Thursday, 24 December 2015


പൂമരക്കൊമ്പിലിരുന്നതിന്റെ  
ശാഖികൾ തോറും പാറിപ്പറന്നു 
മോഹച്ചിറക് പറത്തിയങ്ങാകാശ 
നീലിമയിൽ നീന്തിത്തുടിച്ചു. 
പിച്ച നടക്കും മുൻപുതന്നെ 
ഒരു ചിറകാരോ അരിഞ്ഞിരുന്നു...!! 
താഴെയിരിക്കുമീ ചില്ലയിലേ  
കൂടൊരുക്കാനെനിക്കാവതുള്ളൂ ..!!
മറ്റുള്ള ചിന്തകളൊക്കെയെൻ മോഹം 
എന്നാലസാധ്യമായ് തീരുന്ന കാര്യം. 
എങ്കിലും മോഹപ്പുടവചാർത്തി 
നീയെന്നിൽ സ്നേഹം നിറച്ചു തന്നു 
ചില്ലയിലാമോഹ കൂടുകെട്ടി 
എന്റെ സ്വപ്നങ്ങൾ വിരിയിച്ചെടുത്തു 
ഭൂമിയിൽ ഞാനും പടുത്തുയർത്തി 
ഒരു സ്വർഗീയ ലോകം നിനക്കുചുറ്റും. 
ഇന്നീ മരത്തിൻ കടയ്ക്കലായീ  
ആഞ്ഞു വെട്ടുന്ന കരങ്ങൾ കാണ്കെ 
നിൻ കൈകൾ കണ്ണിൽ പ്പെടാതിരിക്കാൻ 
കണ്ണുനീരാലെ  മറവു തീർത്തു... 
പറക്കാൻ കൊതിച്ചു വിരിഞ്ഞൊരീ മോഹങ്ങൾ 
വേദനയാൽ ഭൂവിൽ വേർപെടുമ്പോൾ 
ഞാനീ മറക്കൊമ്പിൻ ഭാരമൂന്നി 
ജീവൻ പിടഞ്ഞു കരഞ്ഞിടുമ്പോൾ 
എൻ കണ്ണിൽ നീയൊന്നു നോക്കിടല്ലേ...! 
എൻ ചുണ്ടിൽ നീരല്പം ചേർത്തിടല്ലേ ...!!
നിനക്കായ് വിരിഞ്ഞ കവിതയില്ലാ കണ്ണിൽ 
പുഞ്ചിരി തൂകും പ്രണയമില്ലാ ചുണ്ടിൽ 
നോക്കി നിൻ മിഴിമെല്ലെ തൂവിയെന്നാൽ 
അതു താങ്ങാനെനിക്കു കഴിവതില്ല. 
ഇനി നിന്നെ പുണരും പുലരികളും 
മന്ദം തലോടുന്ന മാരുതനും 
മണിവീണ മീട്ടും കോകിലവും....  നിന്നിൽ 
പുതിയൊരു ലോകം തീർത്തിടട്ടെ 
അതുകണ്ടു തൃപ്തയായാകാശ വീഥിയിൽ 
നക്ഷത്ര കണ്ണു ചിമ്മട്ടെ ഞാനും....!!!  

No comments:

Post a Comment