Sunday, 22 November 2015

               അമ്മ, ഭാര്യ, നാല് മക്കൾ...
               പിന്നെയുമുണ്ട് അംഗ സംഖ്യ..പട്ടി, പൂച്ചകൾ, പശു, ആട്  തുടങ്ങിയവ...
                ഇനിയുമുണ്ട്....
                സുഖാന്വേഷണത്തോടെ എന്നും നാട്ടുമാവിൽ ചുറ്റി പിണഞ്ഞു കയറിയ നാടൻ വെറ്റില നുള്ളാൻ വരുന്ന കുഞ്ഞേച്ചിക്ക് .....'മോര് കടഞ്ഞെങ്കിൽ കുറച്ചിങ്ങു താ അവിടെ ചോറ് വിളമ്പി' എന്ന് പറഞ്ഞു തിടുക്കം കൂട്ടുന്ന വല്ല്യേച്ചിക്ക് ....തന്നെ പോലെ തന്നെ ചേറിൽ പണിത് സന്ധ്യക്ക്‌ കുളിയും കഴിഞ്ഞു റേഡിയോയിൽ വാർത്ത കേൾക്കാനായി ഉമ്മറത്തെത്തുന്ന ഏട്ടന്....
എല്ലാവർക്കും തൃപ്തി യോടെ അന്നം വിളമ്പാൻ ചോര നീരാക്കുന്നുണ്ടായിരുന്നു യാതൊരു പരാതിയുമില്ലാതെ അച്ഛൻ.
               സ്വത്ത് വീതം വെച്ചപ്പോൾ തറവാട് ഇളയവനായ അച്ഛനു കിട്ടി..സ്ഥലങ്ങളെല്ലാം തുല്യമായി വീതിച്ചു. വീതം വാങ്ങി പോയവരും ഭക്ഷണ സമയത്ത് പലപ്പോഴും തറവാട്ടിൽ തന്നെയായിരുന്നു.
              മുത്തശ്ശിക്ക് സന്തോഷത്തിന്റെ നാളുകൾ തന്നെയായിരുന്നു. മക്കളെല്ലാം അടുത്ത്. ഓണവും വിഷുവും, തിരുവാതിരയുമെല്ലാം തറവാട്ടിൽ എല്ലാവരുമൊത്തുകൂടുമ്പോൾ ഒന്നിനും ഒരു കുറവും വരുത്തിയില്ല അച്ഛൻ. മിച്ചമൊന്നുമുണ്ടായില്ലെങ്കിലും.
                 പഠിത്തം ഉണ്ടായിട്ടും ജോലികിട്ടാതെ അച്ഛനെ സഹായിക്കേണ്ടിവന്ന ഏട്ടൻ. പഠിക്കുന്ന അനിയൻ. വിവാഹ പ്രായമെത്തിയ ചേച്ചി..പിന്നെ കോളേജിൽ പോകുന്ന താനും.
                 ചേച്ചിയുടെ വിവാഹത്തോടെയാണ് അസ്വസ്ഥതകൾ പുറത്തു വന്നത്. ആരും സഹായിച്ചില്ലെന്നു മാത്രമല്ല....മുത്തശിയുടെ കാശി മാലയും ഏലസ്സും ഏട്ടന്റെ മകളുടെ വിവാഹത്തിനു പുതുക്കി പണിതു...പിന്നെയുള്ള മൂന്നു വളകൾ ഓരോ നിവൃത്തികേടു പറഞ്ഞു രണ്ടു പെങ്ങൻമാരും കൈക്കലാക്കി. ഇപ്പൊ കഴുത്തിൽ ഒരു നൂൽ തൂക്കം പൊന്നുണ്ട്.
                മുത്തശ്ശിക്കും പിന്നീടത്‌ സങ്കടമായിരുന്നു.  വീടും പറമ്പും ഈടുവെച്ചു  ചേച്ചിയുടെ വിവാഹവും ഏട്ടനൊരു ബിസിനസ്സിനുള്ള വകയുമായി. ഇനിയൊന്നും കിട്ടാനില്ലെന്നു കണ്ടതോടെ കൂടപ്പിറപ്പുകൾ പതുക്കെ പിൻവാങ്ങി തുടങ്ങി.
                മുത്തശ്ശിയുടെ മരണം...പലിശ കേറി വരുന്ന കടത്തിന്റെ ചിന്തകൾ...വിശ്രമമില്ലാത്ത അധ്വാനം.. അച്ഛനെ ഒരു നിത്യ രോഗിയാക്കുമെന്നു ഭയന്നാണ് അമ്മ വാശി പിടിച്ചത്.
                 'വീടും പറമ്പും വച്ചു ബാക്കി വിറ്റ് കടം തീർക്കാം.  സീമയുടെ വിവാഹവും.  പിന്നെ അജയൻ....അവനൊരാണല്ലെ...മതി ഈ അലച്ചിൽ'.
                   ഒരു പരാതിയുമില്ലാതെ എന്നും താങ്ങും തണലുമായിരുന്നവൾ...പാതി രാവിലെപ്പോഴോ പണിയൊതുക്കി തന്റെ പുതപ്പിനോരം ചേർന്ന് കിടന്ന്  ഏഴര പുലർച്ചെ എഴുന്നേറ്റ് വീണ്ടും പഴയ തിരക്കിലേക്ക്. അവൾക്കു വരുന്ന അസുഖങ്ങൾ പോലും  അവളോ താനോ ശ്രദ്ധിക്കാറില്ല.  അതിനു നേരമില്ല എന്നതാണ് സത്യം.
                  അജയന്റെ പഠനത്തിനുള്ള പൈസ മിച്ചം വന്നിരുന്നു...ദൈവാനുഗ്രഹമെന്നോണം അകലെയെങ്കിലും നല്ലൊരു ജോലിയുമായി. ബിസിനസ് തിരക്കിൽ മൂത്ത മകനും ടൗണിലേക്ക് താമസം മാറ്റി. ചേച്ചി ആദ്യമേ അധികം വീട്ടിൽ വരാറില്ല. ലീവ് ദിവസങ്ങളിൽ വല്ലപ്പോഴും വന്നു പോകുന്ന താനാണ് അവർക്ക് ആകെയൊരാശ്വാസം. ഇരുട്ടും മുൻപ് വീടെത്തണമെന്നാണ് ഭർത്താവിന്റെ താക്കീത് .
                      അമ്മയുടെ രോഗം ആദ്യമൊന്നും ആരേയും അറിയിച്ചില്ല. ചികിത്സിച്ചു ഭേദമാക്കാൻ പറ്റാത്ത വിധമായപ്പോഴാണ് എല്ലാവരുമറിയുന്നത്‌. അറിഞ്ഞിട്ടെന്തു കാര്യം? നോക്കാൻ ആർക്കാണ് നേരം?
                   താൻ വരുമ്പോഴൊക്കെ ഉള്ളിൽ കരഞ്ഞുകൊണ്ട്‌..... ഓരോ കഥകൾ പറഞ്ഞു പൊട്ടിച്ചിരിച്ചു  അമ്മക്ക് പൊടിയരികഞ്ഞിയും മുത്താറി കുറുക്കും കോരി കൊടുക്കുന്ന അച്ഛനെയാണ് കാണാറ്.  വെളുപ്പിനെഴുന്നേറ്റു അമ്മയുടെ തുണിയലക്കിയും, പാത്രം കഴുകിയും, ഭക്ഷണം വച്ചും ഒരു പരാതിയുമില്ലാതെ... തന്നെ കണ്ടാൽ മാത്രം ഒന്ന് പുറത്തിറങ്ങും. മുടി വെട്ടാനും മറ്റുമായി. പിന്നെ ഏതു നേരവും അമ്മയുടെ പരിചരണത്തിലാണ്.
                    അച്ഛനെന്നും ഒരു പ്രാർത്ഥനയെ ഉണ്ടായിരുന്നുള്ളൂ....രോഗിയെങ്കിലും താൻ മരിക്കും വരെ ഇങ്ങനെ അവളെ കട്ടിലിൽ കണ്ടോണ്ടിരിക്കണമെന്ന്.  പക്ഷെ..... അത് ദൈവം കേട്ടില്ല.
ഇന്നച്ഛൻ ഊഴം കാത്ത് ഓരോ മക്കളുടെ വീട്ടിലാണ്. ദിവസം തികയും മുൻപേ ചോദ്യം വരും. നാളെ അച്ഛൻ അവിടെ ആണല്ലോ എന്ന്....
                  വിഷമം പുറത്തു കാട്ടാതെ പുഞ്ചിരിക്കും. 'ഉം...നാളെ പോകണം'
ഈ അലച്ചിൽ വയ്യ...ശ്വാസം മുട്ടും ഉറക്കമില്ലായ്മയും അവർക്കൊക്കെ ആലോസരമാണ്.  ഇനി പോകേണ്ടത് അവളുടെ അടുത്തേക്കായിരുന്നു ....പക്ഷേ ....
                    നാളെ കൊണ്ടുപോകാനുള്ള ബാഗിൽ പതിവുപോലെ അവളുടെ ഫോട്ടോ മാത്രം എടുത്തുവെച്ചു.


 
 
  

No comments:

Post a Comment