പതിനെട്ടാം വയസ്സിൽ അച്ഛൻ കൈപിടിച്ചു നൽകിയതാണ്. കുട്ടി പാവാടയിൽ നിന്നും ജീവിതത്തിന്റെ നേര്യതിലേക്ക് വലതു കാലും വെച്ച്.
ചെറുപ്പത്തിലേ അമ്മയും അച്ഛനും നഷ്ടപ്പെട്ടവനാണ്.
ജീവിതത്തിന്റെ കൈപ്പുനീരാണ് വിശപ്പാറ്റിയിരുന്നത്.
മുണ്ട് മുറുക്കിയുടുത്തും പൈപ്പു വെള്ളം കുടിച്ചും തള്ളിനീക്കിയ ഭൂതകാലം
അവന്റെ കണ്ണിൽ നീരും, എന്റെ കണ്ണിൽ അമ്പരപ്പും നിറച്ചു.
പിന്നീട് അവന്റെയാ കണ്ണീർക്കടലിൽ
ഒന്നിച്ചായിരുന്നു ജീവിത വഞ്ചി തുഴഞ്ഞത്.
ഒരു പ്രതിസന്ധിയിലും തളർന്നില്ല
ജീവിതം ഒരു വെല്ലുവിളിയായിരുന്നു....പലതരത്തിലും.
ആരുടെ മുൻപിലും ചൂളേണ്ടി വന്നില്ല, ആരോടും പരിഭവം പറഞ്ഞില്ല
പിന്നിട്ട പത്തൊൻപതു വർഷങ്ങൾ.
അച്ഛൻ നോക്കിയതിൽ കൂടുതൽ കാലം അവനെന്നെ നോക്കി
തിരിഞ്ഞു നോക്കുമ്പോൾ അഭിമാനം മാത്രം.
ഒന്നുമില്ലായ്മയിൽ നിന്നും പൊരുതി നേടിയതാണ് ഇന്ന് കാണുന്നതെല്ലാം.
ജീവിതത്തോട് പോരടിച്ചും പഠിച്ചും ഇന്നൊരു സർക്കാർ ജോലിയുണ്ടവന്. എന്റെ കഠിനധ്വാനം എനിക്കും നേടിത്തന്നു ജോലി. അന്ന് കല്ലെറിഞ്ഞവരൊക്കെ ഇന്ന് പരവതാനി വിരിക്കുന്നു...
കടം ഭയന്നൊളിച്ചവരൊക്കെ വാതിൽ തുറന്ന് സ്വാഗതമരുളുന്നു.
സമ്പത്തും പദവിയും മോഹിച്ചിട്ടില്ല... എല്ലാം കിട്ടിയെങ്കിലും.
ഏറ്റവും വലിയ സമ്പാദ്യം അവനും മക്കളും തന്നെയാണ്.
ഇന്ന് കുട്ടികൾ തന്നെക്കാൾ വലുതായി
അവർക്കിന്നു ഞാനമ്മയല്ല...
അവർ ഏട്ടന്മാരും ഞാൻ കുഞ്ഞനിയത്തിയും
അവരെന്നെ ശാസിക്കുന്നു...അവരെന്നെ വീഴ്ചയിൽ താങ്ങുന്നു.
എല്ലാമറിയാമെനിക്ക്.....
എന്നാലും..... എന്റെ എഴുത്തിനെ പ്രണയിക്കാൻ
ഏകാന്തതയെ പുൽകാൻ കാരണമേതുമില്ലാതെ
പിണങ്ങിയിരിക്കും ഞാൻ.
എഴുത്തിനൊടുവിൽ....പതം പറച്ചിലിനൊടുവിൽ
പിണക്കം തീർക്കാൻ ഓടിയെത്തുന്നതും അവൻ തന്നെ....
പിണങ്ങാനൊരു കാരണം ....എനിക്ക് ഇണങ്ങാനത് കാരണം.
(ഇത് ഞാനിവിടെ കുറിക്കാൻ ഒരു കാരണമുണ്ട്. എന്റെ ഇൻബോക്സിൽ ഒരു സുഹൃത്ത് ഇങ്ങനെ എഴുതി. "എന്തൊക്കെയോ ആകണമെന്ന് കൊതിച്ച് ഒന്നുമായില്ല അല്ലെ" എന്ന്. ഇൻബോക്സിൽ ആരോടും സംസാരിക്കാത്ത ഞാൻ മറുപടിയൊന്നും കൊടുത്തില്ല. സമാന ചോദ്യകർത്താക്കൾക്ക് എല്ലാവർക്കുമുള്ള മറുപടിയാണിത്)

No comments:
Post a Comment