Sunday, 11 October 2015

പോക്കുവെയിലേറ്റൊന്നു ചാഞ്ഞുറങ്ങാൻ ......
കുളിർ കാറ്റിലെൻ നോവൊന്നടർത്തി മാറ്റാൻ.
തിരമാലതൻ സംഗീതമാസ്വദിക്കാൻ 
തളിർ മാമരച്ചില്ലതൻ തോളിലേറാൻ
എന്നും കൊതിക്കുന്ന പോലെ ഇന്നും 
ഈ കാതും കരളും നയനങ്ങളും ......
എന്തോ ഒരാലസ്യമെൻ മനസ്സിൽ.

എത്രയോ നാളായിരിപ്പിവിടെങ്കിലും 
പിന്നിൽ പതിഞ്ഞ കാലടിപ്പാടുകൾ 
നോവിച്ച മണൽത്തരി തൻ കിതപ്പിൽ .....
തിരിഞ്ഞു നോക്കീടുമ്പോൾ ഒന്നുമില്ല....
വെറും ശൂന്യത മാത്രം.......അരികിലെൻ 
മരണത്തിൻ കാലൊച്ച മാത്രം.

മരണമിന്നെന്നെ തഴുകിത്തലോടുമ്പോൾ 
ഇല പൊഴിച്ചീച്ചില്ല കദനം മറക്കുമോ?
ഏകാന്ത തീരം തഴുകും തിരകളും 
ആർത്തലച്ചാ ശോകമകലേക്കെടുക്കുമോ?
എന്നുമെൻ ചാരേ ചരിഞ്ഞിരുന്നൂട്ടിയ 
എന്റെ കിനാക്കളും കണ്ണീർ പൊഴിക്കുമോ?  
അതകലെയിരുന്നെനിക്കറിയാൻ കഴിയുമോ?
അറിയില്ല.........അറിയില്ല...........ഒന്നും !!!!

No comments:

Post a Comment