മധുരം നുണഞ്ഞ ഉറുമ്പിനു ചുറ്റിലും
സായൂജ്യമടയുന്നു അനേകമുറുമ്പുകൾ
മണിമാളികയിലെ സപ്രമഞ്ചക്കട്ടിൽ
ചേറിൽ പുതഞ്ഞ ശരീരം വിഴുങ്ങുന്നു.
"തെരുവു വിളക്കണയുന്ന നേരമേ
അമ്മ വരികയുള്ളൂ....ഏറെ നോവും,
തെല്ലു മധുരവുമായ്
അതുവരേക്കും ഞാനൊതുക്കി നിർത്തീടട്ടെ
എന്റെ നോട്ടവും, എൻ വയറിന്നെരിച്ചിലും"
കീറിപ്പറിഞ്ഞൊരാ വസ്ത്രത്തിനുള്ളിലായ്
മുഷിഞ്ഞു നാറുന്നൊരാ നോട്ടും ചിരിക്കുന്നു
ഇത്രനാളിങ്ങനെ പൂപ്പൽ പിടിച്ചു ഞാൻ
ഇന്നതിന്നർത്ഥമുണ്ടാകുവാൻ പോകുന്നു.
നിന്നെക്കരുതി കാത്തിരിക്കുന്നൊരാ
ബാലികതൻ പശി എന്നിലൊടുങ്ങുമോ ?
നിന്റെ മാനവും ചീന്തിയെറിഞ്ഞൊരാൾ
ഒന്നുമറിയാതെ മാന്യത തേടുന്നു
ഇന്നുനിൻ കുഞ്ഞിന്റെ മാനം കാക്കുവാൻ
മാറിലെ ചൂടും, ചൂരും കൊടുക്കുന്നു നീ...
കൊത്തിയരിയണം കൈകളും.....
കൊത്തിപ്പറിക്കണം കഴുകൻ കണ്കളും...
ഒരുമാത്ര നിന്നിലേക്കൊഴുകുന്നോരാ ദൃഷ്ടി
നിന്റെയീ കുഞ്ഞിലേക്കൊന്നു പാളുകിൽ
കരുതി വെക്കണം നിൻ ചിരിക്കു പിന്നിലായ്
കരളു പിളർക്കാനായ്..... ഒരു ദ്രംഷ്ടമെങ്കിലും.

No comments:
Post a Comment