എന്റെ മുത്തശ്ശിയെക്കുറിച്ചെഴുതട്ടെ....
അതിജീവനത്തിന്റെ ഉദാഹരണമായിരുന്നു അവർ. 36 മത്തെ വയസ്സിൽ കാൻസർ ബാധിച്ചതിനെ തുടർന്ന് വലതുകാൽ മുട്ടിനു മുകളിൽ വെച്ചു മുറിക്കേണ്ടി വന്നു. എന്നിട്ടും 102 മത്തെ വയസിൽ മരിക്കുവോളം അവർ കുടുംബത്തിന്റെ നട്ടെല്ലായിരുന്നു. തറവാട്ടമ്മയായിരുന്നു.
ആറു മക്കളിൽ ഏറ്റം ഇളയമകന്റെ ഏറ്റം ഇളയമകളായ ഞാനായിരുന്നു മുത്തശ്ശിയുടെ സ്നേഹഭാജനം. അച്ഛനോ മറ്റോ അടിക്കാൻ ഓടിച്ചാൽ മുത്തശ്ശിക്കുപിന്നിൽ ഒളിച്ചാൽ മതി. നടക്കാൻ ഉപയോഗിക്കുന്ന വടി, മുറുക്കാനിടിക്കുന്ന ഇരുമ്പുലക്ക, എന്നിവകൊണ്ടൊക്കെ ഏറുകിട്ടും അവർക്ക്. എന്നെ വഴക്കു പറയാൻ പോലും ആരേം സമ്മതിക്കില്ല.
തറവാട്ടിൽ അച്ഛന്റെ ഏട്ടനും കുടുംബവും ആണെങ്കിലും മുത്തശ്ശിക്കു കൂട്ടു കിടക്കൽ എന്റെ വല്യേട്ടന്റെ ജോലിയാണ്. പത്തായ പുരയോടുചേർന്ന മുറിയിൽ പ്രത്യേകം കട്ടിലൊക്കെയാണ്. ഏട്ടൻ എവിടേലും പോയാൽ ആ ജോലി എനിക്കാണ്.
അന്നത്തെ സന്ധ്യകൾ എന്ത് രസമായിരുന്നു. വൈകുന്നേരമായാൽ എല്ലാവിളക്കുകളും തുടച്ചു മിനുക്കി തിരി തെറുത്തു എണ്ണ പകർന്നു വെക്കും. കത്തിച്ച നിലവിളക്കിനു മുന്നിലിരുന്ന് മുത്തശ്ശിക്കൊപ്പം നാമം ജപിക്കും. കിടന്നാൽ ഉറക്കം വരുവോളം കഥപറച്ചിലാണ്. അധികവും എറണാകുളം യാത്രയെക്കുറിച്ചായിരിക്കും. അവിടെ സർക്കാർ ആശുപത്രിയിൽ വച്ചായിരുന്നു കാൽ ഓപറേഷൻ ചെയ്തത്. ആദ്യമായി തീവണ്ടിയിൽ കയറിയ കാര്യമൊക്കെ ഞങ്ങൾ ആകാംക്ഷയോടെ കേട്ടിരിക്കും.
പക്ഷേ.......... ഇഷ്ടപ്പെടാത്ത ഒരേയൊരു കാര്യം പേൻ നോക്കാൻ പിടിച്ചിരുത്തിക്കളയും എന്നതായിരുന്നു. കളിക്കുന്ന സമയത്തൊക്കെയാവും വിളി. ചെന്നില്ലേൽ അടികിട്ടും. അതുകൊണ്ട് ഇഷ്ടമില്ലാതെ മടിയിൽ തലവച്ചു കൊടുക്കും. ഉറക്കം വരും. ഇപ്പോ അതൊക്കെ കൊതിയാണ്. വിരുന്നുകാർ വരുമ്പോകൊണ്ടു വരുന്ന എന്തു സാധനവും മുത്തശ്ശി എനിക്ക് വെക്കാതിരിക്കില്ല. മരിക്കുന്നതിനു കുറച്ചുനാൾ മുൻപ് ഞാനടുത്തുണ്ടായിരുന്നില്ല. കോളേജ് അടച്ചപ്പോൾ ചേച്ചിയുടെ വീട്ടിൽ പോയതായിരുന്നു. പോകുമ്പോൾ വലിയ വയ്യായ്ക ഉണ്ടായിരുന്നില്ല. അവിടെ കുറച്ചുനാൾ നിന്നപ്പോൾ എനിക്ക് മുത്തശ്ശിയെ കാണണം എന്ന വല്ലാത്ത തോന്നൽ. ഉറക്കം വരുന്നില്ല....ഭക്ഷണം വേണ്ട അങ്ങനെ. തോട്ടത്തിൽ ജോലിക്കാരുള്ളതിനാൽ പണികഴിഞ്ഞു ഒന്നിച്ചുപോകാം എന്നും പറഞ്ഞ് ചേച്ചി പിടിച്ചു നിർത്തുകയാണ്. ഞാൻ കരയാൻ തുടങ്ങി. അങ്ങനെ പിറ്റേന്ന് രാവിലെ തിരിച്ചു വീട്ടിലെത്തിയ ഞാൻ വേഷംപോലും മാറാതെ മുത്തശ്ശിയെ കാണാൻ തറവാട്ടിലേക്കോടി. വിളിച്ചിട്ടു മിണ്ടുന്നില്ല. എന്നെ നോക്കുന്നുണ്ട്. എനിക്കാകെ പേടിയായി. വിയർക്കുന്നുമുണ്ട്. അരികിലുള്ള പാത്രത്തിൽ നിന്നും വെള്ളമെടുത്ത് കുറെ കുടിപ്പിച്ചു. എന്നും ചെയ്യുന്നതുപോലെ കട്ടിലിനരികിൽ വെച്ച കുഴമ്പെടുത്തു മേലാകെ പുരട്ടികൊടുത്തു. പുതപ്പിച്ചപ്പോൾ പുതപ്പ് പതുക്കെ കൈകൊണ്ടു മാറ്റി കളഞ്ഞു. ഞാൻ ചെയ്യുന്നതും വിളിക്കുന്നതുമൊക്കെ അറിയുന്നുണ്ട്. എന്തോ പറയാൻ വന്നെങ്കിലും ഒന്നും പറയാതെ കണ്ണടച്ചു. എന്റെ നിലവിളി കേട്ടാണ് മറ്റുള്ളവർ അറിയുന്നത് മുത്തശ്ശി പോയെന്ന്. ആരൊക്കെയോ കാണാൻ വന്നപ്പോൾ കൊണ്ടുവന്ന പലഹാരങ്ങളും പഴങ്ങളും എനിക്കുവേണ്ടി കാത്തുകിടക്കുന്നുണ്ടായിരുന്നു അപ്പോഴും മുത്തശ്ശിയുടെ പെട്ടിയിൽ.