Thursday, 3 September 2015

                         
രണ്ടു പവൻ മാലയിൽ തുങ്ങിയ അരപ്പവൻ താലിക്ക് ഭാരക്കൂടുതൽ തോന്നി തുടങ്ങിയത് എന്നാവണം? അറിയില്ല...
                        വർഷം പലതായിരിക്കുന്നു... 
                        കാലം ചെല്ലും തോറും ഇഴ അകന്നു പോകുന്നുവോ എന്ന് തോന്നിത്തുടങ്ങിയിട്ട് കുറച്ചായി..
                          ഒറ്റപ്പെടലും കുറ്റപ്പെടുത്തലും കൂടിക്കൂടി വരുന്നു.
                          സൗന്ദര്യം ഉടഞ്ഞതാണ് കാരണമെന്ന് ഭാര്യ... 
                          ജരാനര വന്നതാണ് തന്നോട് ഈർഷ്യ തോന്നുന്നതെന്നു ഭർത്താവ് ... 
                          അങ്ങനെ നീളുന്നു കുത്തുവാക്കുകളും പരാതികളും.
                          ഓഫീസിലെ രവിയുമായി അവൾ സൗഹൃദം തുടങ്ങിയത് അങ്ങനെയായിരുന്നു.                                  തന്റെ ഏകാന്തത അകറ്റാൻ...തനിക്ക് മനസ് തുറന്നു സംസാരിക്കാൻ വിശ്വസ്തനായ ഒരാൾ. ആ വിശ്വാസം രവി കാത്തു സൂക്ഷിച്ചു പോന്നു.
                         പോകെപ്പോകെ ഭർത്താവിനില്ലാത്ത പല ചീത്ത സ്വഭാവങ്ങളും അയാളിൽ കണ്ടുപിടിച്ചു അവൾ...മനം പുരട്ടുന്ന സിഗരറ്റിൻ മണം ...തലക്ക് പിടിക്കുന്ന മദ്യത്തിന്റെ രൂക്ഷ ഗന്ധം... 
                        മുൻപ് ഓഫീസിൽ ഒരു പാർട്ടിക്ക് മദ്യപിച്ചതിന് ഒരാഴ്ച ഭർത്താവിനോട് പിണങ്ങിയിരുന്നവളാണ്...പക്ഷെ... ഇന്നതൊന്നും വലിയ പ്രശ്നമായി തോന്നിയില്ലവൾക്ക് .
                         കാന്റീനിലും ഓഫീസിലുമായി ആ സൗഹൃദം പൂത്തു തളിർത്തു .

                         പിന്നീടെപ്പോഴോ ഒരു ഞെട്ടലോടെ അവളറിഞ്ഞു....സുഹൃത്തിന്റെ ചുവന്നു കലങ്ങിയ കണ്ണുകളിൽ കാമാഗ്നിയുടെ ചുട്ടെരിക്കുന്ന ചൂട് നിറയുന്നത്....
                          അധികാര ഭാവത്തോടെ സ്പർശിക്കാനാഞ്ഞ കൈകൾ തട്ടിമാറ്റി അവൾ തന്റെ സാരിഞൊറികൾക്കിടയിൽ ഒളിച്ചു വെച്ച തന്റെ താലി പരതുകയായിരുന്നു.  

                           ആശ്വാസ നിശ്വാസത്തോടെ ആത്മ വിശ്വാസത്തോടെ താലി കണ്ണിൽ ചേർത്ത് അവൾ ഭർത്താവിന്റെ നമ്പർ ഡയൽ ചെയ്തു.

                           ഏറെ നാളുകൾക്കു ശേഷം ഭാര്യയുടെ നമ്പർ ഫോണിൽ കണ്ട ഭർത്താവും പകച്ചു പോയി...തന്റെ മുന്നിലിരിക്കുന്ന വിലകൂടിയ, വീര്യംകൂടിയ മദ്യക്കുപ്പിയോ, പുകഞ്ഞെരിയാൻ കാത്തു നിൽക്കുന്ന സിഗരറ്റോ പിന്നീട് അയാളെ ആകർഷിച്ചില്ല.... 
                         ഇന്ന് തങ്ങളുടെ 15-മത് വിവാഹ വാർഷികമായിരുന്നു എന്ന തിരിച്ചറിവ് കൂടിയായപ്പോൾ ഒരു മുഴം മുല്ലപ്പൂവും അവൾക്കേറെ ഇഷ്ടമുള്ള പിങ്ക് നിറത്തിൽ ഒരു സാരിയുമായി വീട്ടിലെത്താനുള്ള ആവേശം മാത്രമായി അയാളുടെ മനസ്സു നിറയെ......    

No comments:

Post a Comment