Tuesday, 22 September 2015



താളവും ലയവും നിലച്ചുപോയോ....... 
മനസിലെ ശാരിക മയങ്ങിപോയോ?
മധുവുണ്ണാൻ വന്നു മടിച്ചു നിൽക്കും 
ശലഭവും മിഴി ചിമ്മാതിരുന്നുപോയോ?
ഒരു ദിനം കാലടി കേൾക്കുമെന്ന് 
മനസ് മന്ത്രിച്ചതും വെറുതെയെന്നോ?
വരികയില്ലെങ്കിലെൻ കാതിലെന്തേ 
വരുമെന്നു ചൊല്ലി വിടപറഞ്ഞു?
ഒരു മാത്ര കാണാതിരുന്നു പോയാൽ 
മറക്കുമോ നമ്മുടെ സ്നേഹബന്ധം...
ഒരുമാത്ര മിണ്ടാതിരുന്നുപോയാൽ
തീരുമോ നമ്മുടെ ആത്മ ബന്ധം ?
എങ്ങിനെ നീയെന്നെ ഓർത്തുവെക്കാൻ 
ഇല്ലല്ലോ മറ്റൊരു മന്ത്രമോതിരം......... 
എന്നോർമ്മ നിന്നിൽ ഇല്ലയെങ്കിൽ 
പിന്നെന്തിനു നൽകണം ഞാൻ മന്ത്രമോതിരം?
എങ്കിലും കാലടി കേൾപ്പതിന്നായ് 
കാതോർത്തിരിക്കുന്നു ഞാനിവിടെ 
വന്നില്ലയെങ്കിലും പതിതയല്ലാ....
പ്രതീക്ഷയാണല്ലോ ജീവചക്രം 

Monday, 14 September 2015


മഞ്ഞിൻ പുതപ്പണിഞ്ഞാലസ്യവതിയായി...
മൂടി പുതച്ചുകിടക്കും പുലർകാലമേ .....
നീയെന്റെ പ്രിയ സഖിയെങ്കിലും ഞാനൊന്നു-
മറിയുന്നില്ലതാണെന്റെ ദു:ഖവും മിത്രമേ.
അറിയുന്നു ഞാൻ മനക്കണ്ണിലായ് ..........

അരുണാഭ വന്നു നിന്നെ തഴുകുന്നതും
പ്രണയത്താൽ നിൻ മുഖം ചുവന്നു തുടുപ്പതും
മന്ദ മാരുതൻ തരും ദാവണി ചുറ്റി നീ
മല്ലി പൂ ചൂടി മന്ദം നടപ്പതും
പൊരിവെയിൽ നിന്നെ വിയർപ്പിൽ കുളിപ്പിച്ചു
പതിയെ പകലോൻ തഴുകി തലോടുന്നതും ...
വിരഹാർദ്രയായ് നീ വിടപറയുന്നതും
മിഴി ചിമ്മി മൃദുചുംബനം നുകരുന്നതും
എല്ലാം മനക്കണ്ണിൽ കാണുന്നു ഞാൻ.
രാവിന്റെ ഏകാന്തയാമങ്ങളിൽ
സുഗന്ധം പൊഴിച്ചു ഞാൻ നിന്നെ വിളിപ്പതും
അറിയാതെ പതിയെ മിഴികൂമ്പി പോവതും
എനിക്കാവതില്ല നിന്നെ കാണുവാനെങ്കിലും
പുലർകാലമേ നീയെൻ പ്രിയ സഖി തന്നെ.

      

Tuesday, 8 September 2015


തോളോടു തോൾ ചേർന്ന് നടന്ന ബാല്യവും...
കൈ കോർത്തണച്ച കൗമാരവും ...
കാലം കരുതിവെച്ച ഈ യൗവനവും ...
ഭൂമി നമുക്കായി തന്ന ഈ അസുലഭ ജീവിതം...
നമ്മുടെ ജീവിതത്തിൽ....... നല്ലതൊന്നും ചെയ്തിട്ടില്ലാത്ത 
നമുക്ക് വേണ്ടപെട്ടവർ എന്ന്.......
അവർ പറയുന്ന ഇവർക്ക് വേണ്ടി..........
അവസാനിപ്പിക്കണോ പ്രിയേ?

കൈകോർത്ത് പിടിച്ച്............ ഞൊടിയിടയിൽ........
ഈ അസുലഭ സൗന്ദര്യത്തിലലിഞ്ഞാലും 
നമ്മുടെ ആത്മാക്കൾ ഒന്നിക്കുമെന്ന്.........
ഒരുറപ്പുമില്ലാത്തപ്പോൾ .........
ഒരു പുനർചിന്തനം നല്ലതാണ് പ്രിയാ.......

വന്നണഞ്ഞ വഴിയിലൂടെ........... തിരിച്ചുപോകാം നമുക്ക്... 
കൈകോർത്ത് ......ഇനിയുള്ള ജീവിതം ഒന്നിച്ചു ജീവിച്ചു തീർക്കാൻ ...


Friday, 4 September 2015


വൃദ്ധയെ ചാക്കിൽ കെട്ടി റോഡിലുപെക്ഷിച്ചു !!!എറണാകുളം ഇടപ്പള്ളിയിൽ!!!!
ചിലരെങ്കിലും വേദനിക്കുന്നില്ലേ ഈ വാർത്ത കേട്ടപ്പോൾ...
ചിലരല്ല...പലരും എങ്ങനെ കഴിയുന്നു ഇങ്ങനെ? മൃഗങ്ങൾ  പോലും കാട്ടാത്ത ക്രുരതയല്ലേ ഇത്? 10 മാസത്തെ ഭാരവും, അസ്ഥി നുറുങ്ങുന്ന പേറ്റുനോവും അറിഞ്ഞ പെണ്‍കുട്ടികൾക്ക്  ചെയ്യാൻ കഴിയുമോ? അമ്മിഞ്ഞ പാലിന്റെ മണവും മടിത്തട്ടിലെ ചൂടും അറിഞ്ഞു വളർന്ന ആണ്‍ മക്കൾക്കും കഴിയില്ല...
മനുഷ്യത്വം മരവിച്ച ഇവരെ മൃഗങ്ങളോടുപമിക്കാൻ വയ്യ... മൃഗങ്ങളും നാണിച്ചു തല താഴ്ത്തി പോകും!!!
അമ്മയില്ലാതെ വളർന്നവർ, അമ്മ മരിച്ചു പോയി ഒറ്റപ്പെട്ടവർ ഇവർക്കറിയാം രക്ത ബന്ധത്തിന്റെ വില. അച്ഛന്റെ സംരക്ഷണം കിട്ടാതെ വളർന്നവർക്കറിയാം ഒരച്ഛന്റെ മഹത്വം. ഇതെല്ലാം ആവോളം അനുഭവിച്ചു വളർന്ന ഭാഗ്യവാന്മാർആണിങ്ങനെ ചെയ്യുന്നത് എന്നതാണ് പരിതാപകരം...ചുക്കി ച്ചുളിഞ്ഞകൈകൊണ്ടു മോനെ അല്ലെങ്കിൽ മോളെ എന്നൊന്ന് വിളിച്ചു ഒന്ന് നെഞ്ചോട്‌ ചേർക്കാൻ..... ഒരു തലോടലേൽക്കാൻ കൊതിക്കുന്ന എത്ര നിർഭാഗ്യവാന്മാരായ മക്കളുണ്ട് നമുക്കിടയിൽ. എത്ര വലുതായാലും ഒരു കൊച്ചു കുട്ടിയെപോൽ ആ സ്നേഹത്തണലിൽ ഒന്ന് പൊട്ടിക്കരയാനെങ്കിലും കൊതിക്കുന്നവർ.  നിങ്ങളുടെ മാതാപിതാക്കളെ നിങ്ങൾ വലിച്ചെറിയും മുൻപ് അറിയുക അങ്ങനെയൊരു ഭാഗ്യമില്ലാതെ വേദനിക്കുന്ന ചിലരെക്കുറിച്ച്. നിങ്ങൾ ഭാഗ്യം ചെയ്തവരെന്നു മനസ്സിൽ പറയുന്ന അവരുടെ ശാപം കൂടി പേറാൻ ഇടവരാതിരിക്കട്ടെ എന്ന് ഇനിയെങ്കിലും ആശിക്കാം... പൊതു സമൂഹവും സർക്കാരും ഉണർന്നു പ്രവർത്തിക്കുമെന്നും പ്രത്യാശിക്കാം നമുക്ക്.....    .


Thursday, 3 September 2015

                         
രണ്ടു പവൻ മാലയിൽ തുങ്ങിയ അരപ്പവൻ താലിക്ക് ഭാരക്കൂടുതൽ തോന്നി തുടങ്ങിയത് എന്നാവണം? അറിയില്ല...
                        വർഷം പലതായിരിക്കുന്നു... 
                        കാലം ചെല്ലും തോറും ഇഴ അകന്നു പോകുന്നുവോ എന്ന് തോന്നിത്തുടങ്ങിയിട്ട് കുറച്ചായി..
                          ഒറ്റപ്പെടലും കുറ്റപ്പെടുത്തലും കൂടിക്കൂടി വരുന്നു.
                          സൗന്ദര്യം ഉടഞ്ഞതാണ് കാരണമെന്ന് ഭാര്യ... 
                          ജരാനര വന്നതാണ് തന്നോട് ഈർഷ്യ തോന്നുന്നതെന്നു ഭർത്താവ് ... 
                          അങ്ങനെ നീളുന്നു കുത്തുവാക്കുകളും പരാതികളും.
                          ഓഫീസിലെ രവിയുമായി അവൾ സൗഹൃദം തുടങ്ങിയത് അങ്ങനെയായിരുന്നു.                                  തന്റെ ഏകാന്തത അകറ്റാൻ...തനിക്ക് മനസ് തുറന്നു സംസാരിക്കാൻ വിശ്വസ്തനായ ഒരാൾ. ആ വിശ്വാസം രവി കാത്തു സൂക്ഷിച്ചു പോന്നു.
                         പോകെപ്പോകെ ഭർത്താവിനില്ലാത്ത പല ചീത്ത സ്വഭാവങ്ങളും അയാളിൽ കണ്ടുപിടിച്ചു അവൾ...മനം പുരട്ടുന്ന സിഗരറ്റിൻ മണം ...തലക്ക് പിടിക്കുന്ന മദ്യത്തിന്റെ രൂക്ഷ ഗന്ധം... 
                        മുൻപ് ഓഫീസിൽ ഒരു പാർട്ടിക്ക് മദ്യപിച്ചതിന് ഒരാഴ്ച ഭർത്താവിനോട് പിണങ്ങിയിരുന്നവളാണ്...പക്ഷെ... ഇന്നതൊന്നും വലിയ പ്രശ്നമായി തോന്നിയില്ലവൾക്ക് .
                         കാന്റീനിലും ഓഫീസിലുമായി ആ സൗഹൃദം പൂത്തു തളിർത്തു .

                         പിന്നീടെപ്പോഴോ ഒരു ഞെട്ടലോടെ അവളറിഞ്ഞു....സുഹൃത്തിന്റെ ചുവന്നു കലങ്ങിയ കണ്ണുകളിൽ കാമാഗ്നിയുടെ ചുട്ടെരിക്കുന്ന ചൂട് നിറയുന്നത്....
                          അധികാര ഭാവത്തോടെ സ്പർശിക്കാനാഞ്ഞ കൈകൾ തട്ടിമാറ്റി അവൾ തന്റെ സാരിഞൊറികൾക്കിടയിൽ ഒളിച്ചു വെച്ച തന്റെ താലി പരതുകയായിരുന്നു.  

                           ആശ്വാസ നിശ്വാസത്തോടെ ആത്മ വിശ്വാസത്തോടെ താലി കണ്ണിൽ ചേർത്ത് അവൾ ഭർത്താവിന്റെ നമ്പർ ഡയൽ ചെയ്തു.

                           ഏറെ നാളുകൾക്കു ശേഷം ഭാര്യയുടെ നമ്പർ ഫോണിൽ കണ്ട ഭർത്താവും പകച്ചു പോയി...തന്റെ മുന്നിലിരിക്കുന്ന വിലകൂടിയ, വീര്യംകൂടിയ മദ്യക്കുപ്പിയോ, പുകഞ്ഞെരിയാൻ കാത്തു നിൽക്കുന്ന സിഗരറ്റോ പിന്നീട് അയാളെ ആകർഷിച്ചില്ല.... 
                         ഇന്ന് തങ്ങളുടെ 15-മത് വിവാഹ വാർഷികമായിരുന്നു എന്ന തിരിച്ചറിവ് കൂടിയായപ്പോൾ ഒരു മുഴം മുല്ലപ്പൂവും അവൾക്കേറെ ഇഷ്ടമുള്ള പിങ്ക് നിറത്തിൽ ഒരു സാരിയുമായി വീട്ടിലെത്താനുള്ള ആവേശം മാത്രമായി അയാളുടെ മനസ്സു നിറയെ......    

Tuesday, 1 September 2015




കവിത തുളുമ്പും മിഴികൾ നൽകി
 കാലം കടംകഥ തീർത്തവളിൽ ..
തീരത്തലതല്ലും തിരയുടെ നൊമ്പരം
തിരിച്ചൊഴുകാനറച്ചു നിന്നൂ...
മണൽ തിട്ട ചിതറിത്തെറിച്ചതിൻ ശേഷവും
 തിരയോടുടലൊട്ടി നിന്നൂ...
സമസ്യ ചമച്ചാ കണ്ണുകൾ കവിയുടെ
 കാല്പനികതയിലലിഞ്ഞൂ......... ദൂരെ...
പകലോനും മിഴിചിമ്മാതിരുന്നൂ...
അറിഞ്ഞില്ല കണ്ണിൻ  നീരുറവ തൻ നീറ്റൽ ..
ഹൃദയ തന്ത്രികൾ തൻ നോവും...
പുറമേ ചിരിച്ചുകൊണ്ടൊഴുകിയെന്നാകിലും
 അകമേ വിങ്ങി വിതുമ്പുവതും.........
ആരിലും നോവു പടർത്തിയില്ലാ സ്വയം
 നോവേറ്റു വാങ്ങി ധരിത്രിയെപ്പോൽ ..
കൈകളിൽ താങ്ങി നടന്നവരും...
കാല്പ്പാടു താണ്ടി കടന്നവരും
തിരിഞ്ഞൊന്നു നോക്കാതകന്നു പോയി ....
കണ്ണീർ കവിളിലൂടാർത്തിരമ്പി വീണുടഞ്ഞു...
കവിതതീർത്തവരതിൽ നടനമാടി....
ഭൂമി വെന്തുരുകി.......സ്വയം എരിഞ്ഞടങ്ങി!!!!  


01.09.2015