Wednesday, 29 June 2016

വെയിലിൻ ചൂടേറ്റു വാടിയ നാമ്പുകൾ
വേനൽ മഴയിൽ തളിർത്തു വന്നു...
വേദന നാമ്പിട്ട വിജനമാം വീഥിയിൽ
മിഴി പൂട്ടിയെന്നെ കാത്തുനിന്നു
എന്റെ മുറിവിൽ കണ്ണീരുപ്പു ചേർത്തു .
എന്നോ കൈവിട്ടു പോയൊരാ സൗഭാഗ്യ
നാളുകൾ വീണ്ടും ജനിച്ചു...
എനിക്കായവയൊക്കെ പുനർജനിച്ചു!!
പ്രജ്ഞയിൽ സ്വപ്നം വീണ്ടും പൂത്തുലഞ്ഞു!!!
നിനക്കിനിയെന്റെ കൈത്താങ്ങു വേണ്ട
ഇനിയെന്റെ പ്രാർത്ഥനവേണ്ട
കാലം കലിതീർത്ത കാട്ടാറു പോലെ നീ
നിർവികാരത്വം പുണർന്ന നേരം
ചിതലരിച്ചടർന്നൊരെൻ ചിന്തകളൊക്കെയും
ബന്ധന മുക്തയായ് തീർന്നു ...
സ്വതന്ത്രയായ്.... വാനിന്നപാരത പുൽകീ!!!
ചിറകൊടിഞ്ഞ കിനാക്കളും
ചിതലരിച്ച സ്മൃതികുടീരവും
വിജന പാതതൻ വികട ഭൂമിയിൽ
വിചിത്ര വേഷധാരിയായ്.
വെന്തു നീറുമീയോർമ്മകൾ
സ്മൃതി പഥങ്ങളിലലയവേ
എവിടെ വദനസുസ്മിതം? എവിടെയും....
കനലൊളിച്ച മിഴികൾ തൻ താപനം.
എനിക്കു മാത്രമായ് നേടണം
ഇന്നിതെവിടെയും കുതി വെട്ടുമായ്
സ്വാ'ത്ഥ ചിന്തകൾ ചിറകടിച്ചു -
യർന്നപാര നീലിമ പുൽകവെ
കാലടികളിൽ ചേർന്നമരുമീ
ആത്മനൊമ്പരം ആരു കേൾക്കുവാൻ.
കൂടെ നിന്നു നീ ചെയ്ത പാപങ്ങൾ
ഒന്നൊഴിയാ നിനക്കു നേർ വരും,
മൂകസാക്ഷിയായ് നിൽക്കുവാനന്നു
കാലമെന്നെ ചേർത്തു നിർത്തിടും
എന്റെ മുന്നിൽ നീ വന്നു നിന്നിടും.
ഞാനൊന്നു മെല്ലെ ചിണുങ്ങിത്തുടങ്ങുമ്പോൾ
എന്തെ മിഴിമുന്നിൽ കോപം?
ഞാനൊന്നണയാൻ പ്രാർത്ഥന ചെയ്തവർ
എന്തേ ശാപം ചൊരിയാൻ?
വെയിലേറ്റു വാടിയ ചെറുനാമ്പുകൾ
എന്റെ തണുപ്പിൽ പുതുജീവൻ പുൽകെ
കുതികുത്തിപ്പായുന്നകാട്ടാറുകൾ
കാതിൽ ചിലമ്പൊലി നാദം തീർക്കെ..
അന്നെന്നെ സ്മരി ച്ചവളെ വെറുത്തവർ
എന്റെ വരവിൽ മുഖം ചുളിക്കുന്നു,
ഞാനും അവളും ഒരുപോലെ
നിങ്ങൾക്കധികരിക്കാതിരിക്കേണം.
പെയ്തൊഴിയാനും ജ്വലിക്കാനും
മാത്രമല്ലേ ഞങ്ങൾക്കു കഴിയൂ !
നിങ്ങൾ ചെയ്യും പ്രവർത്തി തൻ ഫലമല്ലേ
ഞങ്ങളീ ദുഃഖം പേറാൻ...
അതെന്തേ അറിയാതെ പോകാൻ!!
ഒറ്റയ്ക്കിരിക്കുവാനേറെയിഷ്ടം
ഒട്ടു നേരം നിന്നെയോർത്തു കൊണ്ട്
ഓർമ്മകൾ പിന്നിലേക്കോടിക്കളിക്കുന്ന
ഓളപ്പരപ്പിലേക്കുറ്റുനോക്കി...
കൂടെയുണ്ടെന്നു സദാ പറഞ്ഞു
കൂട്ടിനുണ്ടെന്നു വൃഥാ നിനച്ചു
കൂടപ്പിറപ്പിനെ പോലെ ഞാനെൻ
കൂടൊരുക്കി ദിനം കാത്തിരുന്നു.
വെയിലേറ്റു ഹിമകണം മാഞ്ഞ പോലെ
മാരിവിൽമാനത്തലിഞ്ഞ പോലെ
എവിടെയോ വേറൊരു ചൂടു തേടി
നല്ല കൂടു തേടി, എന്നെയേകയാക്കി
ഇന്നീ നനുത്ത മണൽപ്പരപ്പിൽ
എന്റെ വേദന കോറിവരച്ചിടുമ്പോൾ
തലതല്ലിയാർത്തലച്ചെത്തും തിരയ്ക്കൊപ്പം
ഞാനുമെൻ നോവും കൊതിച്ചിടുന്നു
നിന്റെ ഓർമ്മകൾക്കൊപ്പം മരിച്ചു വീഴാൻ!!
ഒരു കറുകനാമ്പിനും പറയുവാനുണ്ടാകും
പ്രണയഭംഗത്തിന്റെ കദന കാവ്യം
ചുവടു താങ്ങിപ്പാഞ്ഞു പോകും മുകിലിനും
പറയുവാൻ കാണുമാ വിരഹഗാനം.
ഒരു കിളി മെല്ലെ ചിലയ്ക്കുന്നു പിന്നിലായ്
കുടൊഴിയാൻ നേരമായി പോലും
മാമരച്ചില്ലയിൽ കൂടൊരുക്കി കുഞ്ഞു
കിളികളും ദൂരേ പറന്നു പോയീ.
ദുരിതമൊഴിയുവാൻ നോമ്പു നോറ്റ
കൊറ്റിക്കൂട്ടവും പാടവരമ്പൊഴിഞ്ഞു,
മാമരം ചൊല്ലുന്നു നീ വരുമ്പോൾ നാളെ
മാനവനെന്നെയറുത്തു പോയാൽ
നീർ വരുമോ നിന്റെ കൺകളിലായ്
നിന്റെ ഹൃത്തടം ആർദ്രമായ് തേങ്ങിടുമോ?
പാടവരമ്പു കിളച്ചു മാറ്റിപ്പണി
തീർത്തിടും മാളികയ്ക്കപ്പുറം നിന്നു നീ?
നോവിന്റെ ചൂളയിൽ വേവുന്ന ഹൃത്തടം
നീറിപ്പിടയ്ക്കുന്നതോരോ വിരഹവും.
ചൊല്ലുവാനേറെയുണ്ടെനിക്കും വിരഹവും
പ്രണയവും തന്ന കദന കാവ്യം.
ഭൂമിയിലെന്തിനോടും പ്രണയം... ഏറെ
നിന്നോട്... ചൊല്ലാം സ്വകാര്യമായീ.

Monday, 27 June 2016

എന്തിനു നീയെന്നുദരത്തിലങ്കുരി -
ച്ചെന്തിനീ പാപ ജൻമത്തിൻ തുടർച്ചയായ്
എച്ചിൽ കഴിച്ചു ഞാനെങ്കിലും നീരൂറ്റി
ഗർഭപാത്രത്തിൽ നിനക്കു മിടിപ്പേകി
ഇന്നു നീ ഗർഭപാത്രം തുളച്ചെന്തിനീ
ദുഷ്ട ലോകത്തേക്കു വന്നു കണ്ണേ...
എല്ലിച്ചുണങ്ങിയ മാറിൽ ചുരത്തുവാൻ
നിന്റെ പിഞ്ചിളം ചുണ്ടിലേക്കിറ്റിച്ചു വീഴ്ത്തുവാൻ
ഏറെ കൊതിയുണ്ടെനിക്കു കുഞ്ഞേ നിന-
ക്കമ്മിഞ്ഞപ്പാലമൃതം വിളമ്പാൻ.
ഇത്ര നാൾ നിൻ ചുണ്ടിലിറ്റിച്ചു വീഴ്ത്തിയ
കണ്ണുനീരും വിഷ ബീജം ചുമന്നു പോയ്
ഒരു നേരമെങ്കിലും ഈ വയർ നിറഞ്ഞെങ്കി -
ലിത്തിരി പാലു ചുരന്നേനെ മാറിടം
എത്രനാളമ്മയ്ക്കുമീഗതി കുഞ്ഞേ
ചോദ്യമായ് നീ മണ്ണിലേക്കു മടങ്ങുക.
ചുറ്റിലും ഉണ്ടനേകരെന്നാകിലും
നിന്റെ പ്രാണനെ കാക്കാനവർക്കാവുമെങ്കിലും
നാലു നേരം തിന്നു മതികെട്ടു വിവശരായ്
ദുർ മേദസ്സു മാറ്റാൻ മരുന്നു തേടുന്നവർ
ഒരു നേരമൊരു വറ്റു കൈകളിൽ പറ്റാതെ
കണ്ണീരു തൂകുമീ പ്രാർത്ഥന കേൾക്കാതെ.
ഇവിടെയീയസമത്വമെന്നു തീരും?
ഏത് കാലത്ത്? ഏതവതാരമോടെ???
ഒന്നു ചൊല്ലാം.. നമുക്കൊത്തുചേർന്നാൽ
അതിലും വലുതൊരവതാരമില്ല.