റോണിയെ ഓർക്കുന്നോ? എന്റെ വളർത്തു നായ....
ഒരു സംഭവം എഴുതാം...
കൊയ്ത്തു കഴിഞ്ഞ സമയം... എല്ലാവർക്കും അത്താഴമൊക്കെ കൊടുത്ത് രാത്രിയിലാണ് അമ്മ നെല്ല് പുഴുങ്ങുക. ചിലവിനും, വിഷുവിനും, വർഷകാലത്തേക്കും ഒക്കെയുള്ള നെല്ല് ഇങ്ങനെ പലപ്പോഴായി പുഴുങ്ങി ഉണക്കി പത്തായത്തിൽ നിറച്ചിടും. അന്ന് മുറ്റം നിറയെ പകുതി ഉണങ്ങിയ കാപ്പിയുണ്ട് മുറ്റത്ത്. വെയിൽ പോയാൽ കാപ്പി അടിച്ചുകൂട്ടി പനമ്പും പായയും കൊണ്ട് മൂടിയിടും. അങ്ങനെ കുറെ കൂനയുണ്ടാവും മുറ്റത്ത്.
നെല്ല് പുഴുങ്ങി ഇതുപോലെ പനമ്പ് വിരിച്ച് അതിൽ കോരിയിടും.
മുറ്റത്തിനരികിൽ കിണറിനോട് ചേർന്നുള്ള തെങ്ങിന്റെ ചോട്ടിൽ കുറച്ചു നാളായി ഒരു പെരുച്ചാഴി വലിയ ശല്യമായി തുടങ്ങിയിട്ട്... റോണി ഏതാണ്ട് ഒരുമീറ്ററോളം കുഴിച്ചു മടുത്തു....ഇനി കുഴിപോയാൽ മണ്ണ് കിണറ്റിൽ വീഴും എന്ന സ്ഥിതിയിലാണ്.
റോണിയുടെ പന്തിയില്ലാത്ത കരച്ചിൽ കേട്ടാണ് ഉറങ്ങാൻ കിടന്ന ഞാൻ എഴുന്നേറ്റു വന്നത്. നോക്കിയപ്പോൾ മുറ്റത്ത് അമ്മയേം കാണാനില്ല....
വലിയ ഒരു കാപ്പിക്കൂനയുടെ മറവിൽ എന്തോ ഒരാളനക്കം. പേടിച്ചാണെങ്കിലും ഞാൻ പതുങ്ങി ചെന്നു... അമ്മ റോണിയെ എന്തോ വെള്ളം കുടിപ്പിക്കുന്നു. റോണിയാണെങ്കിൽ ഛർദ്ദിച്ച് അവശയായി കിടക്കുന്നു....
ഞാൻ നോക്കുമ്പോൾ അമ്മ കരയുന്നുമുണ്ട്. എനിക്ക് പേടിയായി.... അമ്മ കരഞ്ഞുകൊണ്ട് കാര്യം പറഞ്ഞു.
പെരുച്ചാഴിയെ പിടിക്കാൻ ഉണക്ക മീനിൽ എലിവിഷം പുരട്ടി ഒരു ഓടയിൽ കൊരുത്ത് മാളത്തിൽ വെച്ചതാണ്... കഷ്ടകാലത്തിന് റോണി ഓടകഷ്ണം കടിച്ചെടുത്ത് മീൻ തിന്നു. ഓടകഷ്ണം താഴെ കിടക്കുന്നുണ്ട്. അമ്മ പ്രഥമ ശുശ്രൂഷ നൽകിയതാണ്. ആരും അറിയാതിരിക്കാനാണ് കാപ്പി കൂനക്ക് മറവിൽ ഒളിച്ചു ചെയ്യുന്നത്. കുറെ ഉപ്പുവെള്ളം കലക്കി വായിൽ ഒഴിച്ചു കുടിപ്പിച്ചു...അങ്ങനെ കുറെ ഛർദ്ദിച്ചു. ഒരു പാത്രത്തിൽ പച്ചമഞ്ഞൾ നീരെടുത്ത് പാലിൽ കലക്കി വെച്ചിരിക്കുന്നു, കുടിപ്പിക്കാൻ. ഇങ്ങനെ ക്ഷീണിച്ച് കിടക്കുന്ന റോണിയെ തൊട്ടും തലോടിയും ഞാനും കരയാൻ തുടങ്ങി.
കുറെ ഛർദ്ദിച്ചതല്ലേ... മഞ്ഞൾ വെള്ളവും കുടിച്ചിട്ടുണ്ട്. ഒന്നും വരില്ല സമാധാനിക്ക്. പറശിനി കടവ് മുത്തപ്പന് ഒരു തിരുവപ്പന കഴിപ്പിക്കണം....ഒന്നും പറ്റില്ല...അമ്മ എന്നെ ആശ്വസിപ്പിച്ചു കൊണ്ടിരുന്നു.
പഴയ ഒരു സാരി തുന്നി അതിൽ കുറെ പഴയ തുണിക്കഷ്ണങ്ങളും മറ്റും നിറച്ചു കിടക്കയാക്കി പത്തായ പുരയോടു ചേർന്നാണ് റോണിയുടെ കിടപ്പ്.അവളെ അവിടെ എടുത്തു കൊണ്ടുപോയി കിടത്തി. രാത്രി ഏറെ വൈകി....
വലിയ കുഴപ്പമൊന്നുമില്ലെന്നു തോന്നിയപ്പോൾ ഞങ്ങൾ പോയി കിടന്നു.
പിറ്റേന്ന് പതിവിലും നേരത്തെ ഉണർന്ന ഞാൻ കണ്ടത് നല്ല ഉന്മേഷത്തോടെ ഓടിനടക്കുന്ന റോണിയേയാണ്. പേടിച്ചു അച്ഛനോട്പറയാതിരുന്ന അമ്മ നടന്ന കാര്യം പറഞ്ഞ് മരുന്ന് ഫലിച്ച കാര്യം പറഞ്ഞ് ആശ്വസിക്കുന്നു.
ഉച്ചയായപ്പോൾ അച്ഛനുണ്ട് ഒരു കുട്ടയിൽ എന്തോ എടുത്തു വരുന്നു... നോക്കിയപ്പോൾ വില്ലൻ പെരുച്ചാഴി...ചത്തു മലച്ചിരിക്കുന്നു... അതിനെകണ്ടതും റോണി കുരയോ കുര.
സംഭവം... മീൻ എലി തിന്നു. ഓട കടിച്ചു റോണിയും പോന്നു. അച്ഛനും എനിക്കും ഏട്ടൻമാർക്കും ചിരിയടക്കാൻ വയ്യ.....അമ്മ ചിരിക്കണോ കരയണോ എന്നറിയാതെ ചമ്മി നിൽക്കുന്നു. എന്തായാലും തിരുവപ്പന കഴിപ്പിക്കണം. രണ്ടായാലും ദൈവം കാത്തു... ആത്മഗതത്തോടെ അമ്മ തിരിഞ്ഞു നടന്നു.
(ഈ ഫോട്ടോയിലുള്ളത് എന്റെ ഇപോഴത്തെ വീട്ടു കാവൽക്കാരൻ)

No comments:
Post a Comment