Wednesday, 30 December 2015



പ്രണയമേ നീയെന്നെ പുണരൂ...!! 
ഒരു പ്രളയമായ് നീയെന്നിലാഞ്ഞടിക്കൂ...!!!
പേമാരിയായും കൊടുങ്കാറ്റു തീർത്തും 
എന്നിൽ താണ്ഡവമാടിത്തിമർക്കൂ...! 
പ്രണയമേ.....നീയെന്റെ ചേതനയെ 
ഉയിരോടെ ഉണർവിലേക്കുയർത്തൂ
സടകുടഞ്ഞെൻ മോഹ ഭംഗങ്ങളവിടെ 
അനന്ത വിഹായസ്സിൽ പറന്നിടട്ടെ...!
പ്രണയമേ....നീയെന്നെ തഴുകിത്തലോടുമ്പോൾ
മനസിലൊരാലസ്യ ഭാവം 
ആത്മ നിർവൃതിതൻ ലാസ്യ ഭാവം 
ആ ഭാവത്തിൽ വിടരുമെൻ ഗീതം. 
പ്രണയമേ....നീയെന്നിലലിയുമ്പൊഴെ 
എന്നിൽ കണ്ണീരുപ്പു രുചിക്കൂ... 
പ്രണയമേ....നീയെന്നെ തഴുകുമ്പൊഴെ 
എന്നിൽ വിരഹാർദ്ര ഭാവം നിറയൂ...
മൃദുല ഭാവങ്ങളെൻ പ്രജ്ഞ പുൽകുമ്പൊഴെ
ഞാനെന്ന പൂർണ്ണത നേടൂ.....
പ്രണയമേ നീയെന്നെ പുണരൂ ...!!
ഒരു പ്രളയമായ് നീയെന്നിലലയടിക്കൂ....!!! 

Thursday, 24 December 2015


പൂമരക്കൊമ്പിലിരുന്നതിന്റെ  
ശാഖികൾ തോറും പാറിപ്പറന്നു 
മോഹച്ചിറക് പറത്തിയങ്ങാകാശ 
നീലിമയിൽ നീന്തിത്തുടിച്ചു. 
പിച്ച നടക്കും മുൻപുതന്നെ 
ഒരു ചിറകാരോ അരിഞ്ഞിരുന്നു...!! 
താഴെയിരിക്കുമീ ചില്ലയിലേ  
കൂടൊരുക്കാനെനിക്കാവതുള്ളൂ ..!!
മറ്റുള്ള ചിന്തകളൊക്കെയെൻ മോഹം 
എന്നാലസാധ്യമായ് തീരുന്ന കാര്യം. 
എങ്കിലും മോഹപ്പുടവചാർത്തി 
നീയെന്നിൽ സ്നേഹം നിറച്ചു തന്നു 
ചില്ലയിലാമോഹ കൂടുകെട്ടി 
എന്റെ സ്വപ്നങ്ങൾ വിരിയിച്ചെടുത്തു 
ഭൂമിയിൽ ഞാനും പടുത്തുയർത്തി 
ഒരു സ്വർഗീയ ലോകം നിനക്കുചുറ്റും. 
ഇന്നീ മരത്തിൻ കടയ്ക്കലായീ  
ആഞ്ഞു വെട്ടുന്ന കരങ്ങൾ കാണ്കെ 
നിൻ കൈകൾ കണ്ണിൽ പ്പെടാതിരിക്കാൻ 
കണ്ണുനീരാലെ  മറവു തീർത്തു... 
പറക്കാൻ കൊതിച്ചു വിരിഞ്ഞൊരീ മോഹങ്ങൾ 
വേദനയാൽ ഭൂവിൽ വേർപെടുമ്പോൾ 
ഞാനീ മറക്കൊമ്പിൻ ഭാരമൂന്നി 
ജീവൻ പിടഞ്ഞു കരഞ്ഞിടുമ്പോൾ 
എൻ കണ്ണിൽ നീയൊന്നു നോക്കിടല്ലേ...! 
എൻ ചുണ്ടിൽ നീരല്പം ചേർത്തിടല്ലേ ...!!
നിനക്കായ് വിരിഞ്ഞ കവിതയില്ലാ കണ്ണിൽ 
പുഞ്ചിരി തൂകും പ്രണയമില്ലാ ചുണ്ടിൽ 
നോക്കി നിൻ മിഴിമെല്ലെ തൂവിയെന്നാൽ 
അതു താങ്ങാനെനിക്കു കഴിവതില്ല. 
ഇനി നിന്നെ പുണരും പുലരികളും 
മന്ദം തലോടുന്ന മാരുതനും 
മണിവീണ മീട്ടും കോകിലവും....  നിന്നിൽ 
പുതിയൊരു ലോകം തീർത്തിടട്ടെ 
അതുകണ്ടു തൃപ്തയായാകാശ വീഥിയിൽ 
നക്ഷത്ര കണ്ണു ചിമ്മട്ടെ ഞാനും....!!!  

Tuesday, 22 December 2015


എന്റെ മുത്തശ്ശിയെക്കുറിച്ചെഴുതട്ടെ....
              അതിജീവനത്തിന്റെ ഉദാഹരണമായിരുന്നു അവർ. 36 മത്തെ വയസ്സിൽ കാൻസർ ബാധിച്ചതിനെ തുടർന്ന് വലതുകാൽ മുട്ടിനു മുകളിൽ വെച്ചു മുറിക്കേണ്ടി വന്നു. എന്നിട്ടും 102 മത്തെ വയസിൽ മരിക്കുവോളം അവർ കുടുംബത്തിന്റെ നട്ടെല്ലായിരുന്നു. തറവാട്ടമ്മയായിരുന്നു.
               ആറു മക്കളിൽ ഏറ്റം ഇളയമകന്റെ ഏറ്റം ഇളയമകളായ ഞാനായിരുന്നു മുത്തശ്ശിയുടെ സ്നേഹഭാജനം.  അച്ഛനോ മറ്റോ അടിക്കാൻ  ഓടിച്ചാൽ മുത്തശ്ശിക്കുപിന്നിൽ ഒളിച്ചാൽ മതി.  നടക്കാൻ ഉപയോഗിക്കുന്ന വടി, മുറുക്കാനിടിക്കുന്ന ഇരുമ്പുലക്ക, എന്നിവകൊണ്ടൊക്കെ ഏറുകിട്ടും അവർക്ക്. എന്നെ വഴക്കു പറയാൻ പോലും ആരേം സമ്മതിക്കില്ല.
                തറവാട്ടിൽ അച്ഛന്റെ ഏട്ടനും കുടുംബവും ആണെങ്കിലും മുത്തശ്ശിക്കു കൂട്ടു കിടക്കൽ എന്റെ വല്യേട്ടന്റെ ജോലിയാണ്.  പത്തായ പുരയോടുചേർന്ന മുറിയിൽ പ്രത്യേകം കട്ടിലൊക്കെയാണ്.  ഏട്ടൻ എവിടേലും പോയാൽ ആ ജോലി എനിക്കാണ്.
                അന്നത്തെ സന്ധ്യകൾ എന്ത് രസമായിരുന്നു. വൈകുന്നേരമായാൽ എല്ലാവിളക്കുകളും തുടച്ചു മിനുക്കി തിരി തെറുത്തു എണ്ണ പകർന്നു വെക്കും. കത്തിച്ച നിലവിളക്കിനു മുന്നിലിരുന്ന്  മുത്തശ്ശിക്കൊപ്പം  നാമം ജപിക്കും. കിടന്നാൽ ഉറക്കം വരുവോളം കഥപറച്ചിലാണ്.  അധികവും എറണാകുളം യാത്രയെക്കുറിച്ചായിരിക്കും. അവിടെ സർക്കാർ ആശുപത്രിയിൽ വച്ചായിരുന്നു കാൽ ഓപറേഷൻ ചെയ്തത്. ആദ്യമായി തീവണ്ടിയിൽ കയറിയ കാര്യമൊക്കെ ഞങ്ങൾ ആകാംക്ഷയോടെ കേട്ടിരിക്കും.
                 പക്ഷേ.......... ഇഷ്ടപ്പെടാത്ത ഒരേയൊരു കാര്യം പേൻ നോക്കാൻ പിടിച്ചിരുത്തിക്കളയും എന്നതായിരുന്നു. കളിക്കുന്ന സമയത്തൊക്കെയാവും വിളി.  ചെന്നില്ലേൽ അടികിട്ടും. അതുകൊണ്ട് ഇഷ്ടമില്ലാതെ മടിയിൽ തലവച്ചു കൊടുക്കും. ഉറക്കം വരും.  ഇപ്പോ അതൊക്കെ കൊതിയാണ്.     വിരുന്നുകാർ വരുമ്പോകൊണ്ടു വരുന്ന എന്തു സാധനവും മുത്തശ്ശി എനിക്ക് വെക്കാതിരിക്കില്ല.                           മരിക്കുന്നതിനു കുറച്ചുനാൾ മുൻപ് ഞാനടുത്തുണ്ടായിരുന്നില്ല. കോളേജ് അടച്ചപ്പോൾ ചേച്ചിയുടെ വീട്ടിൽ പോയതായിരുന്നു. പോകുമ്പോൾ വലിയ വയ്യായ്ക ഉണ്ടായിരുന്നില്ല. അവിടെ കുറച്ചുനാൾ നിന്നപ്പോൾ എനിക്ക് മുത്തശ്ശിയെ കാണണം എന്ന വല്ലാത്ത തോന്നൽ. ഉറക്കം വരുന്നില്ല....ഭക്ഷണം വേണ്ട അങ്ങനെ. തോട്ടത്തിൽ ജോലിക്കാരുള്ളതിനാൽ പണികഴിഞ്ഞു ഒന്നിച്ചുപോകാം എന്നും പറഞ്ഞ് ചേച്ചി പിടിച്ചു നിർത്തുകയാണ്. ഞാൻ കരയാൻ തുടങ്ങി. അങ്ങനെ പിറ്റേന്ന് രാവിലെ തിരിച്ചു വീട്ടിലെത്തിയ ഞാൻ വേഷംപോലും മാറാതെ മുത്തശ്ശിയെ കാണാൻ തറവാട്ടിലേക്കോടി.  വിളിച്ചിട്ടു മിണ്ടുന്നില്ല. എന്നെ നോക്കുന്നുണ്ട്. എനിക്കാകെ പേടിയായി. വിയർക്കുന്നുമുണ്ട്.  അരികിലുള്ള പാത്രത്തിൽ നിന്നും വെള്ളമെടുത്ത് കുറെ കുടിപ്പിച്ചു. എന്നും ചെയ്യുന്നതുപോലെ കട്ടിലിനരികിൽ വെച്ച കുഴമ്പെടുത്തു മേലാകെ പുരട്ടികൊടുത്തു. പുതപ്പിച്ചപ്പോൾ പുതപ്പ് പതുക്കെ കൈകൊണ്ടു മാറ്റി കളഞ്ഞു.  ഞാൻ ചെയ്യുന്നതും വിളിക്കുന്നതുമൊക്കെ അറിയുന്നുണ്ട്. എന്തോ പറയാൻ വന്നെങ്കിലും ഒന്നും പറയാതെ കണ്ണടച്ചു. എന്റെ നിലവിളി കേട്ടാണ് മറ്റുള്ളവർ അറിയുന്നത് മുത്തശ്ശി പോയെന്ന്. ആരൊക്കെയോ കാണാൻ വന്നപ്പോൾ കൊണ്ടുവന്ന പലഹാരങ്ങളും പഴങ്ങളും എനിക്കുവേണ്ടി കാത്തുകിടക്കുന്നുണ്ടായിരുന്നു അപ്പോഴും മുത്തശ്ശിയുടെ പെട്ടിയിൽ.    

  

Friday, 11 December 2015

ഇല കൊഴിഞ്ഞ വാക മരത്തണലിൽ ഏകാകിയായിരിക്കാനായിരുന്നു 
ഏറ്റവും കൂടുതൽ മോഹിച്ചിട്ടുള്ളത്. അതും ഡിസംബറിലെ മരം കോച്ചുന്ന തണുപ്പിൽ. 
അവളും തന്നെപോലെ...ഏകയാണ്...
മുന്നിൽ കൂട്ടിനാരുമില്ലാതെ....
പുറകിൽ മരിച്ചു മണ്ണടിഞ്ഞവരുടെ ആത്മ നൊമ്പരങ്ങൾ മാത്രം.
കാത്തിരിപ്പ്....അത് ഓരോ മുഖങ്ങളിലും കാണാം...പക്ഷേ ...അവളും..... ആരെ കാത്തിരിക്കാൻ!!!
ഉള്ളിലെ ചുട്ടുപഴുത്ത ചിന്തകളുടെ തീയാറ്റാനാകണം ഡിസംബറിലെ ഈ തണുപ്പിനെ ഞാൻ ഇത്രയേറെ പ്രണയിക്കുന്നത്...
ഏകാന്തത എന്നും ഒരനുഗ്രഹമാണ്‌.... നിന്നോട് സംവദിക്കുന്നതൊക്കെയും ഞാനപ്പോഴാണ്. നേരിട്ട് കാണുമ്പോൾ പറയാൻ വച്ചതും, ജീവിതത്താളിൽ മറന്നു വച്ചവയും ..
ഒരിക്കലും സാധ്യമാവാത്തവ. മനസിന്റെ ചക്രവാളത്തിൽ മായിക കൂട് തീർത്ത്‌ കുഴിച്ചു മൂടിയവ. 
പുതു പുലരിയിൽ ജീവകണം പേറി തിരിച്ചു വരാത്തവ. അവയൊക്കെ ചിന്തകളിലൂടെ പുനർജനി തേടുമ്പോൾ ...ആത്മ സാക്ഷാത്കാരത്തിന്റെ ആ അനുപമ സംതൃപ്തിയിൽ അലിഞ്ഞലിഞ്ഞില്ലാതാകുമ്പോൾ ഞാനെന്നിലെ സത്ത തിരിച്ചറിയുന്നു. 
അതെനിക്ക് സമ്മാനിച്ച ഏകാന്തതയുടെ അപാരതയെയും. 

Thursday, 10 December 2015

ചിലരോട് നമ്മൾ എത്ര ആത്മാർത്ഥത കാണിച്ചിട്ടും ഒരു കാര്യവുമില്ല. നമ്മെ വേദനിപ്പിക്കൽ അവർക്കൊരു രസമാണ്. ബന്ധുക്കളാകട്ടെ, സഹപ്രവർത്തകരാകട്ടെ, സ്നേഹിതരാകട്ടെ.  വിശ്വസിച്ചു കൂടെ നടന്നിട്ട്...ജീവനും ജീവിതവും അവരുടെ സന്തോഷത്തിനായി ഉഴിഞ്ഞു വച്ചാലും വാക്കു കൊണ്ടും പ്രവർത്തി കൊണ്ടും ചതിച്ചു കളയും നമ്മെയവർ. അവരുടെ തെറ്റുകൾ പലപ്പോഴും സ്നേഹത്തിന്റെ പേരിൽ നമ്മൾ സ്വയം ഏറ്റെടുക്കാൻ തയ്യാറായേക്കും. പക്ഷേ ....അവ അവരുടേ താണെന്നറിഞ്ഞിട്ടും അതൊക്കെ മറ്റുള്ളവരുടെ മുന്നിൽ നമ്മളിൽ അടിച്ചേൽപ്പിക്കാൻ യാതൊരു മടിയും ഉണ്ടാവില്ലിവർക്ക്.  ഒരിക്കലും ഇവരെ വിശ്വസിക്കരുതെന്ന് കരുതും. സ്നേഹിക്കരുതെന്നും. എന്നാലും എപ്പോഴും നമ്മൾ തോറ്റു പോകും. നമുക്ക് നമ്മളാകാനല്ലേ കഴിയു. അവരോട് പൊറുക്കാനും എല്ലാം മറക്കാനും..... കാര്യങ്ങൾ ആവർത്തിക്കുമെന്നറിഞ്ഞിട്ടും അറിയാതെ സ്നേഹിച്ചു പോകും.  വീണ്ടും വിശ്വസിച്ചു പോകും. കാരണം നമ്മുടെ സ്നേഹം ആത്മാർത്ഥമായതു തന്നെ. അവിടെ എപ്പോഴും വിട്ടുവീഴ്ച്ച മുന്നിൽ നിൽക്കും.  




  

Wednesday, 9 December 2015

ആരായിരുന്നൂ നീയെനിക്ക്
അന്തരംഗത്തോടു ചോദിച്ചു ഞാൻ
ആരൊക്കെയല്ലാ നീയെനിക്ക് 
എന്നൊരുത്തരം എന്നിൽ വിറങ്ങലിച്ചു. 
നീയെൻ വീണയിൽ രാഗമാണ് 
ഈ  മലർവാടിയിൽ റാണിയാണ് 
ഇച്ഛയും ശക്തിയും ചിന്തപോലും 
നീയെന്നാത്മാവിൻ സ്പന്ദനവും.

നീയെൻ കവിതയിൽ ഭാവമാണ് 
നാളേക്കുള്ള പ്രതീക്ഷയാണ് 
മജ്ജയും മാംസവും മാനസവും 
ജീവൻ തുടിപ്പതിൻ ഹേതുവാണ്. 

നീയെൻ രാഗം....നീയെന്റെ ഭാവം 
നീയെന്റെ മോഹസാഫല്യമാണ് 
എന്റെ ജീവചൈതന്യമാണ്.


Thursday, 3 December 2015


പ്രകൃതി...ഒരു വികൃതി....
മാനവന്റെ വികൃതിക്ക് മറുപടിയേകി
ചിലപ്പോഴതു തകൃതി...
ഇടിയും....മിന്നലും 
പെയ്തൊഴിയാതിരിക്കും മഴയും 
തടുക്കാനെളുതോ മാനവനിന്നും 
മതിപ്പോടെ നടപ്പവനെങ്കിലും? 


കുഞ്ഞിത്തരിവളയിങ്ങനെ കിലുങ്ങുമ്പോൾ
ഈ അമ്മമനമറിയാതെ തുളുമ്പും വാവേ...
കാൽച്ചിലമ്പൊലി അങ്ങകലെ മറയുമ്പോൾ
തേങ്ങലൊരോളമായ് പുണരും വാവേ.
തളിർ മേനിയങ്ങനെ തഴുകിത്തലോടീ
മനസിലൊരായിരം താരാട്ടു മൂളീ...
ചൊടിയൊടു നീയെന്നോടടുത്തിരിക്കുമ്പോഴേ....
ഉണരൂ പ്രജ്ഞയിൽ പുലരികളും.
ഒഴുകിയകലും കാട്ടാറുകളും....
തഴുകിത്തലോടും മാരുതനും, 
സ്വാഗതമോതും പൂവുകളും ...
മന്ദ സ്മിതത്തിൻ ചാരുതയും 
നീയരികിലില്ലേൽ ഇവയെല്ലാം 
അമ്മയ്ക്കരുതാ കനിയാകും....
അപ്പോഴമ്മമനമറിയാതെ തേങ്ങും വാവേ. 



   

Saturday, 28 November 2015

നിന്റെ ജീവിതം പടുത്തുയർത്താനുള്ള അടിത്തറ മാത്രമായിരുന്നു ഞാൻ...നീ പടുത്തുയർത്തിയ മണി സൗധം എന്നെ ഞരിച്ചമർത്തിക്കൊണ്ടെയിരുന്നു. നിന്റെ സന്തോഷത്തിനു വേണ്ടി ആ വേദനകൾ ഞാൻ സഹിച്ചുകൊണ്ടിരുന്നു. നിന്റെ രക്തത്തിൽ കുട്ടികളെ നിർമ്മിക്കാനുള്ള ഒരുപകരണം മാത്രമായിരുന്നു ഞാൻ. രാവിന്റെ ഏകാന്തതയിൽ ഞെരിഞ്ഞൊടുങ്ങുന്ന തേങ്ങലുകൾക്കൊടുവിൽ ചാലിട്ടൊഴുകുന്ന കണ്ണീർ കാണാതെ പുറംതിരിഞ്ഞു കിടക്കുന്ന നേർരേഖപോലെ.
സ്വാർത്ഥതക്കുവേണ്ടി നീയെന്നെയൊടുവിൽ ചില്ല് കൂട് പണിതു പൂമാല ചാർത്തി അതിനുള്ളിലാക്കി. ഒരു കല്ലുപതിച്ചാൽ അടർന്നു പോകുമെന്നറിഞ്ഞിട്ടും.  അതിനുള്ളിൽ ജീവവായു തിരഞ്ഞു ഞാൻ നിലവിളിച്ചതൊന്നും നീ കേട്ടില്ല....യാചനയുടെ കണ്ണുനീരോ ദാഹാർത്തമായ ചുണ്ടുകളോ നീ കണ്ടില്ല.... ജീവച്ഛവമെങ്കിലും നിനക്കെന്നെ വേണമായിരുന്നു..നീയെന്ന സൗധത്തിന്റെ അടിത്തറയായി ഞെരിഞ്ഞമരാൻ... ആഞ്ഞടിച്ച കൊടുങ്കാറ്റിൽ....ആർത്തിരമ്പിയ മഴയിൽ പൊട്ടിയടർന്ന ചില്ലുകൂട്ടിൽ ഒലിച്ചിറങ്ങിയ ജീവജലം ....തള്ളിക്കയറി വന്ന ജീവവായു.... എവിടെക്കെന്നറിയാതെ ഓടുകയായിരുന്നു..ഓടിത്തളർന്നെത്തിയ  പാഴ് ഭൂമിയിൽ കണ്ട പാതിയും കരിഞ്ഞ മരച്ചില്ലയിൽ താഴെ വീണു കിടക്കുന്ന കരിയിലകളും ഉണങ്ങിയൊടിഞ്ഞ ചില്ലകളും പെറുക്കി കൂട്ടി മനസുകൊണ്ട് ഞാൻ തീർത്ത ഈ മാടം...അതിനു മുകളിൽ നിന്റെ അവസാന പ്രതികാരാഗ്നിയും പതിപ്പിച്ചു ചാമ്പലാക്കും മുൻപ് ...ഈ യാചനയെങ്കിലും ഒന്ന് കേട്ടെങ്കിൽ....ഈ ചില്ലയിൽ ആരോരുമറിയാതെ ഞാനീ ശോകഗാനം പാടി തീർക്കാനായെങ്കിലും എന്റെയീ മനസെങ്കിലും എനിക്കായി തന്നുകൂടെ നിനക്ക്   

Thursday, 26 November 2015

നാവിൽ നോവു തൊട്ടു തന്നതൊക്കെയും 

പദമൊപ്പിച്ചു പാടി ഞാൻ .....


നോവറിയാ മനസിലൊരാർദ്രഗാനമസാധ്യമാം

വിഷാദ ശ്രുതിയിലെങ്കിലും.

 മധുര സ്മ്രുതിയിലലിയുമെൻ നിതാന്ത ചിന്തകളൊക്കെയും 


അനുവാചകന്റെ മനസിലെ അനന്തസീമയെ കൈതൊടാ 


ഇനിയുമെത്രയഗാധമാം....നോവിൻ തുരുത്തിലകപ്പെടാം 


മുൾപ്പടർപ്പിൽ കൊരുത്തിടും ഹൃദയ വേദനയൊക്കെയും 


 കൈ കുമ്പിളിൽ കോരിയെടുത്തു ഞാൻ 


പവിഴങ്ങളായ്, നറുപുഷ്പമായ്


മാല കോർത്തണിയിക്കട്ടെയോ 


 ഹേതുവായ നിൻ മാറിലായ് .  










 കറുപ്പായിരുന്നു നിന്റെ നൊമ്പരം 
കറുപ്പിനഴക് ഏഴെന്നു ചിലർ നിന്നെ പുകഴ്ത്തി 
എന്നിട്ടും വെളുപ്പിനെ എന്നപോലെ കറുപ്പും നീ വെറുത്തു...
വെളുപ്പിനുള്ളിലെ കാർമേഘങ്ങൾ പലപ്പോഴും നിന്നിൽ കൂടുതൻ ഇരുട്ട് നിറച്ചു.
പാൽചിരിക്കു പിന്നിലെ ദ്രംഷ്ടകൾ നിന്നെ ഭയചിത്തനാക്കി.
ഓടിയൊളിക്കാൻ ഇടം കാണാതെ കാലിടറി വീണു പോയതൊക്കെയും 
വെളുപ്പെന്ന ശാപം കിട്ടിയ ഈ മനസിലേക്കായിരുന്നു.
വാരിയെടുത്ത് ഹൃദയത്തിലിരുത്തിയിട്ടും 
ഈ വെളുപ്പിനുള്ളിലെ നന്മ കാണാതെ 
നിന്നിലെ കരി കലി തുള്ളിക്കൊണ്ടേയിരുന്നു!!!!  



 

ഇന്നെന്റെ എഴുത്ത് നിന്നെക്കുറിച്ചാകട്ടെ
സുന്ദരമോ വിരൂപമോ എന്നറിയില്ല...
നീ ആരെന്നു ഞാൻ നോക്കിയില്ല.  ആണോ പെണ്ണോ ആകട്ടെ . അത് നമുക്കിടയിൽ വിടവല്ല 
പണ്ഡിതനോ പാമരനോ...ഇല്ല....പണ്ഡിതൻ തന്നെ 
അതാണല്ലോ എന്റെ മനസിലൊന്നുടക്കിയത്.
ഒരിക്കൽ പോലും ഇൻബോക്സിൽ വന്ന്  എന്നിൽ വിരസത വിളയിച്ചില്ല.
അലോസരപ്പെടുത്തുന്ന ഒരുവാക്കുപോലും ഉണ്ടായില്ല. 
എഴുത്തിലെവിടെയോ ഒരു വിളക്കിച്ചേർക്കൽ അനുഭവപ്പെട്ടിരുന്നു. പട്ടണ ത്തിരക്കിലോ...വിദൂര ഗ്രാമത്തിലോ... കാണാമറയത്തിരുന്ന് തൊട്ടടുത്ത് ....എഴുത്തിന്റെ ആത്മസ്പർശം...അതനുഭവഭേദ്യമായിരുന്നു.....ഹൃദയങ്ങൾ തമ്മിലുള്ള ഈ ഇഴയടുപ്പം എത്രകാലം സൂക്ഷിക്കാൻ കഴിയുമെനിക്ക്? അറിയില്ല....കഴിയുന്നിടത്തോളം നിന്റെ വരികൾ ഞാനെന്റെ നെഞ്ചോടു ചേർത്തുവെക്കും.  കാരണം....ഞാനെഴുതാൻ കൊതിച്ചവയായിരുന്നു അവയൊക്കെയും. എന്തൊക്കെയോ കാരണങ്ങൾകൊണ്ട് എനിക്കെഴുതാൻ കഴിയാതെപോയ എന്റെ മനസ്.... അതിനിയും നിന്നിലൂടെ പുനർജനിക്കുന്നതും കാത്ത് ....ആത്മ സംതൃപ്തിയോടെ നിനക്കറിയാത്ത നിന്റെ സുഹൃത്ത്    
   

Sunday, 22 November 2015

               അമ്മ, ഭാര്യ, നാല് മക്കൾ...
               പിന്നെയുമുണ്ട് അംഗ സംഖ്യ..പട്ടി, പൂച്ചകൾ, പശു, ആട്  തുടങ്ങിയവ...
                ഇനിയുമുണ്ട്....
                സുഖാന്വേഷണത്തോടെ എന്നും നാട്ടുമാവിൽ ചുറ്റി പിണഞ്ഞു കയറിയ നാടൻ വെറ്റില നുള്ളാൻ വരുന്ന കുഞ്ഞേച്ചിക്ക് .....'മോര് കടഞ്ഞെങ്കിൽ കുറച്ചിങ്ങു താ അവിടെ ചോറ് വിളമ്പി' എന്ന് പറഞ്ഞു തിടുക്കം കൂട്ടുന്ന വല്ല്യേച്ചിക്ക് ....തന്നെ പോലെ തന്നെ ചേറിൽ പണിത് സന്ധ്യക്ക്‌ കുളിയും കഴിഞ്ഞു റേഡിയോയിൽ വാർത്ത കേൾക്കാനായി ഉമ്മറത്തെത്തുന്ന ഏട്ടന്....
എല്ലാവർക്കും തൃപ്തി യോടെ അന്നം വിളമ്പാൻ ചോര നീരാക്കുന്നുണ്ടായിരുന്നു യാതൊരു പരാതിയുമില്ലാതെ അച്ഛൻ.
               സ്വത്ത് വീതം വെച്ചപ്പോൾ തറവാട് ഇളയവനായ അച്ഛനു കിട്ടി..സ്ഥലങ്ങളെല്ലാം തുല്യമായി വീതിച്ചു. വീതം വാങ്ങി പോയവരും ഭക്ഷണ സമയത്ത് പലപ്പോഴും തറവാട്ടിൽ തന്നെയായിരുന്നു.
              മുത്തശ്ശിക്ക് സന്തോഷത്തിന്റെ നാളുകൾ തന്നെയായിരുന്നു. മക്കളെല്ലാം അടുത്ത്. ഓണവും വിഷുവും, തിരുവാതിരയുമെല്ലാം തറവാട്ടിൽ എല്ലാവരുമൊത്തുകൂടുമ്പോൾ ഒന്നിനും ഒരു കുറവും വരുത്തിയില്ല അച്ഛൻ. മിച്ചമൊന്നുമുണ്ടായില്ലെങ്കിലും.
                 പഠിത്തം ഉണ്ടായിട്ടും ജോലികിട്ടാതെ അച്ഛനെ സഹായിക്കേണ്ടിവന്ന ഏട്ടൻ. പഠിക്കുന്ന അനിയൻ. വിവാഹ പ്രായമെത്തിയ ചേച്ചി..പിന്നെ കോളേജിൽ പോകുന്ന താനും.
                 ചേച്ചിയുടെ വിവാഹത്തോടെയാണ് അസ്വസ്ഥതകൾ പുറത്തു വന്നത്. ആരും സഹായിച്ചില്ലെന്നു മാത്രമല്ല....മുത്തശിയുടെ കാശി മാലയും ഏലസ്സും ഏട്ടന്റെ മകളുടെ വിവാഹത്തിനു പുതുക്കി പണിതു...പിന്നെയുള്ള മൂന്നു വളകൾ ഓരോ നിവൃത്തികേടു പറഞ്ഞു രണ്ടു പെങ്ങൻമാരും കൈക്കലാക്കി. ഇപ്പൊ കഴുത്തിൽ ഒരു നൂൽ തൂക്കം പൊന്നുണ്ട്.
                മുത്തശ്ശിക്കും പിന്നീടത്‌ സങ്കടമായിരുന്നു.  വീടും പറമ്പും ഈടുവെച്ചു  ചേച്ചിയുടെ വിവാഹവും ഏട്ടനൊരു ബിസിനസ്സിനുള്ള വകയുമായി. ഇനിയൊന്നും കിട്ടാനില്ലെന്നു കണ്ടതോടെ കൂടപ്പിറപ്പുകൾ പതുക്കെ പിൻവാങ്ങി തുടങ്ങി.
                മുത്തശ്ശിയുടെ മരണം...പലിശ കേറി വരുന്ന കടത്തിന്റെ ചിന്തകൾ...വിശ്രമമില്ലാത്ത അധ്വാനം.. അച്ഛനെ ഒരു നിത്യ രോഗിയാക്കുമെന്നു ഭയന്നാണ് അമ്മ വാശി പിടിച്ചത്.
                 'വീടും പറമ്പും വച്ചു ബാക്കി വിറ്റ് കടം തീർക്കാം.  സീമയുടെ വിവാഹവും.  പിന്നെ അജയൻ....അവനൊരാണല്ലെ...മതി ഈ അലച്ചിൽ'.
                   ഒരു പരാതിയുമില്ലാതെ എന്നും താങ്ങും തണലുമായിരുന്നവൾ...പാതി രാവിലെപ്പോഴോ പണിയൊതുക്കി തന്റെ പുതപ്പിനോരം ചേർന്ന് കിടന്ന്  ഏഴര പുലർച്ചെ എഴുന്നേറ്റ് വീണ്ടും പഴയ തിരക്കിലേക്ക്. അവൾക്കു വരുന്ന അസുഖങ്ങൾ പോലും  അവളോ താനോ ശ്രദ്ധിക്കാറില്ല.  അതിനു നേരമില്ല എന്നതാണ് സത്യം.
                  അജയന്റെ പഠനത്തിനുള്ള പൈസ മിച്ചം വന്നിരുന്നു...ദൈവാനുഗ്രഹമെന്നോണം അകലെയെങ്കിലും നല്ലൊരു ജോലിയുമായി. ബിസിനസ് തിരക്കിൽ മൂത്ത മകനും ടൗണിലേക്ക് താമസം മാറ്റി. ചേച്ചി ആദ്യമേ അധികം വീട്ടിൽ വരാറില്ല. ലീവ് ദിവസങ്ങളിൽ വല്ലപ്പോഴും വന്നു പോകുന്ന താനാണ് അവർക്ക് ആകെയൊരാശ്വാസം. ഇരുട്ടും മുൻപ് വീടെത്തണമെന്നാണ് ഭർത്താവിന്റെ താക്കീത് .
                      അമ്മയുടെ രോഗം ആദ്യമൊന്നും ആരേയും അറിയിച്ചില്ല. ചികിത്സിച്ചു ഭേദമാക്കാൻ പറ്റാത്ത വിധമായപ്പോഴാണ് എല്ലാവരുമറിയുന്നത്‌. അറിഞ്ഞിട്ടെന്തു കാര്യം? നോക്കാൻ ആർക്കാണ് നേരം?
                   താൻ വരുമ്പോഴൊക്കെ ഉള്ളിൽ കരഞ്ഞുകൊണ്ട്‌..... ഓരോ കഥകൾ പറഞ്ഞു പൊട്ടിച്ചിരിച്ചു  അമ്മക്ക് പൊടിയരികഞ്ഞിയും മുത്താറി കുറുക്കും കോരി കൊടുക്കുന്ന അച്ഛനെയാണ് കാണാറ്.  വെളുപ്പിനെഴുന്നേറ്റു അമ്മയുടെ തുണിയലക്കിയും, പാത്രം കഴുകിയും, ഭക്ഷണം വച്ചും ഒരു പരാതിയുമില്ലാതെ... തന്നെ കണ്ടാൽ മാത്രം ഒന്ന് പുറത്തിറങ്ങും. മുടി വെട്ടാനും മറ്റുമായി. പിന്നെ ഏതു നേരവും അമ്മയുടെ പരിചരണത്തിലാണ്.
                    അച്ഛനെന്നും ഒരു പ്രാർത്ഥനയെ ഉണ്ടായിരുന്നുള്ളൂ....രോഗിയെങ്കിലും താൻ മരിക്കും വരെ ഇങ്ങനെ അവളെ കട്ടിലിൽ കണ്ടോണ്ടിരിക്കണമെന്ന്.  പക്ഷെ..... അത് ദൈവം കേട്ടില്ല.
ഇന്നച്ഛൻ ഊഴം കാത്ത് ഓരോ മക്കളുടെ വീട്ടിലാണ്. ദിവസം തികയും മുൻപേ ചോദ്യം വരും. നാളെ അച്ഛൻ അവിടെ ആണല്ലോ എന്ന്....
                  വിഷമം പുറത്തു കാട്ടാതെ പുഞ്ചിരിക്കും. 'ഉം...നാളെ പോകണം'
ഈ അലച്ചിൽ വയ്യ...ശ്വാസം മുട്ടും ഉറക്കമില്ലായ്മയും അവർക്കൊക്കെ ആലോസരമാണ്.  ഇനി പോകേണ്ടത് അവളുടെ അടുത്തേക്കായിരുന്നു ....പക്ഷേ ....
                    നാളെ കൊണ്ടുപോകാനുള്ള ബാഗിൽ പതിവുപോലെ അവളുടെ ഫോട്ടോ മാത്രം എടുത്തുവെച്ചു.


 
 
  

Saturday, 21 November 2015

അമ്മതൻ വാത്സല്യമേറ്റു വാങ്ങാൻ
അമ്മത്തണലിൽ കിടന്നുറങ്ങാൻ
അമ്മിഞ്ഞപ്പാലിൻ മധു നുകരാൻ
ആ മടിത്തട്ടിലിരുന്നു കൊഞ്ചാൻ.
ഇന്നും കൊതിച്ചു പോകുന്നു ഞാനീ
കുഞ്ഞിന്റെയമ്മയെന്നോർത്തിടാതെ
അകലെയങ്ങാകാശ മാറിലിരുന്നു നീ
നക്ഷത്ര കണ്ണു ചിമ്മിക്കളിക്കെ
ഇക്കുഞ്ഞിനൊപ്പം ഞാനുമമ്മേ ...
നിന്റെ മാറിന്റെ ചൂടു തേടുന്നു സദാ...


  

Friday, 20 November 2015

ഇടനെഞ്ചു തേങ്ങിപ്പിടയുന്ന നേരം
മിഴിമുന്നിൽ കാണുവാൻ മോഹം
നിറമിഴി രണ്ടിലും കതിരിടും കനവിന്റെ
പടിമെല്ലെ ചാരുവാൻ മോഹം.
ഇറയത്തായൊഴുകുമാ മഴവെള്ള പാച്ചിലിൽ
കളിവള്ളം തുഴയെറിഞ്ഞൊഴുക്കീ
കുതികൊണ്ട മോദത്തിൻ വാടാമലരുകൾ
അതിരില്ലാക്കടലിലേക്കൊഴുകീ
തളിരിടും നെല്ലിന്റെ കതിർകൊത്തി പായുന്ന
കിളികൾക്ക് കോലം വരയ്ക്കാൻ
പാടവരമ്പിലെ ആമാട കോട്ടയിൽ
കൈവിരൽ കൈകോർത്തിരിക്കെ
തുടികൊട്ടും മനസിന്റെ മാന്ത്രികച്ചില്ലയിൽ
അറിയാതെൻ പ്രണയം തളിർക്കെ
കുളിർകോരി മിഴി കൂമ്പി നിൽക്കുന്ന മാത്രയിൽ
നെറ്റിയിലധരം പതിക്കേ
സ്വരുക്കൂട്ടി വച്ചൊരാ കനവുകളെല്ലാം
ആകാശ ചിറകിൽ പറക്കെ
എങ്ങുനിന്നോ വന്നൊരുൽക്കയായ് വീണിട്ടെൻ
സ്വപ്നത്തിൽ ഗർത്തം ചമയ്ക്കേ
ഇന്നിടനെഞ്ചു തേങ്ങിപ്പിടയുന്ന നേരം
മിഴിമുന്നിൽ കാണുവാൻ മോഹം
നിറമിഴി രണ്ടിലും കതിരിടും കനവിന്റെ
പടിമെല്ലെ ചാരുവാൻ മോഹം
   

Wednesday, 18 November 2015

(ഇന്നലെ  റോഡപകടത്തിൽ ആരും നോക്കാതെ മരണത്തിനു കീഴടങ്ങേണ്ടി വന്ന ഹതഭാഗ്യരായ ദമ്പതിമാർക്ക് അശ്രുപൂജകളോടെ )

മനുഷ്യത്വം  മരവിച്ചു പോയിയെന്നോ?
മനസാക്ഷി ചങ്ങല കൂട്ടിലെന്നോ
എന്തു നാം കാണുന്നു കേൾക്കുന്നു ഹാ!!!സദാ
ദയയെന്ന വികാരം മരിച്ചു പോയോ?
അന്നൊരു പത്മതീർത്ഥക്കുളമെങ്കിലോ
ഇന്നീ നടുറോഡു  കൂത്തരങ്ങ്...
രക്തം ചിതറിക്കിടക്കുമാ ജീവനെ
ഒന്നെടുത്താ നെഞ്ചോടു ചേർത്തിടാതെ
ഒന്നിനുമല്ലാതെ എന്തിനോ ആയിട്ടാ
ജീവൻ പൊലിയാതെ നോക്കിടാതെ
ചുറ്റിലും നിന്നവർ ജാള്യതയില്ലാതെ
കഷ്ടമേ മത്സരം...ഫ്ലാഷ് മിന്നീ...
ലൈവായി എഫ് ബിയിൽ വട്സാപ്പിലങ്ങനെ
വൈറലായ് ജീവൻ പൊലിഞ്ഞു തീർന്നു.
ഒരായിരം വട്ടം പറഞ്ഞിരിക്കാം
കാലിൽ പിടിച്ചു കരഞ്ഞിരിക്കാം
വേരറ്റു പോകും മുന്നെയീ ജീവനെ
നെഞ്ചോടു ചേർക്കുവാൻ കേണിരിക്കാം.
ഒരു തുള്ളി വെള്ളമാ ചുണ്ടിലേക്കിറ്റുവാൻ
ദാഹാർത്തമാ ചുണ്ടു ചൊന്നിരിക്കാം.
വഴിക്കണ്ണുമായ് കാത്തിരിക്കുന്നൊരാ
മക്കൾക്കായ് നെഞ്ചു പിടഞ്ഞിരിക്കാം
എത്ര പറയുവാൻ ബാക്കിയുണ്ട്
എത്ര കാണുവാൻ മോഹമുണ്ട്.
നെഞ്ചിലെ ചൂടും കുറഞ്ഞുപോയീ
കണ്ണിൽ ജലകണം ഇറ്റിറ്റു തീർന്നു പോയ്‌
കണ്ടു നിന്നു നീയല്ലാതെ
ഒന്നു താങ്ങായ് തണലായിരുന്നില്ല.
ഒരു പ്രാണനിങ്ങനെ റോഡിൽ പിടയുമ്പോൾ
നിന്റെ ചേതനയെങ്ങു പോയീ?
നിന്റെ കൂടപ്പിറപ്പിൻ കുരുതി പോലും
നിന്റെ മരവിപ്പു മാറ്റുകില്ലേ?
നാളെ നിനക്കും വരികയില്ലേ
നാളെ നിൻ മക്കളും കണ്ണീരു തോരാ....










Monday, 16 November 2015


Vasudevan Anthikad
ഇഷ്ട വായന
( മന്നനു നഗ്നതയാണെന്നുരച്ചവൾക്ക് കല്ലേറ്.അവളമാവാസി.
മന്നൻ വിവസ്ത്രനല്ലെന്നുരച്ചവൾക്ക് പുഷ്പാർച്ചന. അവൾ
പൌർണമി. എങ്കിലും തങ്ങൾ പരസ്പരമറിയുന്നവരെന്ന്,
തങ്ങൾക്കുമാത്രമറിയുന്ന ചിലതുണ്ടെന്ന് പൌർണമി).
മന്നനു നഗ്നത
കത്തിക്കരിഞ്ഞൊരെൻ ചിന്തതൻ ചില്ലയിൽ
കനൽക്കൂട് കൂട്ടും കറുത്ത വാവേ
നീയെൻ മനസിന്നഗാധതയിൽ
മുത്തും പവിഴവും കണ്ടിരുന്നോ?
നീ നിന്റെ മാറിലണിഞ്ഞിരുന്നോ?
നീയൊരു പ്രതീകമായിരുന്നൂ
ഇന്നിന്റെ വേദനയായിരുന്നു
നിന്നെ വെറുത്തവർ...നിന്നെ മറന്നവർ
നിന്നിലെ പുണ്യവും തൂത്തെറിഞ്ഞു.
നന്മയും തിന്മയും സമ്മിശ്ര ഭാവവും
നമ്മളിൽ തുല്യതയായിരുന്നു
എന്നിട്ടും നിന്നിലെ തിന്മമാത്രം
എന്നിലെ നന്മയും മാത്രം.
നഗ്നത മന്നനുമെന്നോതി നീ
കല്ലെറിഞ്ഞോടിച്ചുമാനവർ നിർദയം
ഭ്രാന്തമാം ചിന്തയിൽ നിന്നും ജനത്തിന്റെ
നേരെ നീ സത്യം തൊടുത്തു വിട്ടു
കർണ്ണം തുളച്ചതിൽ വേരറ്റു വീണവർ
വിഭ്രാന്തി തൻ പട്ടം തെറുത്തു തന്നു
മന്നന്നു വസ്ത്രമുണ്ടെന്നു ചൊല്ലി
മാനവ സേവയാണെന്നു വാഴ്ത്തീ
ഞാനെന്റെ പീ0മുറപ്പിച്ചു നിർത്തീ
എന്നെ പൂവിട്ടു വാഴ്ത്തീ..
എങ്കിലും നിന്നെയറിഞ്ഞു ഞാൻ
എന്നിലെ നന്മയറിഞ്ഞു നീയും
നിന്നിലെ കാർമേഘപാടുകൾ നീയെന്റെ
പവിഴക്കനവാൽ പൊതിഞ്ഞു വെച്ചു
അതു നമ്മൾ മാത്രമറിഞ്ഞു വെച്ചു.
---ദേവു വയനാട്
-----------------------------------------------------

Sunday, 15 November 2015

ഇനിയൊരു ജന്മം കൂടെയുണ്ടെങ്കിൽ നിൻ
കൂടെപ്പിറക്കുവാനിഷ്ടം
നിന്റെ കൈ വിരൽ തുമ്പിൽ പിടിച്ചുകൊ-
ണ്ടാൽത്തറ ചുറ്റുവാനിഷ്ടം
ഒരുപാട് കഥകളും വളപ്പൊട്ടിൻ ചെല്ലവും
 വള്ളി പടർപ്പിലെ ശംഖു പുഷ്പങ്ങളും
ഓണനാളിൽ അന്നു നീ നിറച്ചേകിയ
പൂക്കുടയും പിന്നെയൂഞ്ഞാലിനാട്ടവും
ആദ്യമായ് നീയണിയിച്ച കൊച്ചു പാവാടയും
ദാവണി തുമ്പും...പിന്നെ
അച്ഛനെ പോലെന്റെ കൈപിടിച്ചേൽപ്പിച്ച
ധന്യ മുഹൂർത്തവും കണ്ണിലെ നീരും
അന്നത്തെ നൊമ്പര തേങ്ങലും വിങ്ങലും
 അമ്മാവനെന്നുള്ള നിന്റെ സംതൃപ്തിയും
പിന്നെയും നീയായിതെന്റെ മകൾക്കൊരു
അച്ഛനെപോലെ കൈപിടിച്ചേൽപ്പിച്ചതും
ഈ സായന്തനത്തിന്റെ ച്ചുടുനീറ്റലിങ്ങനെ
ഇന്നെന്നെ പുണരുമ്പോളറിയാതെ തേങ്ങുന്നു
നിറയുന്നു കണ്‍കളും
കെട്ടിപ്പിടിച്ചന്നു ഞാൻ കരഞ്ഞാർത്തപോൽ 
കരയാനടുത്തു നീയില്ലെന്ന സത്യവും 
സങ്കടതോടെ ഞാനോർക്കുമ്പോഴും സദാ
ആശിച്ചു പോകുന്നിനിയൊരു ജന്മം
നിൻ കൂടെ പിറക്കുവാനേറെയിഷ്ടം.    



Tuesday, 10 November 2015

നിശയുടെ ഏതോ യാമങ്ങളിൽ
നിൻ നീല മിഴികളടഞ്ഞുവെന്നോ...
നിദ്രതൻ വാതിൽ പഴുതിലൂടെ
നിശബ്ദത നിന്നെ തഴുകിയെന്നോ...
നിലാവിന്റെ പാൽനിറം തോൽക്കുമെന്റെ
നറുമണം നിന്നിലലിഞ്ഞില്ലേ
ഒരു കൊച്ചു ചില്ലയിൽ മേട കെട്ടി
രാവിന്റെ രാജ്ഞിയായി വാണരുളാൻ
ശുഭരാത്രി ..... നേരുന്നു ഞാൻ.

കത്തിക്കരിഞ്ഞൊരെൻ ചിന്തതൻ ചില്ലയിൽ
കനൽക്കൂട് കൂട്ടും കറുത്ത വാവേ
നീയെൻ മനസിന്നഗാധതയിൽ
മുത്തും പവിഴവും കണ്ടിരുന്നോ?
നീ നിന്റെ മാറിലണിഞ്ഞിരുന്നോ?

നീയൊരു പ്രതീകമായിരുന്നൂ
ഇന്നിന്റെ വേദനയായിരുന്നു
നിന്നെ വെറുത്തവർ...നിന്നെ മറന്നവർ
നിന്നിലെ പുണ്യവും തൂത്തെറിഞ്ഞു.
നന്മയും തിന്മയും സമ്മിശ്ര ഭാവവും
നമ്മളിൽ തുല്യതയായിരുന്നു
എന്നിട്ടും നിന്നിലെ തിന്മമാത്രം
എന്നിലെ നന്മയും മാത്രം.

നഗ്നത മന്നനുമെന്നോതി നീ
കല്ലെറിഞ്ഞോടിച്ചുമാനവർ നിർദയം
ഭ്രാന്തമാം ചിന്തയിൽ നിന്നും ജനത്തിന്റെ
നേരെ നീ സത്യം തൊടുത്തു വിട്ടു
കർണ്ണം തുളച്ചതിൽ വേരറ്റു വീണവർ
വിഭ്രാന്തി തൻ പട്ടം തെറുത്തു തന്നു
മന്നന്നു വസ്ത്രമുണ്ടെന്നു ചൊല്ലി
മാനവ സേവയാണെന്നു വാഴ്ത്തീ
ഞാനെന്റെ പീ0മുറപ്പിച്ചു നിർത്തീ
എന്നെ പൂവിട്ടു വാഴ്ത്തീ..

എങ്കിലും നിന്നെയറിഞ്ഞു ഞാൻ
എന്നിലെ നന്മയറിഞ്ഞു നീയും
നിന്നിലെ കാർമേഘപാടുകൾ നീയെന്റെ
പവിഴക്കനവാൽ പൊതിഞ്ഞു വെച്ചു
അതു നമ്മൾ മാത്രമറിഞ്ഞു വെച്ചു.

    


  

Wednesday, 4 November 2015




റോണിയെ ഓർക്കുന്നോ? എന്റെ വളർത്തു നായ....
ഒരു സംഭവം എഴുതാം...
കൊയ്ത്തു കഴിഞ്ഞ സമയം... എല്ലാവർക്കും അത്താഴമൊക്കെ കൊടുത്ത്  രാത്രിയിലാണ് അമ്മ നെല്ല് പുഴുങ്ങുക.  ചിലവിനും, വിഷുവിനും, വർഷകാലത്തേക്കും ഒക്കെയുള്ള നെല്ല് ഇങ്ങനെ  പലപ്പോഴായി പുഴുങ്ങി ഉണക്കി പത്തായത്തിൽ നിറച്ചിടും.  അന്ന് മുറ്റം നിറയെ പകുതി ഉണങ്ങിയ കാപ്പിയുണ്ട് മുറ്റത്ത്.  വെയിൽ പോയാൽ കാപ്പി അടിച്ചുകൂട്ടി പനമ്പും പായയും കൊണ്ട് മൂടിയിടും.  അങ്ങനെ കുറെ കൂനയുണ്ടാവും മുറ്റത്ത്.
നെല്ല് പുഴുങ്ങി ഇതുപോലെ പനമ്പ് വിരിച്ച് അതിൽ കോരിയിടും.
മുറ്റത്തിനരികിൽ കിണറിനോട് ചേർന്നുള്ള തെങ്ങിന്റെ ചോട്ടിൽ കുറച്ചു നാളായി ഒരു  പെരുച്ചാഴി വലിയ ശല്യമായി തുടങ്ങിയിട്ട്... റോണി ഏതാണ്ട് ഒരുമീറ്ററോളം കുഴിച്ചു മടുത്തു....ഇനി കുഴിപോയാൽ മണ്ണ് കിണറ്റിൽ വീഴും എന്ന സ്ഥിതിയിലാണ്.
റോണിയുടെ പന്തിയില്ലാത്ത കരച്ചിൽ കേട്ടാണ് ഉറങ്ങാൻ കിടന്ന ഞാൻ എഴുന്നേറ്റു വന്നത്.  നോക്കിയപ്പോൾ മുറ്റത്ത് അമ്മയേം കാണാനില്ല....
വലിയ ഒരു കാപ്പിക്കൂനയുടെ മറവിൽ എന്തോ ഒരാളനക്കം.  പേടിച്ചാണെങ്കിലും ഞാൻ പതുങ്ങി ചെന്നു... അമ്മ റോണിയെ എന്തോ വെള്ളം കുടിപ്പിക്കുന്നു.  റോണിയാണെങ്കിൽ ഛർദ്ദിച്ച് അവശയായി കിടക്കുന്നു....
ഞാൻ നോക്കുമ്പോൾ അമ്മ കരയുന്നുമുണ്ട്. എനിക്ക് പേടിയായി.... അമ്മ കരഞ്ഞുകൊണ്ട്‌ കാര്യം പറഞ്ഞു.
പെരുച്ചാഴിയെ പിടിക്കാൻ ഉണക്ക മീനിൽ എലിവിഷം പുരട്ടി ഒരു ഓടയിൽ കൊരുത്ത് മാളത്തിൽ വെച്ചതാണ്... കഷ്ടകാലത്തിന് റോണി ഓടകഷ്ണം കടിച്ചെടുത്ത് മീൻ തിന്നു.   ഓടകഷ്ണം താഴെ കിടക്കുന്നുണ്ട്.  അമ്മ പ്രഥമ ശുശ്രൂഷ നൽകിയതാണ്.  ആരും അറിയാതിരിക്കാനാണ് കാപ്പി കൂനക്ക് മറവിൽ ഒളിച്ചു ചെയ്യുന്നത്.  കുറെ ഉപ്പുവെള്ളം കലക്കി വായിൽ ഒഴിച്ചു കുടിപ്പിച്ചു...അങ്ങനെ കുറെ ഛർദ്ദിച്ചു.  ഒരു പാത്രത്തിൽ പച്ചമഞ്ഞൾ നീരെടുത്ത് പാലിൽ കലക്കി വെച്ചിരിക്കുന്നു, കുടിപ്പിക്കാൻ. ഇങ്ങനെ ക്ഷീണിച്ച്  കിടക്കുന്ന റോണിയെ തൊട്ടും തലോടിയും ഞാനും കരയാൻ തുടങ്ങി.
കുറെ ഛർദ്ദിച്ചതല്ലേ... മഞ്ഞൾ വെള്ളവും കുടിച്ചിട്ടുണ്ട്. ഒന്നും വരില്ല സമാധാനിക്ക്. പറശിനി കടവ് മുത്തപ്പന് ഒരു തിരുവപ്പന കഴിപ്പിക്കണം....ഒന്നും പറ്റില്ല...അമ്മ എന്നെ ആശ്വസിപ്പിച്ചു കൊണ്ടിരുന്നു.
പഴയ ഒരു സാരി തുന്നി അതിൽ കുറെ പഴയ തുണിക്കഷ്ണങ്ങളും മറ്റും നിറച്ചു കിടക്കയാക്കി പത്തായ പുരയോടു ചേർന്നാണ് റോണിയുടെ കിടപ്പ്.അവളെ അവിടെ എടുത്തു കൊണ്ടുപോയി  കിടത്തി. രാത്രി ഏറെ വൈകി....
വലിയ കുഴപ്പമൊന്നുമില്ലെന്നു തോന്നിയപ്പോൾ  ഞങ്ങൾ പോയി കിടന്നു.
പിറ്റേന്ന് പതിവിലും നേരത്തെ ഉണർന്ന ഞാൻ കണ്ടത് നല്ല ഉന്മേഷത്തോടെ ഓടിനടക്കുന്ന റോണിയേയാണ്.  പേടിച്ചു അച്ഛനോട്പറയാതിരുന്ന അമ്മ നടന്ന കാര്യം പറഞ്ഞ് മരുന്ന് ഫലിച്ച കാര്യം  പറഞ്ഞ്   ആശ്വസിക്കുന്നു.
ഉച്ചയായപ്പോൾ അച്ഛനുണ്ട്‌ ഒരു കുട്ടയിൽ എന്തോ എടുത്തു വരുന്നു... നോക്കിയപ്പോൾ വില്ലൻ പെരുച്ചാഴി...ചത്തു മലച്ചിരിക്കുന്നു... അതിനെകണ്ടതും റോണി കുരയോ കുര.
സംഭവം... മീൻ എലി തിന്നു.  ഓട കടിച്ചു റോണിയും പോന്നു.  അച്ഛനും എനിക്കും ഏട്ടൻമാർക്കും  ചിരിയടക്കാൻ വയ്യ.....അമ്മ ചിരിക്കണോ കരയണോ എന്നറിയാതെ ചമ്മി നിൽക്കുന്നു.  എന്തായാലും തിരുവപ്പന കഴിപ്പിക്കണം. രണ്ടായാലും ദൈവം കാത്തു... ആത്മഗതത്തോടെ അമ്മ തിരിഞ്ഞു നടന്നു.
(ഈ ഫോട്ടോയിലുള്ളത് എന്റെ ഇപോഴത്തെ വീട്ടു കാവൽക്കാരൻ)





 




Saturday, 31 October 2015

ഏകാന്തതയുടെ തീരങ്ങളിൽ....
ഏകാകിയാമെൻ തടവറയിൽ
ഏഴിലം പാലപൂ പൂത്തതാണോ
ഏതോ ഗന്ധർവൻ വന്നതാണോ?
ഒരു നോട്ടമെന്റെ മുഖമളന്നു....
മറുനോട്ടമറിയാ മനമളന്നു....
മറുപടിയൊരു വാക്കിലൊതുക്കിടാതെ
മധുവൂറുമോർമ്മ പകർന്നു തന്നു.
കാലിലെ കാൽവിലങ്ങും ചിലച്ചു
കൈത്തള  മെല്ലെ ചിരിച്ചു
നേർത്തൊരു തേങ്ങൽ വന്നൊട്ടിയപ്പോൾ
കാർമുകിലതിനെ മറച്ചു...
കളിച്ചും ചിരിച്ചും കഥ പറഞ്ഞും
വിശ്വസിച്ചെല്ലാം പറഞ്ഞും
കാവിലെ ദേവനു നൈവേദ്യമായി
കാഴ്ച്ച ശീവേലി തൊഴുതു നിന്നു.
പരിഭവം പറയാൻ മറന്നു നിൽക്കേ
ഏകാകിയാമെന്റെ സ്വപ്നങ്ങളിൽ നിന്നും
എവിടെക്കോ ചിറകടിച്ചകന്നു പോയീ
നിന്നോർമ്മയെന്നിൽ വിറങ്ങലിച്ചു.  




Thursday, 29 October 2015







 പറയുവാനൊരു പാടുണ്ടായിരുന്നു
 നിന്നെ കാണുമ്പോൾ മനസിന്റെ താളിൽ...
പറയാൻ മറന്നതാണോ? അതോ 
പറയാതിരുന്നതാണോ?
പരിഭവം പറയാതളന്നളന്നു 
കതിരുകൊത്തിക്കിളി പറന്നുപോയീ ...
പതിരു ബാക്കിയായീ....

Sunday, 25 October 2015


പതിനെട്ടാം വയസ്സിൽ അച്ഛൻ കൈപിടിച്ചു നൽകിയതാണ്. കുട്ടി പാവാടയിൽ നിന്നും ജീവിതത്തിന്റെ നേര്യതിലേക്ക് വലതു കാലും വെച്ച്.
ചെറുപ്പത്തിലേ അമ്മയും അച്ഛനും നഷ്ടപ്പെട്ടവനാണ്‌.
ജീവിതത്തിന്റെ കൈപ്പുനീരാണ് വിശപ്പാറ്റിയിരുന്നത്.
മുണ്ട് മുറുക്കിയുടുത്തും പൈപ്പു വെള്ളം കുടിച്ചും തള്ളിനീക്കിയ ഭൂതകാലം
അവന്റെ കണ്ണിൽ നീരും, എന്റെ കണ്ണിൽ അമ്പരപ്പും നിറച്ചു.
പിന്നീട് അവന്റെയാ കണ്ണീർക്കടലിൽ 
ഒന്നിച്ചായിരുന്നു ജീവിത വഞ്ചി തുഴഞ്ഞത്.
ഒരു പ്രതിസന്ധിയിലും തളർന്നില്ല
ജീവിതം ഒരു വെല്ലുവിളിയായിരുന്നു....പലതരത്തിലും.
ആരുടെ മുൻപിലും ചൂളേണ്ടി  വന്നില്ല, ആരോടും പരിഭവം പറഞ്ഞില്ല 
പിന്നിട്ട പത്തൊൻപതു വർഷങ്ങൾ.
അച്ഛൻ നോക്കിയതിൽ കൂടുതൽ കാലം അവനെന്നെ നോക്കി 
തിരിഞ്ഞു നോക്കുമ്പോൾ അഭിമാനം മാത്രം. 
ഒന്നുമില്ലായ്മയിൽ നിന്നും പൊരുതി നേടിയതാണ് ഇന്ന് കാണുന്നതെല്ലാം.
ജീവിതത്തോട് പോരടിച്ചും പഠിച്ചും ഇന്നൊരു സർക്കാർ ജോലിയുണ്ടവന്. എന്റെ കഠിനധ്വാനം എനിക്കും നേടിത്തന്നു ജോലി. അന്ന് കല്ലെറിഞ്ഞവരൊക്കെ ഇന്ന് പരവതാനി വിരിക്കുന്നു...
കടം ഭയന്നൊളിച്ചവരൊക്കെ വാതിൽ തുറന്ന് സ്വാഗതമരുളുന്നു.
സമ്പത്തും പദവിയും മോഹിച്ചിട്ടില്ല... എല്ലാം കിട്ടിയെങ്കിലും. 
ഏറ്റവും വലിയ സമ്പാദ്യം അവനും മക്കളും തന്നെയാണ്.
ഇന്ന് കുട്ടികൾ തന്നെക്കാൾ വലുതായി 
അവർക്കിന്നു ഞാനമ്മയല്ല...
അവർ ഏട്ടന്മാരും ഞാൻ കുഞ്ഞനിയത്തിയും 
അവരെന്നെ ശാസിക്കുന്നു...അവരെന്നെ വീഴ്ചയിൽ താങ്ങുന്നു. 
എല്ലാമറിയാമെനിക്ക്.....
എന്നാലും.....    എന്റെ എഴുത്തിനെ പ്രണയിക്കാൻ 
ഏകാന്തതയെ പുൽകാൻ കാരണമേതുമില്ലാതെ 
പിണങ്ങിയിരിക്കും ഞാൻ.
എഴുത്തിനൊടുവിൽ....പതം പറച്ചിലിനൊടുവിൽ
പിണക്കം തീർക്കാൻ ഓടിയെത്തുന്നതും അവൻ തന്നെ....
പിണങ്ങാനൊരു കാരണം ....എനിക്ക് ഇണങ്ങാനത് കാരണം. 

(ഇത് ഞാനിവിടെ കുറിക്കാൻ ഒരു കാരണമുണ്ട്. എന്റെ ഇൻബോക്സിൽ ഒരു സുഹൃത്ത് ഇങ്ങനെ എഴുതി. "എന്തൊക്കെയോ ആകണമെന്ന് കൊതിച്ച് ഒന്നുമായില്ല അല്ലെ" എന്ന്. ഇൻബോക്സിൽ ആരോടും സംസാരിക്കാത്ത ഞാൻ മറുപടിയൊന്നും കൊടുത്തില്ല. സമാന ചോദ്യകർത്താക്കൾക്ക് എല്ലാവർക്കുമുള്ള മറുപടിയാണിത്) 

Saturday, 24 October 2015


മധുരം നുണഞ്ഞ ഉറുമ്പിനു ചുറ്റിലും
സായൂജ്യമടയുന്നു അനേകമുറുമ്പുകൾ
മണിമാളികയിലെ സപ്രമഞ്ചക്കട്ടിൽ 
ചേറിൽ പുതഞ്ഞ ശരീരം വിഴുങ്ങുന്നു.

"തെരുവു വിളക്കണയുന്ന നേരമേ
അമ്മ വരികയുള്ളൂ....ഏറെ നോവും,
തെല്ലു മധുരവുമായ്
അതുവരേക്കും ഞാനൊതുക്കി നിർത്തീടട്ടെ
എന്റെ നോട്ടവും, എൻ വയറിന്നെരിച്ചിലും"

കീറിപ്പറിഞ്ഞൊരാ വസ്ത്രത്തിനുള്ളിലായ്
മുഷിഞ്ഞു നാറുന്നൊരാ  നോട്ടും ചിരിക്കുന്നു
ഇത്രനാളിങ്ങനെ പൂപ്പൽ പിടിച്ചു ഞാൻ
ഇന്നതിന്നർത്ഥമുണ്ടാകുവാൻ പോകുന്നു.
നിന്നെക്കരുതി കാത്തിരിക്കുന്നൊരാ
ബാലികതൻ പശി എന്നിലൊടുങ്ങുമോ ?

നിന്റെ മാനവും ചീന്തിയെറിഞ്ഞൊരാൾ
ഒന്നുമറിയാതെ മാന്യത തേടുന്നു
ഇന്നുനിൻ കുഞ്ഞിന്റെ മാനം കാക്കുവാൻ
മാറിലെ ചൂടും, ചൂരും കൊടുക്കുന്നു നീ...

കൊത്തിയരിയണം കൈകളും.....
കൊത്തിപ്പറിക്കണം കഴുകൻ കണ്‍കളും...
ഒരുമാത്ര നിന്നിലേക്കൊഴുകുന്നോരാ ദൃഷ്ടി
നിന്റെയീ കുഞ്ഞിലേക്കൊന്നു പാളുകിൽ
കരുതി വെക്കണം നിൻ ചിരിക്കു പിന്നിലായ്
കരളു പിളർക്കാനായ്..... ഒരു ദ്രംഷ്ടമെങ്കിലും.  



 
         

                  ചെറുപ്പം തുടങ്ങി എന്റെ പ്രിയ കൂട്ടുകാരായിരുന്നു നായ്ക്കളും പൂച്ചകളും പശുക്കുട്ടികളുമൊക്കെ.  ഓരോരുത്തരെക്കുറിച്ചും ഒട്ടേറെ എഴുതാനുണ്ട്. ഇന്നെന്റെ റോണിയെ ക്കുറിച്ച് ചിലതെഴുതാം.
                  നാലാം ക്ലാസിൽ പഠിക്കുമ്പോഴാണ് അമ്മയും വലിയമ്മയുമൊക്കെ നെല്ലുകുത്തിക്കാൻ പോകുന്ന മില്ലിൽ നിന്നും കുഞ്ഞായിരുന്ന അവളെ കൊണ്ടു വരുന്നത്.  വീട്ടിൽ ഏതു ജീവി വന്നാലും അതിന്റെ ഉടമസ്ഥാവകാശം ഇളയ കുട്ടിയായ എനിക്കുള്ളതാണ്.  അവളെ ഞാൻ അരുമയായി വളർത്തി. വളർത്തു ദോഷം....അല്ലാതെന്തു പറയാൻ. ഒരാൾക്കും എന്നോട് ശബ്ദമുയർത്തി  സംസാരിക്കാൻ വയ്യ. അതെന്റെ അമ്മയായാൽ പോലും, കുരച്ചു ചാടും. ആരെങ്കിലും എന്റെ നേരെ കളിയായിട്ടെങ്കിലും കൈയ്യൊന്നു വീശിയാൽ മതി കൈയ്യിൽ കടി വീഴും. എനിക്കൊപ്പം അച്ഛന്റെ മുറിയിൽ വരെ അനുവാദമില്ലാതെ കടക്കാൻ അവകാശം അവൾക്കു മാത്രം.

                  ആയിടക്ക്  റോണിക്ക് കാലിൽ ഒരു വ്രണം വന്നു.കാല് തുടവരെ പഴുപ്പ് ബാധിച്ചു. അടുത്തൊന്നും മൃഗാശുപത്രിയും മരുന്നുമൊന്നുമില്ലാത്ത കാലം.  

                    ചികിത്സ എന്റെ വക. മാവിന്റെ തോലു ചെത്തി തിളപ്പിച്ച വെള്ളത്തിൽ രണ്ടു നേരം കാലു കഴുകും.  പിന്നെ അട്ടക്കരി (ചിമ്മിനിയിൽ കാണുന്ന കരി)യും ഉപ്പും ചേർത്ത് തുണിയിൽ വെച്ച് കെട്ടും. എല്ലാവരും അവളെ കൊല്ലാൻ പറഞ്ഞു. പഴുത്തൊലിച്ച് കാണുന്നവർക്ക് അറപ്പായിരുന്നു..രാവും പകലും അവളുടെ കരച്ചിൽ വേറെയും.
              എന്നാലും ഞാനെന്റെ ചികിത്സ തുടർന്നു. ഉപ്പിന്റെയും മറ്റും നീറ്റൽ സഹിച്ച് ദയനീയതയോടെ അവൾ കിടന്നു തരും. ഞങ്ങളുടെ പ്രവർത്തി ഫലം കണ്ടു.മുറിവുണങ്ങി തുടങ്ങി. 
രണ്ടുമൂന്നു മാസം കൊണ്ട് മുറിവ് പറ്റെ ഉണങ്ങിയെങ്കിലും അവൾക്ക് കാലിനു സ്വാധീനം കുറഞ്ഞു. എങ്കിലും അവളെന്റെ രാജകുമാരിയായി ...അല്ല...ഞാൻ രാജ്ഞിയും അവളെന്റെ സർവ സൈന്യാധിപനും. ചങ്ങലയുടെ ബന്ധനമോ കൂടിന്റെ നാല് ചുവരുകളോ അവളെ ബന്ധനസ്ഥ യാക്കിയില്ല.
               ഏട്ടൻമാർക്കൊപ്പം ഒളിച്ചു കളിക്കുമ്പോൾ എനിക്കരികിൽ മുഖം പൂഴ്ത്തി അനങ്ങാതിരുന്നും, സാറ്റടിക്കാനോടുമ്പോൾ  എനിക്ക് മുൻപേ സാറ്റടിച്ചും, വേദനിച്ചു തനിച്ചിരിക്കുമ്പോൾ കൂടെയിരുന്നു നാവുകൊണ്ട് നക്കി സ്നേഹം പ്രകടിപ്പിച്ചും ഒരു നിഴലുപോലെ എപ്പോഴും കൂടെയുണ്ടാകും.
വീടിനടുത്ത സ്കൂളിലേക്ക് റബ്ബർ തോട്ടത്തിലൂടെ എളുപ്പ വഴിയുണ്ട്. വഴിയിലെ മുള്ളും കാടും വെട്ടിമാറ്റുന്ന അച്ഛനൊപ്പം അവളും മുൾപടർപ്പുകൾ കടിച്ചു മാറ്റി സഹായിക്കും. എന്നെ യാത്രയാക്കൽ റബ്ബർ തോട്ടത്തിലവസാനിക്കും . ഒരിക്കൽ പോലും സ്കൂൾ മുറ്റത്തോ, കുട്ടികൾക്കരികിലോ അവൾ വന്നിരുന്നില്ല.
              നാലുമണി വരെ വീട്ടിൽ സമയം ഉന്തി തള്ളുന്ന അവൾ പിന്നീട് റബ്ബർ തോട്ടത്തിനരികിൽ എന്നെയും കാത്തു നിൽപ്പാവും.  കാലു നക്കിയും പുസ്തക സഞ്ചി കടിച്ചും കഴുത്തോളം കയറിയും ഒരു സ്നേഹ പ്രകടനമാണ് വീടെത്തും വരെ.
              പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ്. സ്കൂളിൽ നിന്നും കടുത്തപനിയും തലവേദനയുമായി ഇറങ്ങിയ ഞാൻ പകുതി വഴിയെത്തിയതെ ഓർമ്മയുള്ളൂ.... അടുക്കളയിൽ എന്തോ പണിയിലായിരുന്ന അമ്മ റോണിയുടെ കുര കേട്ടാണ് നോക്കുന്നത്.  എന്റെ പുസ്തക സഞ്ചി ആയാസപ്പെട്ട്‌ വലിച്ചുകൊണ്ട് വന്നിരിക്കുന്നു.കുരച്ചു കൊണ്ട് വഴിയിലേക്കോടുന്നു.  എന്നെ കാണാഞ്ഞ് അമ്മയും മറ്റും ഓടി വന്നപ്പോൾ വഴിയിൽ വീണു കിടക്കുന്ന എന്നെയാണ് കാണുന്നത്. എനിക്ക് അസുഖം മാറി പിറ്റേന്ന് അവളോട് മിണ്ടുംവരെ ആരും കൊടുത്ത ഭക്ഷണം പോലും എടുത്തില്ലവൾ.

ഇനിയുമുണ്ടെനിക്ക് അവളെക്കുറിച്ച് ഒരുപാടെഴുതാൻ... അത് പിന്നീട്  

Thursday, 22 October 2015



ആദ്യാക്ഷരം ചൊന്ന അമ്മയെ ഓർക്കാം 
ആദ്യാക്ഷരം കുറിച്ച ഗുരുവിനെ ഓർക്കാം 
ആത്മ ബലം തന്ന വിദ്യാലയത്തെയും
കൂടെ പഠിച്ച കൂട്ടുകാരേം  ഓർക്കാം.
കൂടെ പഠിച്ചവരൊക്കെ കൂടൊഴിഞ്ഞു
വേർപാടെന്ന വേദനയോടെ...
പിന്നീട് ചേക്കേറിയവരും തുടർക്കഥപോൽ 
ഇനിയും ചേക്കേറാൻ കിളികളെ കാത്ത് 
കൂടൊരുക്കി കാത്തിരിക്കുന്നു ഈ ഓർമ്മക്കൂട് 
എന്റെയീ വിദ്യാലയ കൂട് ...
വിജയദശമി  ആശംസകൾ 

Sunday, 18 October 2015




ഞാനൊരു പൂവായിരുന്നെങ്കിൽ..........
സുഗന്ധം വമിച്ചീ ലോകത്തെ ..........
സുഗന്ധ പൂരിത മാക്കിയേനെ
പൂവാടി തീർത്ത് ലോകം മനോഹരമാക്കിയേനെ.
പൂമ്പാറ്റയായെങ്കിൽ.....നിമിഷ ജീവിതമെങ്കിലും 
മധു നുകർന്ന് മലരുകൾക്ക് പുതുജീവൻ കൊടുത്തേനെ...
പറവയായെങ്കിൽ ഞാനീ ചിറകുവിരിച്ചു 
ലോകമാകെ സ്നേഹഗീതം പാടി നടന്നേനെ...
മരമായ്‌ തണലും മലരായ് മധുവും കൊടുത്തേനെ....
മേഘമെങ്കിൽ ദാഹജലവും.....
പൂന്തിങ്കളെങ്കിൽ കണ്ണിനിമ്പവും നൽകിയേനെ.
                                  *********
പക്ഷെ ഇതെല്ലാം നൽകാൻ കഴിയുന്ന 
മനുഷ്യ ജന്മം ഈശ്വരൻ തന്നപ്പോൾ .......
ലോകത്തിന്റെ നന്മക്കായി ഞാൻ എന്തു കൊടുത്തു?
ഒന്നുമില്ല...



Friday, 16 October 2015



കുറെ പറയാനുണ്ടായിരുന്നു....
പക്ഷേ ...ശബ്ദം വരുന്നില്ല.
കുറെ കാണാനും കേൾക്കാനുമുണ്ടായിരുന്നു....
കണ്ണും കാതും മങ്ങിയും പൊട്ടിയും .
കുറേകൂടി എഴുതണമായിരുന്നു....
കൈ വിരലുകൾക്ക് മരവിപ്പ് 
നടപ്പല്ല ........ഓടാൻ തോന്നുന്നു............
 കാലടികൾ പതിയുന്നില്ല
ഇനിയും കുറെ എന്തെല്ലാമോ ഉണ്ടായിരുന്നു....
പക്ഷെ.....ഒന്നുമില്ല.....
ശരീരത്തിന്റെ  അനക്കം നിലയ്ക്കാൻ തുടങ്ങിയിരിക്കുന്നു...


Thursday, 15 October 2015


വിശ്വസിച്ചതായിരുന്നു തെറ്റ്...
സ്നേഹിച്ചതായിരുന്നു തെറ്റ്...
അന്ധമായ വിശ്വാസം....
അന്ധമായ സ്നേഹം...
ജീവനും ജീവിതവും വെച്ചു നീട്ടി...
വഴിയിലെ കല്ലും മുള്ളും സഹിച്ചു...
ഒരിക്കൽപോലും നേരിട്ടൊന്നു കണ്ടിരുന്നില്ല...
എങ്കിലും....
മനസ് കൊണ്ട് ഒരായുസിന്റെ അടുപ്പം തോന്നിച്ചു...
എന്നിട്ടും!!!!!!!!!!
വിശ്വാസ വഞ്ചനയായിരുന്നു 
തിരിച്ചു കിട്ടിയത്......
കപട സ്നേഹമായിരുന്നു.........
 കിട്ടിക്കൊണ്ടിരുന്നത്.
തകർന്നതും തളർന്നതും 
കിനാവുകൾ മാത്രമായിരുന്നില്ല....
ജീവിതം തന്നെയായിരുന്നു.
ഇപ്പോൾ മറ്റൊരിര വീണു കിട്ടിയിരിക്കണം...
അല്ലെങ്കിൽ അനേകം ഇരകളിൽ 
ഒരിര മാത്രമായിരിക്കണം താൻ.
ഇത് ശിവാനിയുടെ കഥ.......ശിവാനിമാരുടെ കഥ.....
ഫെയ്സ്ബുക്ക് പ്രണയം നിരാശ ബാക്കി വെച്ച ഇത്തരം ശിവാനിമാർ നമുക്കിടയിലേറെ..........




Monday, 12 October 2015

                 ഓഫീസിലെ ജോലിത്തിരക്കിന്റെ മനം മടുപ്പിക്കലിൽ നിന്നും മോചനം. 
                 സമയം വൈകിയതിന്റെ വെപ്രാളത്തിൽ ബാഗുമെടുത്ത് ഓടി....
                കിട്ടിയ ബസ്സിന്റെ ചവിട്ടു പടിയിൽ കയറിക്കൂടി. എങ്കിലും മനസ്സിൽ സന്തോഷം.                                 സ്റ്റോപ്പിൽ ബസ്സിറങ്ങി എന്നും പലഹാരം വാങ്ങാറുള്ള കുമ്മുട്ടി കടയിൽ നിന്നും നാല് നെയ്യപ്പം പൊതിഞ്ഞു വാങ്ങി.
                 രാവിലെ ഭർത്താവ് ആദ്യമിറങ്ങും...ഓരോന്നും ഒരുക്കി കൊടുത്ത് തനിക്കൊരുങ്ങാൻ നേരം കാണില്ല...മിക്കപ്പോഴും രാവിലെ ഒന്നും കഴിക്കാൻ നേരം കിട്ടില്ല....സ്ത്രീകൾക്ക് വേണ്ടാന്നു വെക്കാൻ കഴിയുന്നതിൽ ഒരു കാര്യം അതാണ്‌....
                മൂത്തമോൻ കണ്ണൻ എഞ്ചിനീയറിംഗ് പഠനത്തിനായി എറണാകുളത്ത് പോയതിൽ പിന്നെ അവനെ പിരിഞ്ഞിരിക്കുന്ന സങ്കടം ഇല്ലാതാക്കുന്നത് ഇളയ മകന്റെ സാമീപ്യമാണ്. സ്കൂൾ അകലത്തല്ലാത്തതിനാൽ താനും ഇറങ്ങി കഴിഞ്ഞേ അവനു പോകേണ്ടതുള്ളൂ..കാച്ചി വെച്ച പാൽ അവൻ സ്വയമെടുത്ത് കുടിക്കും... എടുത്തു വച്ച ഭക്ഷണവും കഴിച്ചു ബ്രൂണോക്കും കൊടുത്ത് പിന്നീട് അവനാണ് വീട് പൂട്ടി ഇറങ്ങുക..അതിനിടയിൽ പലതവണ തന്റെ ശകാരവും കേൾക്കേണ്ടി വരും.
എങ്കിലും പോകുമ്പോൾ പടിവാതിലിൽ ഒരു നിൽപ്പാണ്... അഞ്ചു രൂപയെങ്കിലും വേണം. അതൊരു പതിവാണ്. ഇന്നും കൊടുത്തിട്ടാണ് ഇറങ്ങിയത്.

                  എന്നും താനെത്തുന്നതിൽ മുൻപേ എത്തും. ചായ പാൽ കൂട്ടി വെച്ചിട്ടുണ്ടാകും.  പിന്നെ അച്ഛനും വന്നു കഴിഞ്ഞാൽ വിശേഷങ്ങളും പറഞ്ഞു വിസ്തരിച്ചൊരു ചായ കുടിയാണ്.  അതാണ്‌ ആ ദിവസത്തെ ഏറ്റവും സന്തോഷകരമായ നിമിഷങ്ങൾ.
                 പക്ഷെ....ഇന്ന് വീട് അടഞ്ഞു കിടക്കുന്നു...താക്കോൽ തപ്പിയെടുത്ത് വാതിൽ തുറന്ന് അകത്തു കടന്നു.  
                   ലീവിങ്ങ് റൂമിന്റെ ടീപ്പോയിൽ ഒരെഴുത്ത് ആദ്യം കാണാൻ പാകത്തിന് വെച്ചിരിക്കുന്നു.
                    "അമ്മേ ..............ഇന്ന് ഞാൻ സംസ്ഥാന കബഡി മത്സരത്തിന് കണ്ണൂരിൽ പോകുന്ന കാര്യം അമ്മ മറന്നു പോയി അല്ലേ ?  രാത്രി ബാഗും സാധനങ്ങളുമൊക്കെ ഒതുക്കി വെച്ചിരുന്നല്ലോ.... വണ്ടികൂലിയും മറ്റും രാവിലെ അച്ഛൻ മറക്കാതെ തന്നിരുന്നു...അമ്മയുടെ ജോലിത്തിരക്കിൽ ഇന്നമ്മക്ക് എന്നെ വിളിക്കാൻ പോലും നേരവും കാണില്ല....രാവിലെ എനിക്ക് 5 രൂപ തന്നപ്പോൾ ഞാൻ മനപൂർവ്വം താഴെയിട്ടതാണ്. അമ്മയുടെ കാൽതൊട്ട് അനുഗ്രഹം വാങ്ങിച്ചു. പതിവില്ലാതെ ഇന്നെനിക്ക് നെറ്റിയിൽ ഉമ്മയും തന്നിരുന്നു. ഒന്നും ഓർമ്മയുണ്ടാവില്ല തിരക്കിൽ.                                                    വൈകീട്ട്  വരുമ്പോൾ അമ്മ ആദ്യം ചെയ്യുന്നത് എന്നെ വിളിക്കുകയാവും.  അതുകൊണ്ട് അമ്മ വരുന്ന ആ സമയം ഞാനെന്റെ മൊബൈലിൽ നോക്കിയിരിക്കും.  
                     ഉച്ചക്ക് ഭക്ഷണവും കഴിച്ച് ബ്രൂണോക്കും കൊടുത്തിട്ടാണ് ഇറങ്ങിയത്. ചായ വെച്ച് ഫ്ലാസ്കിൽ ഒഴിച്ചു വെച്ചിട്ടുണ്ട് ...അച്ഛനും വന്നിട്ട് ഇരുന്നു കുടിക്കണം. എന്റെ വിഹിതം ബ്രൂണോക്കുള്ളതാണ്. 
                    സങ്കടപ്പെടേണ്ട.... എനിക്ക് മനസിലാകും ... രണ്ടുനാൾ കഴിഞ്ഞു ഞാൻ വിജയിച്ചു വരാൻ പ്രാർഥിക്കണം .  അമ്മ കയറി വരുമ്പോൾ എന്നും തരാറുള്ള ഉമ്മ ...ചക്കരയുമ്മ... അമ്മേടെ കിച്ചു..."
                       ഇടനെഞ്ചിൽ ഉരുണ്ടു കൂടിയ സങ്കടക്കടൽ കവിളിലൂടെ പെയ്തിറങ്ങി തളർന്നപ്പോഴേക്കും  മോനെ വിളിച്ചില്ലല്ലോ എന്ന ബോധമുണ്ടായത്.. മോനേ ....കിച്ചൂ...സങ്കടക്കടൽ ആർത്തിരമ്പുകയായിരുന്നു. 

Sunday, 11 October 2015

പോക്കുവെയിലേറ്റൊന്നു ചാഞ്ഞുറങ്ങാൻ ......
കുളിർ കാറ്റിലെൻ നോവൊന്നടർത്തി മാറ്റാൻ.
തിരമാലതൻ സംഗീതമാസ്വദിക്കാൻ 
തളിർ മാമരച്ചില്ലതൻ തോളിലേറാൻ
എന്നും കൊതിക്കുന്ന പോലെ ഇന്നും 
ഈ കാതും കരളും നയനങ്ങളും ......
എന്തോ ഒരാലസ്യമെൻ മനസ്സിൽ.

എത്രയോ നാളായിരിപ്പിവിടെങ്കിലും 
പിന്നിൽ പതിഞ്ഞ കാലടിപ്പാടുകൾ 
നോവിച്ച മണൽത്തരി തൻ കിതപ്പിൽ .....
തിരിഞ്ഞു നോക്കീടുമ്പോൾ ഒന്നുമില്ല....
വെറും ശൂന്യത മാത്രം.......അരികിലെൻ 
മരണത്തിൻ കാലൊച്ച മാത്രം.

മരണമിന്നെന്നെ തഴുകിത്തലോടുമ്പോൾ 
ഇല പൊഴിച്ചീച്ചില്ല കദനം മറക്കുമോ?
ഏകാന്ത തീരം തഴുകും തിരകളും 
ആർത്തലച്ചാ ശോകമകലേക്കെടുക്കുമോ?
എന്നുമെൻ ചാരേ ചരിഞ്ഞിരുന്നൂട്ടിയ 
എന്റെ കിനാക്കളും കണ്ണീർ പൊഴിക്കുമോ?  
അതകലെയിരുന്നെനിക്കറിയാൻ കഴിയുമോ?
അറിയില്ല.........അറിയില്ല...........ഒന്നും !!!!

Tuesday, 22 September 2015



താളവും ലയവും നിലച്ചുപോയോ....... 
മനസിലെ ശാരിക മയങ്ങിപോയോ?
മധുവുണ്ണാൻ വന്നു മടിച്ചു നിൽക്കും 
ശലഭവും മിഴി ചിമ്മാതിരുന്നുപോയോ?
ഒരു ദിനം കാലടി കേൾക്കുമെന്ന് 
മനസ് മന്ത്രിച്ചതും വെറുതെയെന്നോ?
വരികയില്ലെങ്കിലെൻ കാതിലെന്തേ 
വരുമെന്നു ചൊല്ലി വിടപറഞ്ഞു?
ഒരു മാത്ര കാണാതിരുന്നു പോയാൽ 
മറക്കുമോ നമ്മുടെ സ്നേഹബന്ധം...
ഒരുമാത്ര മിണ്ടാതിരുന്നുപോയാൽ
തീരുമോ നമ്മുടെ ആത്മ ബന്ധം ?
എങ്ങിനെ നീയെന്നെ ഓർത്തുവെക്കാൻ 
ഇല്ലല്ലോ മറ്റൊരു മന്ത്രമോതിരം......... 
എന്നോർമ്മ നിന്നിൽ ഇല്ലയെങ്കിൽ 
പിന്നെന്തിനു നൽകണം ഞാൻ മന്ത്രമോതിരം?
എങ്കിലും കാലടി കേൾപ്പതിന്നായ് 
കാതോർത്തിരിക്കുന്നു ഞാനിവിടെ 
വന്നില്ലയെങ്കിലും പതിതയല്ലാ....
പ്രതീക്ഷയാണല്ലോ ജീവചക്രം 

Monday, 14 September 2015


മഞ്ഞിൻ പുതപ്പണിഞ്ഞാലസ്യവതിയായി...
മൂടി പുതച്ചുകിടക്കും പുലർകാലമേ .....
നീയെന്റെ പ്രിയ സഖിയെങ്കിലും ഞാനൊന്നു-
മറിയുന്നില്ലതാണെന്റെ ദു:ഖവും മിത്രമേ.
അറിയുന്നു ഞാൻ മനക്കണ്ണിലായ് ..........

അരുണാഭ വന്നു നിന്നെ തഴുകുന്നതും
പ്രണയത്താൽ നിൻ മുഖം ചുവന്നു തുടുപ്പതും
മന്ദ മാരുതൻ തരും ദാവണി ചുറ്റി നീ
മല്ലി പൂ ചൂടി മന്ദം നടപ്പതും
പൊരിവെയിൽ നിന്നെ വിയർപ്പിൽ കുളിപ്പിച്ചു
പതിയെ പകലോൻ തഴുകി തലോടുന്നതും ...
വിരഹാർദ്രയായ് നീ വിടപറയുന്നതും
മിഴി ചിമ്മി മൃദുചുംബനം നുകരുന്നതും
എല്ലാം മനക്കണ്ണിൽ കാണുന്നു ഞാൻ.
രാവിന്റെ ഏകാന്തയാമങ്ങളിൽ
സുഗന്ധം പൊഴിച്ചു ഞാൻ നിന്നെ വിളിപ്പതും
അറിയാതെ പതിയെ മിഴികൂമ്പി പോവതും
എനിക്കാവതില്ല നിന്നെ കാണുവാനെങ്കിലും
പുലർകാലമേ നീയെൻ പ്രിയ സഖി തന്നെ.

      

Tuesday, 8 September 2015


തോളോടു തോൾ ചേർന്ന് നടന്ന ബാല്യവും...
കൈ കോർത്തണച്ച കൗമാരവും ...
കാലം കരുതിവെച്ച ഈ യൗവനവും ...
ഭൂമി നമുക്കായി തന്ന ഈ അസുലഭ ജീവിതം...
നമ്മുടെ ജീവിതത്തിൽ....... നല്ലതൊന്നും ചെയ്തിട്ടില്ലാത്ത 
നമുക്ക് വേണ്ടപെട്ടവർ എന്ന്.......
അവർ പറയുന്ന ഇവർക്ക് വേണ്ടി..........
അവസാനിപ്പിക്കണോ പ്രിയേ?

കൈകോർത്ത് പിടിച്ച്............ ഞൊടിയിടയിൽ........
ഈ അസുലഭ സൗന്ദര്യത്തിലലിഞ്ഞാലും 
നമ്മുടെ ആത്മാക്കൾ ഒന്നിക്കുമെന്ന്.........
ഒരുറപ്പുമില്ലാത്തപ്പോൾ .........
ഒരു പുനർചിന്തനം നല്ലതാണ് പ്രിയാ.......

വന്നണഞ്ഞ വഴിയിലൂടെ........... തിരിച്ചുപോകാം നമുക്ക്... 
കൈകോർത്ത് ......ഇനിയുള്ള ജീവിതം ഒന്നിച്ചു ജീവിച്ചു തീർക്കാൻ ...


Friday, 4 September 2015


വൃദ്ധയെ ചാക്കിൽ കെട്ടി റോഡിലുപെക്ഷിച്ചു !!!എറണാകുളം ഇടപ്പള്ളിയിൽ!!!!
ചിലരെങ്കിലും വേദനിക്കുന്നില്ലേ ഈ വാർത്ത കേട്ടപ്പോൾ...
ചിലരല്ല...പലരും എങ്ങനെ കഴിയുന്നു ഇങ്ങനെ? മൃഗങ്ങൾ  പോലും കാട്ടാത്ത ക്രുരതയല്ലേ ഇത്? 10 മാസത്തെ ഭാരവും, അസ്ഥി നുറുങ്ങുന്ന പേറ്റുനോവും അറിഞ്ഞ പെണ്‍കുട്ടികൾക്ക്  ചെയ്യാൻ കഴിയുമോ? അമ്മിഞ്ഞ പാലിന്റെ മണവും മടിത്തട്ടിലെ ചൂടും അറിഞ്ഞു വളർന്ന ആണ്‍ മക്കൾക്കും കഴിയില്ല...
മനുഷ്യത്വം മരവിച്ച ഇവരെ മൃഗങ്ങളോടുപമിക്കാൻ വയ്യ... മൃഗങ്ങളും നാണിച്ചു തല താഴ്ത്തി പോകും!!!
അമ്മയില്ലാതെ വളർന്നവർ, അമ്മ മരിച്ചു പോയി ഒറ്റപ്പെട്ടവർ ഇവർക്കറിയാം രക്ത ബന്ധത്തിന്റെ വില. അച്ഛന്റെ സംരക്ഷണം കിട്ടാതെ വളർന്നവർക്കറിയാം ഒരച്ഛന്റെ മഹത്വം. ഇതെല്ലാം ആവോളം അനുഭവിച്ചു വളർന്ന ഭാഗ്യവാന്മാർആണിങ്ങനെ ചെയ്യുന്നത് എന്നതാണ് പരിതാപകരം...ചുക്കി ച്ചുളിഞ്ഞകൈകൊണ്ടു മോനെ അല്ലെങ്കിൽ മോളെ എന്നൊന്ന് വിളിച്ചു ഒന്ന് നെഞ്ചോട്‌ ചേർക്കാൻ..... ഒരു തലോടലേൽക്കാൻ കൊതിക്കുന്ന എത്ര നിർഭാഗ്യവാന്മാരായ മക്കളുണ്ട് നമുക്കിടയിൽ. എത്ര വലുതായാലും ഒരു കൊച്ചു കുട്ടിയെപോൽ ആ സ്നേഹത്തണലിൽ ഒന്ന് പൊട്ടിക്കരയാനെങ്കിലും കൊതിക്കുന്നവർ.  നിങ്ങളുടെ മാതാപിതാക്കളെ നിങ്ങൾ വലിച്ചെറിയും മുൻപ് അറിയുക അങ്ങനെയൊരു ഭാഗ്യമില്ലാതെ വേദനിക്കുന്ന ചിലരെക്കുറിച്ച്. നിങ്ങൾ ഭാഗ്യം ചെയ്തവരെന്നു മനസ്സിൽ പറയുന്ന അവരുടെ ശാപം കൂടി പേറാൻ ഇടവരാതിരിക്കട്ടെ എന്ന് ഇനിയെങ്കിലും ആശിക്കാം... പൊതു സമൂഹവും സർക്കാരും ഉണർന്നു പ്രവർത്തിക്കുമെന്നും പ്രത്യാശിക്കാം നമുക്ക്.....    .


Thursday, 3 September 2015

                         
രണ്ടു പവൻ മാലയിൽ തുങ്ങിയ അരപ്പവൻ താലിക്ക് ഭാരക്കൂടുതൽ തോന്നി തുടങ്ങിയത് എന്നാവണം? അറിയില്ല...
                        വർഷം പലതായിരിക്കുന്നു... 
                        കാലം ചെല്ലും തോറും ഇഴ അകന്നു പോകുന്നുവോ എന്ന് തോന്നിത്തുടങ്ങിയിട്ട് കുറച്ചായി..
                          ഒറ്റപ്പെടലും കുറ്റപ്പെടുത്തലും കൂടിക്കൂടി വരുന്നു.
                          സൗന്ദര്യം ഉടഞ്ഞതാണ് കാരണമെന്ന് ഭാര്യ... 
                          ജരാനര വന്നതാണ് തന്നോട് ഈർഷ്യ തോന്നുന്നതെന്നു ഭർത്താവ് ... 
                          അങ്ങനെ നീളുന്നു കുത്തുവാക്കുകളും പരാതികളും.
                          ഓഫീസിലെ രവിയുമായി അവൾ സൗഹൃദം തുടങ്ങിയത് അങ്ങനെയായിരുന്നു.                                  തന്റെ ഏകാന്തത അകറ്റാൻ...തനിക്ക് മനസ് തുറന്നു സംസാരിക്കാൻ വിശ്വസ്തനായ ഒരാൾ. ആ വിശ്വാസം രവി കാത്തു സൂക്ഷിച്ചു പോന്നു.
                         പോകെപ്പോകെ ഭർത്താവിനില്ലാത്ത പല ചീത്ത സ്വഭാവങ്ങളും അയാളിൽ കണ്ടുപിടിച്ചു അവൾ...മനം പുരട്ടുന്ന സിഗരറ്റിൻ മണം ...തലക്ക് പിടിക്കുന്ന മദ്യത്തിന്റെ രൂക്ഷ ഗന്ധം... 
                        മുൻപ് ഓഫീസിൽ ഒരു പാർട്ടിക്ക് മദ്യപിച്ചതിന് ഒരാഴ്ച ഭർത്താവിനോട് പിണങ്ങിയിരുന്നവളാണ്...പക്ഷെ... ഇന്നതൊന്നും വലിയ പ്രശ്നമായി തോന്നിയില്ലവൾക്ക് .
                         കാന്റീനിലും ഓഫീസിലുമായി ആ സൗഹൃദം പൂത്തു തളിർത്തു .

                         പിന്നീടെപ്പോഴോ ഒരു ഞെട്ടലോടെ അവളറിഞ്ഞു....സുഹൃത്തിന്റെ ചുവന്നു കലങ്ങിയ കണ്ണുകളിൽ കാമാഗ്നിയുടെ ചുട്ടെരിക്കുന്ന ചൂട് നിറയുന്നത്....
                          അധികാര ഭാവത്തോടെ സ്പർശിക്കാനാഞ്ഞ കൈകൾ തട്ടിമാറ്റി അവൾ തന്റെ സാരിഞൊറികൾക്കിടയിൽ ഒളിച്ചു വെച്ച തന്റെ താലി പരതുകയായിരുന്നു.  

                           ആശ്വാസ നിശ്വാസത്തോടെ ആത്മ വിശ്വാസത്തോടെ താലി കണ്ണിൽ ചേർത്ത് അവൾ ഭർത്താവിന്റെ നമ്പർ ഡയൽ ചെയ്തു.

                           ഏറെ നാളുകൾക്കു ശേഷം ഭാര്യയുടെ നമ്പർ ഫോണിൽ കണ്ട ഭർത്താവും പകച്ചു പോയി...തന്റെ മുന്നിലിരിക്കുന്ന വിലകൂടിയ, വീര്യംകൂടിയ മദ്യക്കുപ്പിയോ, പുകഞ്ഞെരിയാൻ കാത്തു നിൽക്കുന്ന സിഗരറ്റോ പിന്നീട് അയാളെ ആകർഷിച്ചില്ല.... 
                         ഇന്ന് തങ്ങളുടെ 15-മത് വിവാഹ വാർഷികമായിരുന്നു എന്ന തിരിച്ചറിവ് കൂടിയായപ്പോൾ ഒരു മുഴം മുല്ലപ്പൂവും അവൾക്കേറെ ഇഷ്ടമുള്ള പിങ്ക് നിറത്തിൽ ഒരു സാരിയുമായി വീട്ടിലെത്താനുള്ള ആവേശം മാത്രമായി അയാളുടെ മനസ്സു നിറയെ......    

Tuesday, 1 September 2015




കവിത തുളുമ്പും മിഴികൾ നൽകി
 കാലം കടംകഥ തീർത്തവളിൽ ..
തീരത്തലതല്ലും തിരയുടെ നൊമ്പരം
തിരിച്ചൊഴുകാനറച്ചു നിന്നൂ...
മണൽ തിട്ട ചിതറിത്തെറിച്ചതിൻ ശേഷവും
 തിരയോടുടലൊട്ടി നിന്നൂ...
സമസ്യ ചമച്ചാ കണ്ണുകൾ കവിയുടെ
 കാല്പനികതയിലലിഞ്ഞൂ......... ദൂരെ...
പകലോനും മിഴിചിമ്മാതിരുന്നൂ...
അറിഞ്ഞില്ല കണ്ണിൻ  നീരുറവ തൻ നീറ്റൽ ..
ഹൃദയ തന്ത്രികൾ തൻ നോവും...
പുറമേ ചിരിച്ചുകൊണ്ടൊഴുകിയെന്നാകിലും
 അകമേ വിങ്ങി വിതുമ്പുവതും.........
ആരിലും നോവു പടർത്തിയില്ലാ സ്വയം
 നോവേറ്റു വാങ്ങി ധരിത്രിയെപ്പോൽ ..
കൈകളിൽ താങ്ങി നടന്നവരും...
കാല്പ്പാടു താണ്ടി കടന്നവരും
തിരിഞ്ഞൊന്നു നോക്കാതകന്നു പോയി ....
കണ്ണീർ കവിളിലൂടാർത്തിരമ്പി വീണുടഞ്ഞു...
കവിതതീർത്തവരതിൽ നടനമാടി....
ഭൂമി വെന്തുരുകി.......സ്വയം എരിഞ്ഞടങ്ങി!!!!  


01.09.2015


Sunday, 9 August 2015



എന്നോ മരിച്ചുപോയ മനസിനെയും പേറി ശരീരം ജനറലാസ്പത്രിയുടെ ടിക്കറ്റ് കൗണ്ടറിനു മുന്നിൽ ക്യു നിന്നു.  
കഥയില്ല.... കവിതയില്ല......കണ്ണീരില്ല....
നിർജീവമായ മനസിനെയും പേറിയുള്ള ഈ യാത്ര ശരീരത്തെ  വല്ലാതെ തളർത്തി ക്കളഞ്ഞു.
അവസാന ശ്രമമെന്നമട്ടിൽ മരുന്ന് തേടി ക്യൂ നിന്ന ശരീരവും കുഴഞ്ഞു വീണു....
ആരൊക്കെയോ താങ്ങി ബെഡ്ഡിൽ കിടത്തുന്നു....
നാഡിമിടിപ്പിന്റെ  ഊക്കിൽ ഗ്ലുക്കോസും മരുന്നും ...
പക്ഷേ ........
പുറത്ത് പുഷ്പാലംകൃത വാഹനങ്ങളുടെ നീണ്ട നിര പ്രത്യക്ഷമായി തുടങ്ങി....
എന്നോ ഉപേക്ഷിച്ചു പോയവരുടെ നീണ്ട നിര.....
രാജകീയ യാത്രയയപ്പ്.....
ഈ ഭൂമിയിൽ .....ഈ ശരീരവും മനസും 
കെട്ടിപ്പടുത്തതിനൊക്കെ അവകാശികൾ !!!!!!!
ഒരിക്കൽ പോലും ഒരിറ്റു കരുണ കാട്ടാത്തവർ !!!!
തെക്ക് ഭാഗത്തുയർന്ന മണ്‍കൂനക്കു മുകളിൽ നിറഞ്ഞ പുഷ്പഹാരങ്ങൾ വല്ലാതെ വീർപ്പു മുട്ടിക്കുന്നു...
മരിച്ച മനസും കത്തി ചാമ്പലായ ശരീരവും ഇപ്പോഴും കാത്തിരിക്കുന്നു..
ആ പുഷ്പഹാരങ്ങൾ വലിച്ചെറിഞ്ഞ്  തന്നെ സ്നേഹിച്ച ആ മനസ്സിൽ നിന്നും ഒരിറ്റു കണ്ണീരും....
നിന്റെ മുറ്റത്ത് നീ നട്ടു നനച്ചു പോറ്റിയ റോസാചെടിയിൽ നിന്നും ഒരു കുടന്ന പൂക്കൾക്കും വേണ്ടി...
പിന്നീടേ ഈ ദേഹിക്ക് വിട വാങ്ങലുള്ളൂ.........

നിശയുടെ ഏതോ യാമങ്ങളിൽ..........
 നിദ്ര കൈമോശം വന്ന ഏകാന്തതയിൽ........
 ഉറക്കം കനം  കൂടിയ കണ്‍പോളകൾ.......... 
സങ്കല്പങ്ങളിൽ നിന്നും യാഥാർത്യത്തിലേക്കുള്ള അകലം കുറച്ചു. 
 നഷ്ട കൂമ്പാരത്തിൽ നിന്നും ലാഭത്തിന്റെ ചില നുറുങ്ങുകൾ ....
പെറുക്കിയെടുത്തപ്പോൾ
താളം......... താളപ്പിഴകളും  ശ്രുതി....... ശ്രുതി ഭംഗവുമായി. 
മധുരത്തിന് ചുറ്റും ഉറുമ്പുകൾ തിങ്ങി കൂടുന്നു
 മധുരം കിട്ടിയവരുടെ സാമീപ്യത്തിൽ....
 സംതൃപ്തിയടയുന്ന മറ്റനേകം ഉറുമ്പുകൾ.
 കത്തിക്കൊണ്ടിരിക്കുന്ന മണ്‍ചിരാതിനു ചുറ്റും
 ചിറകു കരിഞ്ഞിരിക്കുന്ന ഈയാം പാറ്റകൾ...
ശൂന്യതയിൽ നിധി കുംഭം തിരയുന്നവർ....
 അഗ്നിയിൽ ഹിമകണം തിരയുന്നു
ജീവിതത്തിന്റെ മറ്റൊരു തമാശ...  
വ്യർത്ഥമെന്നറിഞ്ഞിട്ടും .........
കാത്തിരിപ്പിന്റെ അർത്ഥ ശൂന്യത പോലെ...
വിളക്കു കാലുകൾ വെളിച്ചത്തെ കാത്തിരിക്കുന്നു
 തീരം തിരകളെ കാത്തിരിക്കുന്നു
 തെരുവു സ്ത്രീകൾ ഇരുളിനെ കാത്തിരിക്കുന്നു
 ജീവിതം മരണത്തെ കാത്തിരിക്കുന്നു.
 തിരകൾ ചുംബിച്ചുലക്കുന്ന.........
 തീരത്തെ നനഞ്ഞ മണൽപരപ്പിൽ.......
 കളിവീട് കെട്ടുന്ന കുട്ടിയുടെ ബുദ്ധി ശൂന്യത !!!!!!!!
ഇന്നലെകൾ വെറും സ്വപ്നങ്ങളാകുന്നു...
 നാളെകൾ പ്രതീക്ഷകളാകുന്നു.
ഇന്നലെ വന്നവർ കഥകളാകുന്നു ...
ഇന്ന് പരിചിതർ നാളെ അപരിചിതത്വം നടിക്കുന്നു.
നഷ്ടങ്ങളുടെ നീണ്ട പട്ടികയിൽ
 അനുഭവപ്പെടുന്നത്  നിസംഗത മാത്രം.
 നഷ്ടപെട്ടതൊന്നും സ്വന്തമായിരുന്നില്ലല്ലോ... 
അവയൊന്നും ഞാൻ സ്രിഷ്ടിച്ചതായിരുന്നില്ല...
ഇന്നെനിക്കുള്ളതെല്ലാം........
ഇന്നലെ മറ്റാരുടേതോ ആയിരുന്നു.
നാളെയത് മറ്റാരുടേതോ ആകും!!!!
ഇതാണ് പ്രപഞ്ച രഹസ്യം എന്ന് മനസിലാക്കിയാൽ
മോഹഭംഗങ്ങൾക്ക് സ്ഥാനമെവിടെ?