Sunday, 15 November 2015

ഇനിയൊരു ജന്മം കൂടെയുണ്ടെങ്കിൽ നിൻ
കൂടെപ്പിറക്കുവാനിഷ്ടം
നിന്റെ കൈ വിരൽ തുമ്പിൽ പിടിച്ചുകൊ-
ണ്ടാൽത്തറ ചുറ്റുവാനിഷ്ടം
ഒരുപാട് കഥകളും വളപ്പൊട്ടിൻ ചെല്ലവും
 വള്ളി പടർപ്പിലെ ശംഖു പുഷ്പങ്ങളും
ഓണനാളിൽ അന്നു നീ നിറച്ചേകിയ
പൂക്കുടയും പിന്നെയൂഞ്ഞാലിനാട്ടവും
ആദ്യമായ് നീയണിയിച്ച കൊച്ചു പാവാടയും
ദാവണി തുമ്പും...പിന്നെ
അച്ഛനെ പോലെന്റെ കൈപിടിച്ചേൽപ്പിച്ച
ധന്യ മുഹൂർത്തവും കണ്ണിലെ നീരും
അന്നത്തെ നൊമ്പര തേങ്ങലും വിങ്ങലും
 അമ്മാവനെന്നുള്ള നിന്റെ സംതൃപ്തിയും
പിന്നെയും നീയായിതെന്റെ മകൾക്കൊരു
അച്ഛനെപോലെ കൈപിടിച്ചേൽപ്പിച്ചതും
ഈ സായന്തനത്തിന്റെ ച്ചുടുനീറ്റലിങ്ങനെ
ഇന്നെന്നെ പുണരുമ്പോളറിയാതെ തേങ്ങുന്നു
നിറയുന്നു കണ്‍കളും
കെട്ടിപ്പിടിച്ചന്നു ഞാൻ കരഞ്ഞാർത്തപോൽ 
കരയാനടുത്തു നീയില്ലെന്ന സത്യവും 
സങ്കടതോടെ ഞാനോർക്കുമ്പോഴും സദാ
ആശിച്ചു പോകുന്നിനിയൊരു ജന്മം
നിൻ കൂടെ പിറക്കുവാനേറെയിഷ്ടം.    



No comments:

Post a Comment