും സന്തോഷകരമായ നിമിഷങ്ങൾ.
                 പക്ഷെ....ഇന്ന് വീട് അടഞ്ഞു കിടക്കുന്നു...താക്കോൽ തപ്പിയെടുത്ത് വാതിൽ തുറന്ന് അകത്തു കടന്നു.  
                   ലീവിങ്ങ് റൂമിന്റെ ടീപ്പോയിൽ ഒരെഴുത്ത് ആദ്യം കാണാൻ പാകത്തിന് വെച്ചിരിക്കുന്നു.
                    "അമ്മേ ..............ഇന്ന് ഞാൻ സംസ്ഥാന കബഡി മത്സരത്തിന് കണ്ണൂരിൽ പോകുന്ന കാര്യം അമ്മ മറന്നു പോയി അല്ലേ ?  രാത്രി ബാഗും സാധനങ്ങളുമൊക്കെ ഒതുക്കി വെച്ചിരുന്നല്ലോ.... വണ്ടികൂലിയും മറ്റും രാവിലെ അച്ഛൻ മറക്കാതെ തന്നിരുന്നു...അമ്മയുടെ ജോലിത്തിരക്കിൽ ഇന്നമ്മക്ക് എന്നെ വിളിക്കാൻ പോലും നേരവും കാണില്ല....രാവിലെ എനിക്ക് 5 രൂപ തന്നപ്പോൾ ഞാൻ മനപൂർവ്വം താഴെയിട്ടതാണ്. അമ്മയുടെ കാൽതൊട്ട് അനുഗ്രഹം വാങ്ങിച്ചു. പതിവില്ലാതെ ഇന്നെനിക്ക് നെറ്റിയിൽ ഉമ്മയും തന്നിരുന്നു. ഒന്നും ഓർമ്മയുണ്ടാവില്ല തിരക്കിൽ.                                                    വൈകീട്ട്  വരുമ്പോൾ അമ്മ ആദ്യം ചെയ്യുന്നത് എന്നെ വിളിക്കുകയാവും.  അതുകൊണ്ട് അമ്മ വരുന്ന ആ സമയം ഞാനെന്റെ മൊബൈലിൽ നോക്കിയിരിക്കും.  
                     ഉച്ചക്ക് ഭക്ഷണവും കഴിച്ച് ബ്രൂണോക്കും കൊടുത്തിട്ടാണ് ഇറങ്ങിയത്. ചായ വെച്ച് ഫ്ലാസ്കിൽ ഒഴിച്ചു വെച്ചിട്ടുണ്ട് ...അച്ഛനും വന്നിട്ട് ഇരുന്നു കുടിക്കണം. എന്റെ വിഹിതം ബ്രൂണോക്കുള്ളതാണ്. 
                    സങ്കടപ്പെടേണ്ട.... എനിക്ക് മനസിലാകും ... രണ്ടുനാൾ കഴിഞ്ഞു ഞാൻ വിജയിച്ചു വരാൻ പ്രാർഥിക്കണം .  അമ്മ കയറി വരുമ്പോൾ എന്നും തരാറുള്ള ഉമ്മ ...ചക്കരയുമ്മ... അമ്മേടെ കിച്ചു..."
                       ഇടനെഞ്ചിൽ ഉരുണ്ടു കൂടിയ സങ്കടക്കടൽ കവിളിലൂടെ പെയ്തിറങ്ങി തളർന്നപ്പോഴേക്കും  മോനെ വിളിച്ചില്ലല്ലോ എന്ന ബോധമുണ്ടായത്.. മോനേ ....കിച്ചൂ...സങ്കടക്കടൽ ആർത്തിരമ്പുകയായിരുന്നു. 

Sunday, 11 October 2015

പോക്കുവെയിലേറ്റൊന്നു ചാഞ്ഞുറങ്ങാൻ ......
കുളിർ കാറ്റിലെൻ നോവൊന്നടർത്തി മാറ്റാൻ.
തിരമാലതൻ സംഗീതമാസ്വദിക്കാൻ 
തളിർ മാമരച്ചില്ലതൻ തോളിലേറാൻ
എന്നും കൊതിക്കുന്ന പോലെ ഇന്നും 
ഈ കാതും കരളും നയനങ്ങളും ......
എന്തോ ഒരാലസ്യമെൻ മനസ്സിൽ.

എത്രയോ നാളായിരിപ്പിവിടെങ്കിലും 
പിന്നിൽ പതിഞ്ഞ കാലടിപ്പാടുകൾ 
നോവിച്ച മണൽത്തരി തൻ കിതപ്പിൽ .....
തിരിഞ്ഞു നോക്കീടുമ്പോൾ ഒന്നുമില്ല....
വെറും ശൂന്യത മാത്രം.......അരികിലെൻ 
മരണത്തിൻ കാലൊച്ച മാത്രം.

മരണമിന്നെന്നെ തഴുകിത്തലോടുമ്പോൾ 
ഇല പൊഴിച്ചീച്ചില്ല കദനം മറക്കുമോ?
ഏകാന്ത തീരം തഴുകും തിരകളും 
ആർത്തലച്ചാ ശോകമകലേക്കെടുക്കുമോ?
എന്നുമെൻ ചാരേ ചരിഞ്ഞിരുന്നൂട്ടിയ 
എന്റെ കിനാക്കളും കണ്ണീർ പൊഴിക്കുമോ?  
അതകലെയിരുന്നെനിക്കറിയാൻ കഴിയുമോ?
അറിയില്ല.........അറിയില്ല...........ഒന്നും !!!!